image

11 March 2024 9:19 AM GMT

Stock Market Updates

വിപണിയിലേക്കില്ലെന്ന് ടാറ്റ സൺസ്; ഓഹരികൾ കൂപ്പുകുത്തി

MyFin Desk

വിപണിയിലേക്കില്ലെന്ന് ടാറ്റ സൺസ്;  ഓഹരികൾ കൂപ്പുകുത്തി
X

Summary

  • ടാറ്റ സൺസ് ബാലൻസ് ഷീറ്റ് പുനഃക്രമീകരിക്കുന്നതിനുള്ള നടപടിക്ക് ഒരുങ്ങന്നു
  • ലിസ്റ്റിംഗ് നിയമത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ടാറ്റയുടെ അഭ്യർത്ഥന ആർബിഐ തള്ളി
  • ടാറ്റ ഗ്രൂപ്പ് ഓഹരികൾ കഴിഞ്ഞയാഴ്ച വിപണി മൂല്യത്തിൽ 85,000 കോടി രൂപയോളമാണ് കൂട്ടിച്ചേർത്തത്


കഴിഞ്ഞ നാല് വ്യാപാര ദിവസങ്ങളിൽ ടാറ്റ ഓഹരികൾ കുതിപ്പിലായിരുന്നു. ടാറ്റ സൺസ് വിപണിയിലെത്തിയേക്കാമെന്ന അഭ്യുഹങ്ങളായിരുന്നു കുതിപ്പിനുള്ള പ്രധാന കാരണം. മിക്ക ടാറ്റ ഓഹരികളും 20 ശതമാനത്തിലധികമാണ് ഈ ദിവസങ്ങളിൽ ഉയർന്നത്. ഇതിൽ ടാറ്റ കെമിക്കൽസ് 36 ശതമാനത്തോളവും ഉയർന്നിരുന്നു. റീട്ടെയിൽ നിക്ഷേപകരുടെ നേതൃത്വത്തിൽ ടാറ്റ ഗ്രൂപ്പ് ഓഹരികൾ കഴിഞ്ഞയാഴ്ച വിപണി മൂല്യത്തിൽ 85,000 കോടി രൂപയോളമാണ് കൂട്ടിച്ചേർത്തത്.

എന്നാൽ ഇന്നത്തെ വ്യാപാരത്തിൽ ആദ്യം മുതൽ ടാറ്റ ഓഹരികൾ ഇടിവിലേക്ക് നീങ്ങി. വിപണിയിൽ എത്താനുള്ള എല്ലാ വഴികളും അടക്കാനാണ് ടാറ്റ സൺസിന്റെ തീരുമാനം. ആർബിഐ-യുടെ നിയമം അനുസരിച്ച് ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനങ്ങൾ (എൻബിഎഫ്സി) രജിസ്റ്റർ ചെയ്തു മൂന്നു വർഷത്തിനുള്ളിൽ ലിസ്റ്റ് ചെയ്യണമെന്നാണ്. നിലവിൽ ടാറ്റ സൺസ് കോർ ഇൻവെസ്റ്റ്‌മെൻ്റ് കമ്പനിയും (സിഐസി) അപ്പർ-ലെയർ എൻബിഎഫ്‌സിയുമാണ്.

ടാറ്റ സൺസ് ബാലൻസ് ഷീറ്റ് പുനഃക്രമീകരിക്കുന്നതിനുള്ള നടപടിക്ക് ഒരുങ്ങന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കടം തിരിച്ചടച്ചുകൊണ്ട് പുനഃസംഘടിപ്പിക്കുകയോ ടാറ്റ ക്യാപിറ്റലിലെ ഹോൾഡിംഗ് മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുകയോ ചെയ്താൽ ടാറ്റ സൺസ് ഒരു പ്രധാന നിക്ഷേപ കമ്പനിയായും (സിഐസി) ഉയർന്ന തലത്തിലുള്ള എൻബിഎഫ്‌സിയായുമുള്ള രജിസ്‌ട്രേഷൻ റദ്ദാക്കപ്പെടും. ഇതോടെ ടാറ്റ സൺസിന് ലിസ്റ്റ് ചെയ്യപ്പെടുന്നത് ഒഴിവാക്കാനാകും.

2023 സെപ്റ്റംബറിലാണ് ടാറ്റ സൺസിനായി ആർബിഐ ഇത് സംബന്ധിച്ചുള്ള നോട്ടീസ് നൽകിയത്. അതായത് 2025 സെപ്റ്റംബറിൽ ടാറ്റ സൺസ് ലിസ്റ്റ് ചെയ്യണം. എന്നാൽ ലിസ്റ്റിംഗ് നിയമത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ടാറ്റയുടെ അഭ്യർത്ഥന ആർബിഐ ഇതിനകം നിരസിച്ചിട്ടുണ്ട്.

ടാറ്റ സൺസ് വിപണിയിലെത്തിയാൽ മികച്ച നേട്ടം ലഭിക്കുന്നത് ടാറ്റ കെമിക്കൽസ് ഓഹരികൾക്കായിരിക്കും എന്ന വിലയിരുത്തലിൽ കഴിഞ്ഞ ആഴ്‌ച ഓഹരികൾ 36 ശതമാനം ഉയർന്നിരുന്നു. ഐപിഒ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ വന്നതോടെ ആദ്യവ്യാപാരത്തിൽ ഓഹരികൾ 10 ശതമാനത്തിലധികം ഇടിഞ്ഞു. മാത്രമല്ല ഇന്ന് എഫ് ആൻഡ് ഒ നിരോധന പട്ടികയിലും ഓഹരികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ടാറ്റ കെമിക്കൽസിൻ്റെ ടാറ്റ സൺസിലെ മൂന്നു ശതമാനത്തോളം വരുന്ന ഓഹരി പങ്കാളിത്തം ഏകദേശം 19,850 കോടി രൂപ അല്ലെങ്കിൽ കമ്പനിയുടെ വിപണി മൂല്യത്തിൻ്റെ 80 ശതമാനത്തോളമാണ്.

ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ ഓഹരികൾ അഞ്ചു ശതമാനം ലോവർ സർക്യൂട്ടിലേക്കും ടാറ്റ ടെക്‌നോളജീസ്, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് ഓഹരികൾ 3 ശതമാനം വീതവും ഇടിഞ്ഞു. ടാറ്റ ടെലിസർവീസസ് രണ്ട് ശതമാനം ഇടിവ് നേരിട്ടു. ടാറ്റ സ്റ്റീൽ, ടാറ്റ പവർ കമ്പനി ഓഹരികൾ ഒരു ശതമാനത്തിലധികം താഴ്ന്നു. ഇന്ത്യൻ ഹോട്ടൽ കമ്പനിയുടെ ഓഹരികൾ ഏകദേശം ഒരു ശതമാനത്തോളം ഇടിഞ്ഞപ്പോൾ ടാറ്റ മോട്ടോഴ്‌സ് ഓഹരികളും അര ശതമാനം നഷ്ടം നൽകി.

ടാറ്റ സൺസ് വിപണിയിലെത്തിയാൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) 21,000 കോടി രൂപയുടെ ഐപിഒയെ മറികടക്കുന്ന എക്കാലത്തെയും വലിയ ഇഷ്യൂവായിരിക്കും ഇത്. ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ നിലവിലെ വിപണി മൂല്യം കണക്കിലെടുത്ത് ഒരു പ്രാഥമിക പൊതു ഓഫറിൽ (ഐപിഒ) ടാറ്റ സൺസിന് 7-8 ലക്ഷം കോടി രൂപയുടെ മൂല്യം നേടാനാകുമെന്നും റിപ്പോർട്ടുകളുണ്ട്.