image

7 March 2024 9:59 AM GMT

Stock Market Updates

ഫിച്ച് റേറ്റിംഗിൽ സർവകാല ഉയരം തൊട്ട് ടാറ്റ കെമിക്കൽസ്

MyFin Desk

tata chemicals followed the boom
X

Summary

  • ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയായ 1349 രൂപയിലെത്തി
  • കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ഓഹരികൾ ഉയർന്നത് 33%
  • ഒറ്റ ദിവസത്തിൽ തറ്റ് കെമിക്കൽസ് കുതിച്ചത് 14%


കുതിപ്പ് തുടരുകയാണ് ടാറ്റ കെമിക്കൽസ് ഓഹരികൾ. ഇന്നത്തെ തുടക്ക വ്യാപാരം മുതൽ നേട്ടം തുടരുന്ന ഓഹരികൾ 14 ശതമാനത്തോളം ഉയർന്ന് 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 1349 രൂപയിലെത്തി.

മാർച്ച് ഒന്നിന് ഫിച്ച് റേറ്റിംഗ്സ് കമ്പനിയുടെ ദീർഘകാല ഫോറിൻ കറൻസി ഇഷ്യൂവർ ഡിഫോൾട്ട് റേറ്റിംഗ് (ഐഡിആർ) BB+ ആയി ഉയർത്തിയിരുന്നു. റേറ്റിംഗ് ഏജൻസി കമ്പനിയുടെ ബോണ്ടുകളിലെ കാഴ്ച്ചപ്പാട് "പോസിറ്റീവ്" എന്നതിൽ നിന്ന് "സ്റ്റേബിൾ" ആയി പരിഷ്കരിച്ചിരുന്നു. ഇതിനു ശേഷം ഓഹരികളിൽ കുതിപ്പ് തുടങ്ങിയിരുന്നു.

കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി ഓഹരികൾ ഉയർന്നത് 33 ശതമാനമാണ്. കഴിഞ്ഞ ഒരു വർഷത്തിൽ ഓഹരികൾ 25 ശതമാനം നേട്ടമുണ്ടാക്കി.

2022 ഒക്ടോബർ പതിനൊന്നിലെ സർവകാല ഉയരമായിരുന്ന 1214.90 രൂപയെയാണ് നിലവിൽ ഓഹരികൾ മറികടന്നിരിക്കുന്നത്. ഓഹരികൾ ഇന്ന് വ്യാപാരം ആരഭിച്ചത് 1187.05 രൂപയിലായിരുന്നു. പിന്നീട് കുതിച്ചുയർന്ന ഓഹരികൾ സർവകാല ഉയരമായ 1349 രൂപ വരെയെത്തി.

ലോകത്തിലെ മൂന്നാമത്തെ വലിയ സോഡാ ആഷ് ഉത്പാദകരാണ് ടാറ്റ കെമിക്കൽസ്. 2023 ഡിസംബറിൽ അവസാനിച്ച പാദത്തിൽ ടാറ്റ കെമിക്കൽസിൻ്റെ അറ്റാദായം 60 ശതമാനം ഇടിഞ്ഞ് 158 കോടി രൂപയിലെത്തി. കമ്പനിയുടെ വരുമാനം 10 ശതമാനത്തിലധികം ഇടിഞ്ഞ് 3,730 കോടി രൂപയായി.

കമ്പനിയുടെ പ്രവർത്തന ലാഭം നോക്കുകയാണെങ്കിൽ മുൻ വർഷങ്ങളേക്കാൾ കൂടി വരുന്നതായി കാണാം. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ കമ്പനിയുടെ പ്രവർത്തന ലാഭം 3,357 കോടി രൂപയാണ്. കമ്പനിയുടെ കടങ്ങൾ ആനുപാതികമായി കുറഞ്ഞ് വരുന്നതായും കാണാം. നിലവിൽ കമ്പനിക്ക് 6,048 കോടി രൂപയുടെ കാടമാണുള്ളത്.

ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ കമ്പനിയിലെ ഓഹരി പങ്കാളിത്തം ഉയർത്തുന്നതായി കാണാം. 2022 ലുണ്ടായിരുന്ന 19 ശതമാനം പങ്കാളിത്തം 2023 ഡിസംബർ അവസാനിച്ചപ്പോൾ 20.48 ശതമാനമായി ഉയർന്നു.

നിലവിൽ ഓഹരികൾ എൻഎസ്ഇ യിൽ 11.39 ശതമാനം ഉയർന്ന് 1,312.65 രൂപയിലാണ് വ്യാപാരം നടക്കുന്നത്.