image

4 March 2025 7:23 AM IST

Stock Market Updates

താരിഫ് യുദ്ധം കനക്കുന്നു,ആഗോള വിപണികൾ ചുവന്നു, ഇന്ത്യൻ സൂചികകൾ താഴ്ന്നേക്കും

James Paul

Trade Morning
X

Summary

  • ഗിഫ്റ്റ് നിഫിറ്റി താഴ്ന്ന് തുറന്നു.
  • ഏഷ്യൻ വിപണികൾ ഇടിഞ്ഞു.
  • യുഎസ് ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു.


ആഗോള വിപണികളിലെ വിൽപ്പന സമ്മർദ്ദത്തെ തുടർന്ന്, ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് താഴ്ന്ന് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഗിഫ്റ്റ് നിഫിറ്റി താഴ്ന്ന് തുറന്നു. ഏഷ്യൻ വിപണികൾ ഇടിഞ്ഞു.യുഎസ് ഓഹരി വിപണി നഷ്ടത്തിൽ അവസാനിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയ്ക്കും മെക്സിക്കോയ്ക്കും താരിഫ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്ന് ഡിസംബർ 18 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവ് എസ് ആൻറ് പി 500 രേഖപ്പെടുത്തി.

ഗിഫ്റ്റ് നിഫ്റ്റി

ഗിഫ്റ്റ് നിഫ്റ്റി 22,100 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 160 പോയിന്റിന്റെ കുറവ്. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് ഒരു താഴ്ന്ന തുടക്കത്തെ സൂചിപ്പിക്കുന്നു.

ഏഷ്യൻ വിപണികൾ

ഏഷ്യൻ വിപണികൾ ചൊവ്വാഴ്ച താഴ്ന്ന് വ്യാപാരം നടത്തുന്നു. ജപ്പാന്റെ നിക്കി 225 സൂചിക 1.03% ഇടിഞ്ഞു. ടോപ്പിക്സ് സൂചിക 0.61% ഇടിഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്പി 0.41% ഇടിഞ്ഞു, കോസ്ഡാക്ക് 1.43% ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ ദുർബലമായ ഓപ്പണിംഗിലേക്ക് നീങ്ങുന്നു.

വാൾസ്ട്രീറ്റ്

പ്രസിഡന്റ് ട്രംപ് കാനഡയ്ക്കും മെക്സിക്കോയ്ക്കും 25% താരിഫ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച യുഎസ് ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. ഡൗ ജോൺസ് വ്യാവസായിക ശരാശരി 649.67 പോയിന്റ് അഥവാ 1.48% ഇടിഞ്ഞ് 43,191.24 ലെത്തി. എസ് ആൻറ് പി 104.78 പോയിന്റ് അഥവാ 1.76% ഇടിഞ്ഞ് 5,849.72 ലെത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 497.09 പോയിന്റ് അഥവാ 2.64% ഇടിഞ്ഞ് 18,350.19 ലെത്തി.

ചൈനീസ് കമ്പനികളുടെ, യുഎസിൽ ലിസ്റ്റുചെയ്ത ഓഹരികൾ ഇടിഞ്ഞു, നിയോ 8.6% ഇടിഞ്ഞു, ജെഡി ഡോട്ട് കോം ഏകദേശം 4% ഇടിഞ്ഞു. ടെസ്‌ല ഓഹരി വില 2.84% ഇടിഞ്ഞു, ഇന്റൽ ഓഹരികൾ 4% ഇടിഞ്ഞു, എൻവിഡിയ ഓഹരി വില 8.69% ഇടിഞ്ഞു. ആമസോൺ ഓഹരികൾ 3.42% ഇടിഞ്ഞു, മൈക്രോസോഫ്റ്റ് ഓഹരികൾ 2.14% ഇടിഞ്ഞു.

ഇന്ത്യൻ വിപണി

നിഫ്റ്റി തുടര്‍ച്ചയായി ഒമ്പതാം ദിവസവും, സെൻസെക്സ് തുടർച്ചയായ രണ്ടാം ദിവസവും നഷ്ടം രേഖപ്പെടുത്തി. സെൻസെക്സ് -112.16 പോയിന്റ് അഥവാ 0.15 ശതമാനം ഇടിഞ്ഞ് 73,085.94 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി -5.40 പോയിന്റ് അഥവാ 0.02 ശതമാനം ഇടിഞ്ഞ് 22,119.30 ലെത്തി.

അൾട്രാടെക് സിമന്റ്, ഭാരതി എയർടെൽ, എൻ‌ടി‌പി‌സി, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലാർസൺ ആൻഡ് ട്യൂബ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നി ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കിയപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസെർവ്, എച്ച്ഡിഎഫ്സി ബാങ്ക്, അദാനി പോർട്ട്സ്, മാരുതി സുസുക്കി ഇന്ത്യ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യൂണിലിവർ, സൺ ഫാർമസ്യൂട്ടിക്കൽസ്, ഏഷ്യൻ പെയിന്റ്സ് എന്നിവ ഇടിവ് നേരിട്ടു.

സെക്ടറൽ സൂചികകളിൽ മീഡിയ, പിഎസ്യു ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ് എന്നിവ 0.3-1 ശതമാനം ഇടിഞ്ഞു. അതേസമയം കൺസ്യൂമർ ഡ്യൂറബിൾസ്, ഓട്ടോ,ഫാര്‍മ,എഫ്എംസിജി എന്നിവ 0.19 - 0.80 ശതമാനവും ഐടി, മെറ്റൽ, റിയൽറ്റി എന്നിവ 1.10 - 1.30 ശതമാനവും ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.25 ശതമാനവും സ്മോൾക്യാപ് സൂചിക 0.7 ശതമാനവും താഴ്ന്നു.

പ്രതിരോധവും പിന്തുണയും

നിഫ്റ്റി

പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 22,227, 22,287, 22,385

പിന്തുണ: 22,030, 21,970, 21,872

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 48,457, 48,630, 48,910

പിന്തുണ: 47,897, 47,724, 47,443

പുട്ട്-കോൾ അനുപാതം

മാർക്കറ്റിന്റെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), മുൻ സെഷനിലെ 0.78 ൽ നിന്ന് മാർച്ച് 3 ന് 0.81 ആയി വർദ്ധിച്ചു,

ഇന്ത്യ വിക്സ്

വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ്, 1.06 ശതമാനം കുറഞ്ഞ് 13.76 സോണിലേക്ക് എത്തി.

വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ

തിങ്കളാഴ്ച വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ 4,781 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപകർ 8,790 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

രൂപ

തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസ ഉയർന്ന് 87.32 ൽ എത്തി.

സ്വർണ്ണ വില

കാനഡയ്ക്കും മെക്സിക്കോയ്ക്കുമുള്ള ട്രംപിന്റെ താരിഫ്, പണപ്പെരുപ്പത്തിന് ആക്കം കൂട്ടുമെന്നും സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുമെന്നും വിപണി പങ്കാളികൾ ആശങ്ക പ്രകടിപ്പിച്ചതിനാൽ സ്വർണ്ണ വില സ്ഥിരമായി തുടരുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,892.64 ഡോളറിൽ സ്ഥിരത പുലർത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 2,902.90 ഡോളറിൽ മാറ്റമില്ലാതെ തുടരുന്നു.

ബിറ്റ്‌കോയിൻ വില

വർദ്ധിച്ചുവരുന്ന വ്യാപാര യുദ്ധവും യുഎസ് ക്രിപ്‌റ്റോ റിസർവ് ഫണ്ട് സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വവും കാരണം ബിറ്റ്‌കോയിൻ വില ഏകദേശം 10% ഇടിഞ്ഞു. ബിറ്റ്‌കോയിൻ വില 8.15% ഇടിഞ്ഞ് 85,656.32 ഡോളർ ആയി, അതേസമയം രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറൻസിയായ ഈതർ വില 15% ഇടിഞ്ഞു. എക്‌സ്‌ആർ‌പി, കാർഡാനോ, സോളാന തുടങ്ങിയ മറ്റ് പ്രധാന ക്രിപ്‌റ്റോകറൻസികൾ ഏകദേശം 20% ഇടിഞ്ഞു.

എണ്ണ വില

ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 0.46% ഇടിഞ്ഞ് 71.29 ഡോളറിലെത്തി. അതേസമയം, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചേഴ്‌സ് 0.20% ഇടിഞ്ഞ് 68.23 ഡോളറിലെത്തി.

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ

എഎസ്കെ ഓട്ടോമോട്ടീവ്

ഇരുചക്ര വാഹനങ്ങൾക്കായി ഉയർന്ന മർദ്ദമുള്ള ഡൈ-കാസ്റ്റഡ് അലോയ് വീലുകൾ നിർമ്മിക്കുന്നതിനായി ജപ്പാനിലെ ക്യുഷു യനഗാവ സെയ്കി കമ്പനിയുമായി (KYSK) ലൈസൻസ് കരാർ കമ്പനി ഒപ്പുവച്ചു.

ആർബിഎൽ ബാങ്ക്

മഹാരാഷ്ട്രയിലെ ബാങ്കിന്റെ മൂന്ന് ഓഫീസുകളിൽ ജിഎസ്ടി അധികൃതർ പരിശോധന ആരംഭിച്ചു. നടപടികൾ തുടരുകയാണ്.

യൂക്കോ ബാങ്ക്

മാർച്ച് 3 മുതൽ പ്രാബല്യത്തിൽ വരുന്ന വിധം ബാങ്കിന്റെ ചീഫ് ടെക്നോളജി ഓഫീസർ സ്ഥാനത്ത് നിന്ന് സൗരവ് കുമാർ ദത്ത രാജിവച്ചു.

ഗോദ്‌റെജ് പ്രോപ്പർട്ടീസ്

കൊച്ചിയിലെ തൃക്കാക്കരയിൽ ഒരു ഭൂമി വികസനത്തിനായി ടിസിഎമ്മുമായി ഉണ്ടായിരുന്ന കരാർ മാർച്ച് 3 ന് കമ്പനി റദ്ദാക്കി. കരാർ റദ്ദാക്കിയത് കമ്പനിയുടെ പ്രവർത്തനങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടില്ല.

ആൻലോൺ ടെക്നോളജി

മാർച്ച് 4 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ മുഖദ്ദസിനെ കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസറായി ബോർഡ് നിയമിച്ചു.

സൺടെക് റിയാലിറ്റി

കമ്പനി അതിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ എക്‌സിമിയസ് ബിൽഡ്‌കോൺ സംയോജിപ്പിച്ചു. ഇതിനായി കോർപ്പറേറ്റ് കാര്യ മന്ത്രാലയം സർട്ടിഫിക്കറ്റ് ഓഫ് ഇൻകോർപ്പറേഷൻ നൽകി.

വെൻഡ് ഇന്ത്യ

യൂറോപ്പിലെ ബിസിനസ്സ് സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി ജർമ്മനിയിൽ പൂർണ്ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി സംയോജിപ്പിക്കുന്നതിനുള്ള നിർദ്ദേശത്തിന് ബോർഡ് അംഗീകാരം നൽകി.