30 Dec 2023 7:37 AM
Summary
- 2023-ല്‍ സെന്‍സെക്‌സ് 18.7 ശതമാനവും നിഫ്റ്റി 20 ശതമാനവുമാണ് ഉയര്‍ന്നത്
- ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപകരുടെ എണ്ണം 27 ശതമാനം വര്‍ധിച്ച് 3.3 കോടിയിലെത്തി
- നിക്ഷേപകരുടെ എണ്ണം വര്‍ധിക്കുന്നതിലൂടെ വിപണികളില്‍ പണലഭ്യത ഉയരും
2023-ല്‍ ഇന്ത്യന്‍ ഓഹരി വിപണി സാക്ഷ്യം വഹിച്ചത് വമ്പന്‍ റാലിക്കാണ്. സെന്‍സെക്‌സും നിഫ്റ്റി 50-യും ഗണ്യമായ നേട്ടത്തോടെയാണു 2023-ലെ വ്യാപാരം ക്ലോസ് ചെയ്തത്.
സെന്‍സെക്‌സ് 72,484.34, നിഫ്റ്റി 21,801.45 എന്ന പുതിയ റെക്കോഡ് ഉയരങ്ങളിലെത്തുകയുണ്ടായി. 2023-ല്‍ സെന്‍സെക്‌സ് 18.7 ശതമാനവും നിഫ്റ്റി 20 ശതമാനവുമാണ് ഉയര്‍ന്നത്.
പ്രധാന കേന്ദ്ര ബാങ്കുകള്‍ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ, ഇന്ത്യന്‍ ആഭ്യന്തര വിപണിയിലേക്ക് വന്‍തോതില്‍ വിദേശ ഫണ്ടുകള്‍ ഒഴുകിയത് തുടങ്ങിയ ഘടകങ്ങളാണ് വിപണിയുടെ മുന്നേറ്റത്തിനു സഹായകമായത്.
ഇതോടൊപ്പം മറ്റൊരു ശ്രദ്ധേയ നേട്ടം കൂടി ഓഹരി വിപണി കൈവരിച്ചു. അത് റീട്ടെയില്‍ നിക്ഷേപകരുടെ എണ്ണത്തിന്റെ കാര്യത്തിലാണ്.
2023 ഡിസംബര്‍ 30 വരെയുള്ള കണക്ക്പ്രകാരം ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപകരുടെ എണ്ണം 27 ശതമാനം വര്‍ധിച്ച് 3.3 കോടിയിലെത്തി.
ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം ബിഹാര്‍, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിക്ഷേപകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായി എന്നതാണ്.
റീട്ടെയില്‍ നിക്ഷേപകരുടെ എണ്ണം വര്‍ധിക്കുന്നത് ആഭ്യന്തര വിപണിക്ക് ഗുണകരമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കാരണം, വിദേശ നിക്ഷേപകരെ ആശ്രയിക്കുന്നത് അതിലൂടെ കുറയ്ക്കാനാകുമെന്നും അവര്‍ പറയുന്നു.
നിക്ഷേപകരുടെ എണ്ണം വര്‍ധിക്കുന്നതിലൂടെ വിപണികളില്‍ പണലഭ്യത ഉയരാനും കാരണമാകും.