14 Feb 2024 2:30 AM GMT
ഇരുട്ടടിയായി യുഎസ് വിലക്കയറ്റം; ആഗോള വിപണികള്‍ ചുവപ്പില്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
Summary
- ഡൗ 11 മാസത്തിനിടയിലെ ഏറ്റവും വലിയ ഏകദിന ഇടിവ് രേഖപ്പെടുത്തി
- ക്രൂഡ് വില ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ കയറി
- ഗിഫ്റ്റ് നിഫ്റ്റി 185 പോയിന്‍റ് നഷ്ടത്തോടെ തുടങ്ങി
ഇന്നലെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ശക്തമായ തിരിച്ചുവരവ് പ്രകടമാക്കി. സെൻസെക്‌സ് 483 പോയിൻ്റ് ഉയർന്ന് 71,555 ലും നിഫ്റ്റി 50 127 പോയിൻ്റ് ഉയർന്ന് 21,743 ലും എത്തി. കരടികളും കാളകളും മാറിമാറി വരുന്ന തരത്തില്‍ അനിശ്ചിതത്വം പുലര്‍ത്തുന്ന ഹ്രസ്വകാല പ്രവണത തുടരുന്നതായണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഇന്ത്യയിലെ പണപ്പെരുപ്പ കണക്കുകള്‍ മൂന്നുമാസത്തിലെ താഴ്ന്ന നിലയിലേക്ക് നീങ്ങി ആശ്വാസം നല്‍കിയെങ്കിലും യുഎസ് പണപ്പെരുപ്പ കണക്കുകള്‍ ആഗോള വിപണികളെ നിരാശയിലാക്കി. ജനുവരിയിലെ ഉപഭോക്തൃ വില അടിസ്ഥാനമായിക്കിയുള്ള യുഎസ് വിലക്കയറ്റ തോത് പ്രതീക്ഷിച്ചതിനും മുകളിലാണ്. ഇത് യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ താഴ്ത്തുന്നത് വൈകുമെന്ന ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്.
ഡിസംബറിലെ 3 .4 ശതമാനത്തില്‍ നിന്ന് ജനുവരിയില്‍ യുഎസ് വിലക്കയറ്റ തോത് 3.1 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. എങ്കിലും 3 ശതമാനത്തിന് മുകളില്‍ തന്നെ വിലക്കയറ്റം തുടരുന്നുവെന്നത് ആശാവഹമല്ല. യുഎസ് വിപണികള്‍ ഇടിയുന്നതിനും യുഎസ് ട്രഷറി ആദായം ഉയരുന്നതിനും ഇത് കാരണമായി. ഇന്ത്യ ഉള്‍പ്പടെയുള്ള വിപണികളില്‍ ഇന്ന് ഇതിന്‍റെ പ്രതിഫലനം കാണാനായേക്കും.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
പിവറ്റ് പോയിൻ്റ് കാൽക്കുലേറ്റർ നിഫ്റ്റി 21,599 ലും തുടർന്ന് 21,546ലും 21,461ലും ഉടനടി പിന്തുണ സ്വീകരിക്കാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു, ഉയർന്ന ഭാഗത്ത് 21,764 ലും തുടർന്ന് 21,823ലും 21,908ലും ഉടനടി പ്രതിരോധം കാണാനിടയുണ്ട്.
ആഗോള വിപണികള്‍ ഇന്ന്
പ്രതീക്ഷിച്ചതിനും മുകളിലുള്ള ഉപഭോക്തൃവില സൂചികയെ തുടര്‍ന്ന് ചൊവ്വാഴ്ച വ്യാപാരത്തില്‍ യുഎസ് വിപണികള്‍ കനത്ത ഇടിവ് പ്രകടമാക്കി. ഉയര്‍ന്ന പാര്‍പ്പിട വിലകളും വിപണിയെ താഴോട്ട് വലിച്ചു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് ശതമാന അടിസ്ഥാനത്തില്‍ 11 മാസത്തിനിടയിലെ ഏറ്റവും വലിയ ഏകദിന ഇടിവ് രേഖപ്പെടുത്തി.
എസ്&പി500 68.14 പോയിൻ്റ് അഥവാ 1.37 ശതമാനം നഷ്ടത്തിൽ 4,953.70 പോയിൻ്റിലും നാസ്ഡാക്ക് കോമ്പോസിറ്റ് 282.64 പോയിൻ്റ് അഥവാ 1.79 ശതമാനം ഇടിഞ്ഞ് 15,659.91 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 522.05 പോയിൻ്റ് അഥവാ 1.36 ശതമാനം ഇടിഞ്ഞ് 38,275.33 എന്ന നിലയിലെത്തി.
ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ നഷ്ടത്തിലാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാനിന്‍റെ നിക്കി, ഹോംഗ്കോംഗിന്‍റ ഹാങ്സെങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അതേസമയം ചൈനയുടെ ഷാങ്ഹായ് നേട്ടത്തിലാണ്.
ഇന്ന് 185 പോയിന്‍റ് നഷ്ടത്തിലാണ് ഗിഫ്റ്റ് നിഫ്റ്റിയിലെ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ബെഞ്ച്മാര്‍ക്ക് സൂചികകളും ഇടിവില്‍ തുടങ്ങുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
വിപ്രോ: ഇൻഷുറൻസ് മേഖലയിലെ കൺസൾട്ടിംഗ്, സേവന ശേഷികൾ ശക്തിപ്പെടുത്തുന്നതിനായി ഐടി സേവന കമ്പനി യുഎസ് ആസ്ഥാനമായുള്ള ആഗ്നെ ഗ്ലോബൽ ഇങ്കിൽ 66 മില്യൺ ഡോളർ നിക്ഷേപിച്ചു.
4 അദാനി ഗ്രൂപ്പ് കമ്പനികള്‍: മൂഡീസ് ഇൻവെസ്റ്റർ ഗ്രൂപ്പ് നാല് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഡെറ്റ് പേപ്പറുകള്‍ സംബന്ധിച്ച കാഴ്ചപ്പാട് നെഗറ്റീവിൽ നിന്ന് സ്ഥിരതയിലേക്ക് മാറ്റി. അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (AGEL), അദാനി ഗ്രീൻ എനർജി നിയന്ത്രിത ഗ്രൂപ്പ് (AGEL RG-1), അദാനി ട്രാൻസ്മിഷൻ സ്റ്റെപ്പ് വൺ ലിമിറ്റഡ് (ATSOL), അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡ് (AEML) എന്നിവയാണ് റേറ്റിംഗ് ഔട്ട്‌ലുക്ക് പരിഷ്കരിച്ച കമ്പനികൾ.
ഭാരത് ഇലക്ട്രോണിക്സ്: പ്രതിരോധ മേഖലയിലെ നവരത്ന കമ്പനി ഇന്ത്യൻ നാവികസേനയുമായി 2,167.47 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചു. യുദ്ധമുഖത്ത് ഉപയോഗിക്കുന്നതിനായി അതിസൂക്ഷ്മമായി ഡിസൈന്‍ ചെയ്ത ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടുകള്‍ വിതരണം ചെയ്യുന്നതിനാണ് കരാര്‍.
ഓയിൽ ഇന്ത്യ: ഡിസംബറിൽ അവസാനിച്ച പാദത്തിൽ 1,584.3 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി, മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 9.3 ശതമാനം ഇടിവാണിത്. ക്രൂഡ് ഓയിൽ വില കുറഞ്ഞതിന്‍റെയും നുമാലിഗഡ് റിഫൈനറിയിലെ ക്രൂഡ് ഉല്‍പ്പാദനം കുറഞ്ഞതിന്‍റെയും ഫലമായി പ്രവർത്തന വരുമാനം 0.9 ശതമാനം ഇടിഞ്ഞ് 5,324 കോടി രൂപയായി.
സീ എൻ്റർടൈൻമെൻ്റ് എൻ്റർപ്രൈസസ്: പ്രവർത്തന കണക്കുകൾ നിരാശാജനകമായിരുന്നിട്ടും, മീഡിയ ആൻഡ് എൻ്റർടൈൻമെൻ്റ് കമ്പനിയുടെ അറ്റാദായം മൂന്നാം പാദത്തിൽ 141 ശതമാനം വാര്‍ഷിക വര്‍ധനയോടെ 58.5 കോടി രൂപയായി. പ്രവർത്തന വരുമാനം 3 ശതമാനം ഇടിഞ്ഞ് 2,045.7 കോടി രൂപയായി.
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ: ഡിസംബറിൽ അവസാനിച്ച പാദത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയുടെ അറ്റാദായം 17.4 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 300 കോടി രൂപയായി. പ്രവർത്തന വരുമാനം 21.8 ശതമാനം വർധിച്ച് 1,118.3 കോടി രൂപയായി.
ക്രൂഡ് ഓയില്‍ വില
മിഡിൽ ഈസ്റ്റിലും കിഴക്കൻ യൂറോപ്പിലും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ തുടരുന്നതിനാൽ ചൊവ്വാഴ്ച എണ്ണ വില ഉയർന്നു. ബ്രെൻ്റ് ഫ്യൂച്ചറുകൾ 77 സെൻറ് അഥവാ 0.94 ശതമാനം ഉയർന്ന് ബാരലിന് 82.77 ഡോളറിൽ എത്തി,.യുഎസ് വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 95 സെൻറ് അഥവാ 1.24 ശതമാനം ഉയർന്ന് ബാരലിന് 77.87 ഡോളറിലെത്തി.
വിദേശ ഫണ്ടുകളുടെ ഗതി
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) ഇന്നലെ ഓഹരികളില്‍ 376.32 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തിയെന്നും ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 273.94 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തിയെന്നും എൻഎസ്ഇയിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
ഓഹരി വിപണി വാര്‍ത്തകള്‍ അറിയാന്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം