8 Jan 2024 10:22 AM GMT
വലിയ വീഴ്ചയുമായി ബാങ്കും എഫ്എംസിജിയും; ചുവപ്പില്‍ നിലയുറപ്പിച്ച് വിപണി സൂചികകള്‍
MyFin Desk
Summary
- നേട്ടം റിയല്‍റ്റിക്കും മീഡിയക്കും മാത്രം
- പൊതുമേഖലാ ബാങ്ക് സൂചിക ഏറ്റവും വലിയ ഇടിവ് പ്രകടമാക്കി
- ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ ഇന്ന് നഷ്ടത്തിലായിരുന്നു
ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ പുതിയ വാരത്തിന് തുടക്കമിട്ടത് വന്‍ ഇടിവില്‍. പോയ വാരം മൊത്തത്തില്‍ നേരിയ ഇടിവില്‍ അവസാനിപ്പിച്ച വിപണി സൂചികകള്‍ ഇന്ന് തുടക്ക വ്യാപാരത്തില്‍ നേട്ടമുണ്ടാക്കി എങ്കിലും അധികം വൈകാതെ ഇടിവിലേക്ക് വീണു. സെന്‍സെക്സ് 670.93 പോയിന്‍റ് അഥവാ 0.93 ശതമാനം ഇടിവോടെ 71,355.22ലും നിഫ്റ്റി 197.80 പോയിന്റ് അഥവാ 0.91 ശതമാനം ഇടിവോടെ 21,513.00ലും വ്യാപാരം അവസാനിപ്പിച്ചു.
മികച്ച സാമ്പത്തിക ഡാറ്റകള്‍, 2024ല്‍ പലിശ നിരക്കുകള്‍ കുറയുമെന്ന പ്രതീക്ഷ, യുഎസ് ട്രഷറി ആദായങ്ങളില്‍ ഉണ്ടായ ഇടിവ് എന്നിവയുടെ പശ്ചാത്തലത്തില്‍ ഡിസംബറില്‍ ഉണ്ടായ വന്‍ മുന്നേറ്റം ആഗോള തലത്തില്‍ തന്നെ തണുക്കുകയാണെന്നും ഉയര്‍ന്ന മൂല്യ നിര്‍ണയത്തിന്‍റെ പശ്ചാത്തലത്തിലുള്ള തിരുത്തലിലാണ് വിപണിയെന്നും വിദഗ്ധര്‍ പറയുന്നു.
നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 1.06 ശതമാനവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 0.62 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.87 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.36 ശതമാനവും നഷ്ടത്തിലാണ്.
സെക്ടറൽ സൂചികകൾ
നിഫ്റ്റിയില്‍ പൊതുമേഖലാ ബാങ്ക് സൂചിക ഏറ്റവും വലിയ ഇടിവ് (2.52%) പ്രകടമാക്കി. എഫ്എംസിജിയും (1.72%) വലിയ ഇടിവിലായിരുന്നു. മെറ്റല്‍, ബാങ്ക്, സ്വകാര്യ ബാങ്ക് എന്നിവയും 1 ശതമാനത്തിനു മുകളില്‍ ഇടിവ് രേഖപ്പെടുത്തി. മീഡിയ, റിയല്‍റ്റി എന്നിവ ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ഇടിവിലായിരുന്നു
ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികൾ
ഇന്ന് നിഫ്റ്റി 50-യില്‍ അദാനി പോര്‍ട്സ് (1.57%), ഒഎന്‍ജിസി ( 0.55%). എന്‍ടിപിസി (0.52%), സണ്‍ ഫാര്‍മ (0.52%) ഹീറോ മോട്ടോകോര്‍പ്പ് (0.52%) എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. സെന്‍സെക്സില്‍ എന്‍ടിപിസി (0.48 %), പവര്‍ഗ്രിഡ് (0.46 %), സണ്‍ ഫാര്‍മ (0.44 %), എച്ച്‍സിഎല്‍ ടെക് (0.40 %), ബജാജ് ഫിനാന്‍സ് ( 0.38 %), ടൈറ്റാന്‍ (0.06 %) എന്നീ ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയിട്ടുള്ളത്.
ഇന്ന് നഷ്ടത്തിലായ ഓഹരികൾ
നിഫ്റ്റിയില്‍ യുപിഎല്‍ (3.44%), എസ്‍ബിഐ ലൈഫ് (2.60%), എസ്‍ബിഐ (2.19%), മഹീന്ദ്ര & മഹീന്ദ്ര (2.19%), ടെക് മഹീന്ദ്ര (2.03%) എന്നിവയാണ് നിഫ്റ്റിയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ എസ്‍ബിഐ (2.31 %),ഐടിസി (1.80%), നെസ്‍ലെ ഇന്ത്യ (1.79 %), ഏഷ്യന്‍ പെയിന്‍റ്സ് (1.76 %), ടെക് മഹീന്ദ്ര (1.76 %) എന്നിവ വലിയ ഇടിവ് രേഖപ്പെടുത്തി.
ഏഷ്യന്‍ വിപണികള്‍
ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ ഇന്ന് നഷ്ടത്തിലായിരുന്നു. ഓസ്ട്രേലിയ എഎസ്എക്സ്, ദക്ഷിണ കൊറിയയുടെ കോസ്പിയും കോസ്ഡാഖും, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ്, ചൈനയുടെ ഷാങ്ഹായ് എന്നിവ നഷ്ടത്തിലായിരുന്നു. ജപ്പാന്‍ വിപണികള്‍ക്ക് ഇന്ന് അവധിയായിരുന്നു.
ഇന്നലത്തെ സെഷനില്‍ ബിഎസ്ഇ ബെഞ്ച്മാർക്ക് 178.58 പോയിന്റ് അഥവാ 0.25 ശതമാനം ഉയർന്ന് 72,026.15 ൽ എത്തി. നിഫ്റ്റി 52.20 പോയിന്റ് അഥവാ 0.24 ശതമാനം ഉയർന്ന് 21,710.80 ലെത്തി.