image

28 Jan 2025 11:39 AM GMT

Stock Market Updates

തിരിച്ചുകയറി വിപണി, സെന്‍സെക്‌സ് കുതിച്ചത് 500 പോയിന്റ്; ബാങ്കിംഗ് ഓഹരികളിൽ നേട്ടം

MyFin Desk

തിരിച്ചുകയറി വിപണി, സെന്‍സെക്‌സ് കുതിച്ചത് 500 പോയിന്റ്; ബാങ്കിംഗ് ഓഹരികളിൽ നേട്ടം
X

രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 535.24 പോയിന്റ് അഥവാ 0.71 ശതമാനം ഉയർന്ന്‌ 75,901.41 ൽ എത്തി. നിഫ്റ്റി 128.10 പോയിന്റ് അഥവാ 0.56 ശതമാനം ഉയർന്ന്‌ 23,957.25 ൽ എത്തി.

ബാങ്കിങ് സംവിധാനത്തില്‍ പണലഭ്യത വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്കെടുത്ത നടപടികളാണ് വിപണിക്ക് തുണയായത്. ഫെബ്രുവരിയില്‍ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷ ബാങ്കിംഗ്, ധനകാര്യ ഓഹരികളുടെ കുതിപ്പിന് കാരണമായി.

സെൻസെക്സ് ഓഹരികൾ

സെൻസെക്സ് ഓഹരികളിൽ, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, ബജാജ് ഫിൻ‌സെർവ്, എച്ച്ഡി‌എഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൊമാറ്റോ, ഇൻഡസ്ഇൻഡ് ബാങ്ക്, മാരുതി സുസുക്കി ഇന്ത്യ, ഭാരതി എയർടെൽ എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ സൺ ഫാർമസ്യൂട്ടിക്കൽ, ലാർസൻ ആൻഡ് ട്യൂബ്രോ, ഐടിസി, എച്ച്‌സി‌എൽ ടെക്നോളജീസ്, എൻ‌ടി‌പി‌സി, പവർ ഗ്രിഡ്, നെസ്‌ലെ ഇന്ത്യ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഏഷ്യൻ പെയിന്റ്സ് എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

സെക്ടറൽ സൂചിക

സെക്ടറിൽ സൂചികകളിൽ നിഫ്റ്റി ബാങ്ക്, ഓട്ടോ, ഫിന്‍ നിഫ്റ്റി, നിഫ്റ്റി പിഎസ്‌യൂ ബാങ്ക്, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് , നിഫ്റ്റി റിയലിറ്റി എന്നിവ നേട്ടമുണ്ടാക്കി.

നിഫ്റ്റി ബാങ്ക് സൂചിക 1.67 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി ഓട്ടോ സൂചിക 1.34 ശതമാനം ഉയർന്നു. ഫിന്‍ നിഫ്റ്റി 1.89 ശതമാനം നേട്ടം നൽകിയപ്പോൾ നിഫ്റ്റി പിഎസ്‌യൂ ബാങ്ക് 1.71 നേട്ടം നൽകി. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് 1.64 ശതമാനവും നിഫ്റ്റി റിയലിറ്റി 2.17 ശതമാനവും ഉയർന്നു. സെക്ടറിൽ സൂചികകളിൽ നിഫ്റ്റി റിയലിറ്റി സൂചികയാണ് ഇന്ന് ഏറ്റവും നേട്ടം നൽകിയത്.

അതേസമയം നിഫ്റ്റി മീഡിയ, എഫ്എംസിജി , ഐടി , മെറ്റൽ , ഓയിൽ ആൻഡ് ഗ്യാസ്, തുടങ്ങിയ സൂചികകൾ 0.5-1 ശതമാനം വരെ ഇടിഞ്ഞു. നിഫ്റ്റി ഫാര്‍മ സൂചികയാണ് ഇന്ന് ഏറ്റവും ഇടിവ് നേരിട്ടത്. സൂചിക 2.33 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഹെൽത്ത്കെയർ 2.12 ശതമാനവും, നിഫ്റ്റി മിഡ്സ്മോൾ ഐടി ആൻഡ് ടെലികോം 1.65 ശതമാനവും ഇടിഞ്ഞു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.7 ശതമാനവും ഇടിഞ്ഞു. ഇന്ത്യ വിക്സ് 0.34 ശതമാനം ഉയർന്ന് 18.20 ൽ എത്തി.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ, ടോക്കിയോ നഷ്ടത്തിലും ഹോങ്കോങ്ങ് നേട്ടത്തിലും അവസാനിച്ചു. അതേസമയം സിയോളിലെയും ഷാങ്ഹായിലെയും വിപണികൾക്കു ഇന്ന് അവധിയായിരുന്നു. യൂറോപ്യൻ വിപണികൾ നേട്ടത്തിൽ എത്തിയപ്പോൾ തിങ്കളാഴ്ച യുഎസ് വിപണികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 0.62 ശതമാനം ഉയർന്ന് 77.56 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 25 പൈസ ഇടിഞ്ഞ് 86.56 ൽ ക്ലോസ് ചെയ്തു.