14 March 2024 11:00 AM GMT
വിപണിക്ക് കരുത്ത് പകര്‍ന്ന് ഐടി ഓഹരികളുടെ വാങ്ങല്‍, പോസിറ്റീവ് മാക്രോ ഇക്കണോമിക് ഡാറ്റ
MyFin Desk
Summary
- മൊത്തവില അടിസ്ഥാനമാക്കിയ പണപ്പെരുപ്പ നിരക്ക് ഫെബ്രുവരിയിൽ 0.2 ശതമാനമായി കുറഞ്ഞു
- ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 2.2 ശതമാനവും സ്‌മോൾക്യാപ് സൂചിക 3 ശതമാനവും ഉയർന്നു
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഇടിഞ്ഞ് 82.82 ലെത്തി
ഐടി ഓഹരികളുടെയും മെറ്റൽ ഓഹരികളുടെയും വാങ്ങൽ അധികരിച്ചതോടെ കഴിഞ്ഞ ദിവസത്തെ കുത്തനെയുള്ള നഷ്ടത്തിൽ നിന്ന് വിപണികൾ കരകയറി. സെൻസെക്സ് 335.39 പോയിൻ്റ് അഥവാ 0.46 ശതമാനം ഉയർന്ന് 73,097.28ലും നിഫ്റ്റി 149.00 പോയിൻ്റ് അഥവാ 0.68 ശതമാനം ഉയർന്ന് 22,146.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 2612 ഓഹരികൾ നേട്ടത്തിലെത്തി. 1090 ഓഹരികൾ ഇടിഞ്ഞു, 100 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ അദാനി എൻ്റർപ്രൈസസ് (6.24%), അദാനി പോർട്ട്‌സ് (4.83%), ഹീറോ മോട്ടോകോർപ്പ് (3.62%), ഹിൻഡാൽകോ ഇൻഡസ്ട്രീസ് (3.60%), ഒഎൻജിസി (3.37%) എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ആക്സിസ് ബാങ്ക് (-2.05%), ഇൻഡസ്ഇൻഡ് ബാങ്ക് (-1.72%), ബജാജ് ഫിനാൻസ് (-0.91%), ടാറ്റ സ്റ്റീൽ (-0.84%), ജെഎസ്ഡബ്ല്യു സ്റ്റീൽ (-0.95%) എന്നിവ നഷ്ടത്തിലായി.
സെക്ടറൽ സൂചികയിൽ നിഫ്റ്റി ബാങ്ക്, പി എസ് യു ബാങ്ക്, ഫിനാൻഷ്യൽ സെർവിസസ് ഒഴികെ, ടെലികോം, പവർ, ഓയിൽ & ഗ്യാസ് എന്നിവ 3 ശതമാനം വീതവും, ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, എഫ്എംസിജി, ഇൻഫർമേഷൻ ടെക്‌നോളജി, ഹെൽത്ത് കെയർ, മെറ്റൽ എന്നിവ 1-2 ശതമാനവും ഉയർന്നു.
ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 2.2 ശതമാനവും സ്‌മോൾക്യാപ് സൂചിക 3 ശതമാനവും ഉയർന്നു.
മൊത്തവില അടിസ്ഥാനമാക്കിയ പണപ്പെരുപ്പ നിരക്ക് ഫെബ്രുവരിയിൽ 0.2 ശതമാനമായി കുറഞ്ഞു, മുൻ മാസത്തെ 0.27 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്.
ശക്തമായ ആഭ്യന്തര ഡിമാൻഡിൻ്റെയും സുസ്ഥിരമായ ബിസിനസ്, ഉപഭോക്തൃ ആത്മവിശ്വാസത്തിൻ്റെയും പശ്ചാത്തലത്തിൽ അടുത്ത സാമ്പത്തിക വർഷത്തേക്ക് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം 7 ശതമാനമായി ഫിച്ച് റേറ്റിംഗ് ഉയർത്തി.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഇടിഞ്ഞ് 82.82 ലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.25 ശതമാനം ഉയർന്ന് 2175.25 ഡോളറിലെത്തി. ബ്രെൻ്റ് ക്രൂഡ് 0.76 ശതമാനം ഉയർന്ന് ബാരലിന് 84.67 ഡോളറിലെത്തി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 4,595.06 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഏഷ്യൻ വിപണികളിൽ സിയോളും ടോക്കിയോയും നേട്ടത്തിൽ ക്ലോസ് ചെയ്തു. ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യൂറോപ്യൻ വിപണികൾ നേട്ടം തുടരുന്നു. യുഎസ് വിപണികൾ ബുധനാഴ്ച സമ്മിശ്ര നോട്ടിലാണ് അവസാനിച്ചത്.
സെൻസെക്സ് ബുധനാഴ്ച 906.07 പോയിൻ്റ് അഥവാ 1.23 ശതമാനം ഇടിഞ്ഞ് 72,761.89 ലും നിഫ്റ്റി 338 പോയിൻറ് അഥവാ 1.51 ശതമാനം ഇടിഞ്ഞ് 21,997.70 ലുമാണ് ക്ലോസ് ചെയ്തത്.