7 Nov 2023 10:09 AM GMT
Summary
- ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ ഇടിവില്‍
തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിലെ നേട്ടത്തിന് ശേഷം ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്ന് ഇടിവില്‍ വ്യാപാരം അവസാനിപ്പിച്ചു. ഏഷ്യൻ വിപണികളിലെ ദുർബലമായ പ്രവണതകളുടെയും വിദേശ ഫണ്ടുകളുടെ പുറത്തേക്കൊഴുക്കിന്‍റെയും പശ്ചാത്തലത്തില്‍ വ്യാപാര സെഷനിന്‍റെ തുടക്കം മുതല്‍ തന്നെ ഇടിവിലായിരുന്ന സൂചികകളില്‍ പിന്നീട് വലിയ തോതില്‍ വീണ്ടെടുപ്പ് നടന്നെങ്കിലും പച്ചയില്‍ വ്യാപാരം അവസാനിപ്പിക്കാനായില്ല.
നിഫ്റ്റി 5 പോയിന്‍റ് (0.03 ശതമാനം) ഇടിഞ്ഞ് 19,406.70ലും സെൻസെക്സ് 16 പോയിൻറ് (0.03 ശതമാനം) ഇടിഞ്ഞ് 64,942.40ലും ക്ലോസ് ചെയ്തു.
സൺ ഫാർമ, എന്‍ടിപിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍. ബജാജ് ഫിനാൻസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ ഇടിവില്‍ വ്യാപാരം അവസാനിപ്പിച്ചു. തിങ്കളാഴ്ച യുഎസ് വിപണികൾ നേരിയ നേട്ടത്തോടെയാണ് അവസാനിച്ചത്.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) തിങ്കളാഴ്ച 549.37 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. തിങ്കളാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 594.91 പോയിന്റ് അഥവാ 0.92 ശതമാനം ഉയർന്ന് 64,958.69 എന്ന നിലയിലെത്തി. വിശാലമായ നിഫ്റ്റി 181.15 പോയിന്റ് അഥവാ 0.94 ശതമാനം ഉയർന്ന് 19,411.75 ലെത്തി.