7 April 2025 4:25 PM IST
തകർന്നടിഞ്ഞ് ഓഹരി വിപണി; സെൻസെക്സ് 2200 പോയിന്റ് താഴ്ന്നു, നിക്ഷേപകർക്ക് നഷ്ടം 20 ലക്ഷം കോടി
MyFin Desk
ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്. സെൻസെക്സ് 2226.79 പോയിന്റ് അഥവാ 2.95 ശതമാനം ഇടിഞ്ഞ് 73,137.490 ലും നിഫ്റ്റി 725.10 പോയിന്റ് അഥവാ 3.17 ശതമാനം ഇടിഞ്ഞ് 22,179.35 ലും ക്ലോസ് ചെയ്തു. പത്ത് മാസത്തിന് ശേഷമാണ് വിപണി കനത്ത നഷ്‌ടം നേരിടുന്നത്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് പകരച്ചുങ്കം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടി വിപണിയിൽ പ്രതിഫലിച്ചു. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റുചെയ്തിരിക്കുന്ന എല്ലാ കമ്പനികളുടെയും മൊത്തം വിപണി മൂലധനം 19.4 ലക്ഷം കോടി കുറഞ്ഞ് 383.95 ലക്ഷം കോടിയായി കുറഞ്ഞു.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ ഹിന്ദുസ്ഥാൻ യൂണിലിവർ ഒഴികെയുള്ള എല്ലാ ഓഹരികളും നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീൽ ഓഹരിയാണ് കൂടുതൽ ഇടിവ് നേരിട്ടത്. ഓഹരി 7.33 ശതമാനം ഇടിഞ്ഞു. ലാർസൺ ആൻഡ് ട്യൂബ്രോ, ടാറ്റ മോട്ടോഴ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎൽ ടെക്‌നോളജീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് മറ്റ് വലിയ നഷ്ടങ്ങൾ നേരിട്ട ഓഹരികൾ.
സെക്ടറൽ സൂചിക
സെക്ടറൽ സൂചികകളിൽ എല്ലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ്. സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ ആണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്. സൂചിക 6.8 ശതമാനം താഴ്ന്നു. നിഫ്റ്റി റിയാലിറ്റി (-5.69%), നിഫ്റ്റി ഓട്ടോ (-3.78%), നിഫ്റ്റി ഓയിൽ & ഗ്യാസ് (-2.79%), നിഫ്റ്റി ഫാർമ (-2.75%), നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ് (-2.20%) എന്നിങ്ങനെയാണ് മറ്റ് സൂചികകളിലെ ഇടിവ്.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 3.8 ശതമാനവും സ്മോൾക്യാപ് സൂചിക 4.5 ശതമാനം ഇടിഞ്ഞു. ഇന്ത്യ വിക്സ് 66.04 ശതമാനം ഉയർന്ന് 22.84 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക 13 ശതമാനത്തിലധികം ഇടിഞ്ഞു. ടോക്കിയോയിലെ നിക്കി 8 ശതമാനവും ഷാങ്ഹായ് 7 ശതമാനത്തിലധികം ഇടിഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്പി 5 ശതമാനത്തിലധികം ഇടിഞ്ഞു.
യൂറോപ്യൻ വിപണികളും 6 ശതമാനം വരെ ഇടിവോടെയാണ് വ്യാപാരം നടത്തിയത്. വെള്ളിയാഴ്ച യുഎസ് വിപണികൾ കുത്തനെ താഴ്ന്നു. എസ് & പി 5.97 ശതമാനവും നാസ്ഡാക്ക് കോമ്പോസിറ്റ് 5.82 ശതമാനവും ഡൗ 5.50 ശതമാനവും ഇടിഞ്ഞു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ വില 3.61 ശതമാനം ഇടിഞ്ഞ് ബാരലിന് 63.21 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 38 പൈസ ഇടിഞ്ഞ് 85.82 ൽ എത്തി.