6 Dec 2023 10:09 AM GMT
Summary
- മികച്ച നേട്ടം സമ്മാനിച്ച് വിപ്രൊ
- ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ നേട്ടത്തില്‍
തുടര്‍ച്ചയായ ഏഴാം ദിനത്തിലും ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. വിദേശ നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നുള്ള തുടർച്ചയായ വാങ്ങലുകളും ക്രൂഡ് ഓയിൽ വില കുറഞ്ഞതും നിക്ഷേപക വികാരത്തെ കരുത്തോടെ നിലനിര്‍ത്തി.നിഫ്റ്റി 50 85 പോയിൻറ് അഥവാ 0.41 ശതമാനം ഉയർന്ന് 20,940.10 എന്ന റെക്കോഡ് ക്ലോസിംഗിലും സെൻസെക്സ് 358 പോയിൻറ് അഥവാ 0.52 ശതമാനം നേട്ടത്തിൽ 69,654.36 എന്ന റെക്കോഡ് ക്ലോസിംഗിലും എത്തി. ഇടവ്യാപാരത്തില്‍ സെന്‍സെക്സ് 69,744.62 എന്ന സര്‍വകാല ഉയരവും 20,961.95 എന്ന സര്‍വകാല ഉയരവും കുറിച്ചിരുന്നു.
യുഎസ് ബോണ്ട് യീൽഡുകളിൽ ഇടിവുണ്ടായതാണ് വിദേശ ഫണ്ടുകളുടെ തുടര്‍ച്ചയായ വരവിന് കാരണമാകുന്നത്. ശക്തമായ സൂക്ഷ്‍മ സാമ്പത്തിക ഘടകങ്ങളുടെയും രാജ്യത്ത് ദീർഘകാല രാഷ്ട്രീയ സ്ഥിരത ഉണ്ടാകുമെന്ന പ്രതീക്ഷയുടെയും പശ്ചാത്തലത്തില്‍ ആഭ്യന്തര നിക്ഷേപകർ ബുള്ളിഷ് ആയി തുടരുന്നു. കൂടാതെ, റിസർവ് ബാങ്ക് പലിശ നിരക്കിൽ തൽസ്ഥിതി നിലനിർത്തുമെന്നും നിക്ഷേപകർ പ്രതീക്ഷിക്കുന്നു.
വിപ്രോ, ഐടിസി, ടാറ്റ മോട്ടോഴ്സ്, ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവയാണ് സെന്‍സെക്സില്‍ മികച്ച നേട്ടം സ്വന്തമാക്കിയ പ്രധാന ഓഹരികള്‍. എൻടിപിസി, അൾട്രാടെക് സിമന്റ്, ആക്സിസ് ബാങ്ക്, മാരുതി സുസുക്കി ഇന്ത്യ, ഐസിഐസിഐ ബാങ്ക് എന്നിവ ഇടിവ് നേരിട്ടു.
ഏഷ്യൻ വിപണികള്‍ പൊതുവില്‍ നേട്ടത്തിലാണ് ഇന്നത്തം വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ചൊവ്വാഴ്ച യുഎസ് വിപണികൾ സമ്മിശ്രമായ തരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ചൊവ്വാഴ്ച, സെൻസെക്‌സ് 431.02 പോയിന്റ് അഥവാ 0.63 ശതമാനം ഉയർന്ന് 69,296.14 എന്ന പുതിയ റെക്കോർഡിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 168.50 പോയിൻറ് അഥവാ 0.81 ശതമാനം ഉയർന്ന് 20,855.30 എന്ന ആജീവനാന്ത ഉയരത്തിലെത്തി.