31 July 2024 4:45 PM IST
മെറ്റല്‍, പവര്‍ ഓഹരികള്‍ വിപണിയെ നയിച്ചു; റെക്കോര്‍ഡ് തിരുത്തി സൂചികകള്‍
MyFin Desk
Summary
- വിപണിയുടെ എല്ലാ ശ്രദ്ധയും വൈകീട്ട് പ്രഖ്യാപിക്കുന്ന യുഎസ് ഫെഡ് നയത്തിലാണ്.
- ബാങ്ക് ഓഫ് ജപ്പാന്‍ പലിശ നിരക്ക് ഉയര്‍ത്തി
എന്‍എസ്ഇ നിഫ്റ്റി 93.85 പോയിന്റ് അഥവാ 0.38 ശതമാനം ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 24,951.15 ല്‍ ക്ലോസ് ചെയ്തു. പകല്‍ സമയത്ത് ഇത് 127.3 പോയിന്റ് അഥവാ 0.51 ശതമാനം ഉയര്‍ന്നു.
'ആഭ്യന്തര വിപണി 25,000 എന്ന ഉയര്‍ന്ന പരിധി കടക്കാന്‍ ശ്രമിക്കുകയാണ്. 2025 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ താഴ്ന്ന വരുമാനവും ഉയര്‍ന്ന മൂല്യനിര്‍ണ്ണയവും വെല്ലുവിളിയാകും. അതേസമയം പോസിറ്റീവ് ആഗോള പ്രവണതകളും സെക്ടര്‍ കുതിപ്പും ട്രാക്ഷനെ പിന്തുണയ്ക്കുന്നു,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറഞ്ഞു.
'തീവ്രമല്ലാത്ത പണപ്പെരുപ്പം മൂലം യുഎസ് ഫെഡും ആര്‍ബിഐയും ഇടത്തരം കാലയളവില്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളാല്‍ നയിക്കപ്പെടുന്ന ആഗോള വികാരം വിപണിക്ക് കരുത്ത് പകര്‍ന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതീക്ഷിച്ചതുപോലെ, ബാങ്ക് ഓഫ് ജപ്പാന്‍ പലിശ നിരക്ക് ഉയര്‍ത്തി. ഇനി വിപണിയുടെ എല്ലാ ശ്രദ്ധയും വൈകീട്ട് പ്രഖ്യാപിക്കുന്ന യുഎസ് ഫെഡ് നയത്തിലാണ്.
സെന്‍സെക്സ് ഓഹരികളില്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുക്കി ഇന്ത്യ, എന്‍ടിപിസി, അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, ഭാരതി എയര്‍ടെല്‍, ഐടിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ആക്സിസ് ബാങ്ക് എന്നിവയാണ് പിന്നിലുള്ളത്. യൂറോപ്യന്‍ വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബുധനാഴ്ച ഏഷ്യന്‍ വിപണികള്‍ ഉയര്‍ന്ന നിലയിലായിരുന്നു. അമേരിക്കൻ വിപണി ചൊവ്വാഴ്ച സമ്മിശ്രമായാണ് ക്ലോസ് ചെയ്തത്.
ബ്രെന്റ് ക്രൂഡ് 1.88 ശതമാനം ഉയര്‍ന്ന് ബാരലിന് 80.51 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച 5,598.64 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.
ചൊവ്വാഴ്ച, ബിഎസ്ഇ സെന്‍സെക്‌സ് 99.56 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 81,455.40 ല്‍ ക്ലോസ് ചെയ്തു. എന്‍എസ്ഇ നിഫ്റ്റി 21.20 പോയിന്റ് ഉയര്‍ന്ന് 24,857.30 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി.