4 March 2025 4:54 PM IST
കൂപ്പുകുത്തി ഓഹരി വിപണിയില്‍; സെൻസെക്സ് 73000ന് താഴെ, നിഫ്റ്റി പത്താം ദിവസവും ഇടിവിൽ
MyFin Desk
ഇന്ത്യന്‍ ഓഹരി വിപണിയിൽ നഷ്ട കച്ചവടം തുടരുന്നു. നിഫ്റ്റി തുടർച്ചയായ പത്താം ദിവസവും, സെൻസെക്സ് തുടർച്ചയായ മൂന്നാം ദിവസവും ഇടിവ് രേഖപ്പെടുത്തി.
സെൻസെക്സ് -452.4 പോയിന്റ് അഥവാ 0.62 ശതമാനം ഇടിഞ്ഞ് 72,633.54 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി -36.65 പോയിന്റ് അഥവാ 0.17 ശതമാനം ഇടിഞ്ഞ് 22,082.65 ലെത്തി. താരിഫ് യുദ്ധ ആശങ്കകൾ മൂലമുള്ള ആഗോള ഓഹരി തകർച്ചയും തുടർച്ചയായ വിദേശ ഫണ്ട് പിൻവലിക്കലുമാണ് വിപണിയെ ഇന്ന് ഇടിവിലേക്കു നയിച്ചത്.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സൊമാറ്റോ, ടാറ്റ കൺസൾട്ടൻസി സർവീസസ്, അദാനി പോർട്ട്സ്, പവർ ഗ്രിഡ്, ടാറ്റ സ്റ്റീൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നി ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബജാജ് ഫിൻസെർവ്, എച്ച്‌സിഎൽ ടെക്നോളജീസ്, നെസ്‌ലെ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, സൺ ഫാർമസ്യൂട്ടിക്കൽസ്, ഇൻഫോസിസ്, മാരുതി സുസുക്കി ഇന്ത്യ, ടൈറ്റാൻ, ഹിന്ദുസ്ഥാൻ യൂണിലിവർ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ ഇടിവ് നേരിട്ടു.
സെക്ടറൽ സൂചിക
സെക്ടറൽ സൂചികകളിൽ നിഫ്റ്റി മീഡിയ 2.39% നേട്ടമുണ്ടാക്കി മികച്ച പ്രകടനം കാഴ്ചവച്ചു. നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 1.55% നേട്ടത്തോടെ സ്ഥിരത കൈവരിച്ചു. നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ്, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി മെറ്റൽ, നിഫ്റ്റി ബാങ്ക് എന്നിവ 0.34% - 0.62% വരെ ഉയർന്നു. അതേസമയം നിഫ്റ്റി ഓട്ടോ സൂചിക 1.38% ഇടിഞ്ഞു. നിഫ്റ്റി ഐടി സൂചിക 0.93% വും നിഫ്റ്റി എഫ്‌എംസിജി, നിഫ്റ്റി ഫാർമ, നിഫ്റ്റി റിയാലിറ്റി തുടങ്ങിയ സൂചികകൾ 0.11% - 0.61 ശതമാനം വരെയും ഇടിഞ്ഞു.
ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.4 ശതമാനവും സ്‌മോൾക്യാപ് സൂചിക 0.6 ശതമാനവും ഇടിഞ്ഞു. ഇന്ത്യ വിക്സ് 0.49 ശതമാനം ഉയർന്ന് 13.83 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, ടോക്കിയോ, ഹോങ്കോംഗ്, സിയോൾ എന്നിവ നഷ്ടത്തിലും ഷാങ്ഹായ് നേട്ടത്തിലും അവസാനിച്ചു. യൂറോപ്യൻ വിപണികൾ നെഗറ്റീവ് മേഖലയിലാണ് വ്യാപാരം നടത്തിയത്. യുഎസ് വിപണികൾ തിങ്കളാഴ്ച താഴ്ന്ന നിലയിലായിരുന്നു.
അതേസമയം, ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 1.37 ശതമാനം ഇടിഞ്ഞ് ബാരലിന് 70.64 യുഎസ് ഡോളറിലെത്തി.. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് പൈസ ഉയർന്ന് 87.30 എന്ന നിലയിലെത്തി.