image

30 Sep 2024 1:58 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (സെപ്റ്റംബര്‍ 30)

Joy Philip

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (സെപ്റ്റംബര്‍ 30)
X

ഇപ്പോഴും ആഗോള വിപണികള്‍ തന്നെയാണ് ഇന്ത്യന്‍ വിപണിക്കു ദിശ. റിസര്‍വ് ബാങ്കിന്റെ ഒക്ടോബര്‍ 7-9 തീയതികളിലെ പണനയമായിരിക്കും ഇന്ത്യന്‍ വിപണിയുടെ അടുത്ത ട്രിഗര്‍. ആഗോള കേന്ദ്രബാങ്കുകളുടെ പാത പിന്തുടര്‍ന്നാല്‍ ഇന്ത്യന്‍ വിപണി പുതിയ ഉയരങ്ങള്‍ തേടുന്നതു കാണാം.

ഈ വാരത്തില്‍ ഗാന്ധി ജയന്ത്ി പ്രമാണിച്ച് ഒക്ടോബര്‍ രണ്ടിന് അവധിയായതിനാല്‍ നാലു ദിവസമേ വ്യാപാരമുള്ളു. ഒന്നാം തീയതി സെപ്റ്റംബറിലെ വാഹന വില്‍പ്പനക്കണക്കുകള്‍ എതും. രാജ്യത്ത് ഉത്സവസീസണ്‍ പുരോഗമിക്കുകയാണ്. അതിനാല്‍ തന്നെ സെപ്റ്റംബര്‍ കണക്കുകള്‍ വരും മാസങ്ങളിലെ വാഹന വില്‍പ്പനയെക്കുറിച്ചു സൂചന നല്‍കും.

ഇന്ത്യന്‍ സമ്പദ്ഘടനയില്‍നി്ന്നുള്ള ചില കണക്കുകളും ഈയാഴ്ച വരുന്നുണ്ട്. തിങ്കളാഴ്ച കാതല്‍ മേഖല വളര്‍ച്ചാക്കണക്കും കറന്റ് അക്കൗണ്ട് കണക്കുകളും എത്തുന്നുണ്ട്. ഒക്ടോബര്‍ ഒന്നിന് സെപ്റ്റംബറിലെ എച്ച്എസ്ബിസി മാനുഫാക്ചറിംഗ് പിഎംഒ അവസാന വിലയിരുത്തല്‍ എത്തും.

ഒക്ടോബര്‍ ഒന്നു മുതല്‍ ക്വാര്‍ട്ടര്‍ ഫലങ്ങള്‍ വന്നുതുടങ്ങുമെങ്കിലും രണ്ടാം വാരം മുതലാണ് മുഖ്യ കമ്പനികള്‍ ഫലവുമായി എത്തുന്നത്. ഐടി മേഖലയുടെ പ്രകടനത്തെക്കുറിച്ചു സൂചന നല്‍കുന്ന ഇന്‍ഫോസിസിന്റെ ഫലം17-ന് എത്തും. എംഫസിസ് 16-നും കൊഫോര്‍ജ്, സെന്‍സര്‍ ടെക് , പെര്‍സിസ്റ്റന്റ് എന്നിവ 22-ന് ഫലം പുറത്തുവിടും. ബാങ്കിംഗ് മേഖലയില്‍നിന്നുള്ള എച്ച്ഡിഎഫ്‌സിയുടെ ഫലം 19-ന് എത്തുന്നത്. ഐസിഐസിഐ ബാങ്കും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കും 26-ന് ഫലം പ്രസിദ്ധീകരിക്കും. ബജാജ് ഓട്ടോ 16-ന് ഫലം പ്രസീദ്ധീകരിക്കും.

വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ സമീപനമായിരിക്കും വിപണിയുടെ ദിശയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ഓഹരിയിലെ വിദേശനിക്ഷേപം രൂപയുടെ ആരോഗ്യത്തേയും സ്വാധീനിക്കും.

അടുത്ത വെള്ളിയാഴ്ച എത്തുന്ന യുഎസ് തൊഴിലില്ലായ്മ നിരക്ക് കണക്കുകള്‍ക്കായി വിപണി കാത്തിരിക്കുകയാണ്. ഇതു ഭാവി പലിശ നിരക്ക് നീക്കത്തെ സ്വാധീനിക്കുന്ന കാര്യമാണ്. തിങ്കളാഴ്ച ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ നാസ്‌വിലെയില്‍ നടത്തുന്ന പ്രസംഗമാണ് ആഗോള വിപണി കാത്തിരിക്കുന്ന സംഭവം. പലിശ നിരക്കെ എത്രയിലെത്തിക്കണം, എത്രമാത്രം വെട്ടിക്കുറയ്ക്കണം, അതിന് എത്രകാലം എടുക്കണം തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരം സംബന്ധിച്ച സൂചനകള്‍ പവലിന്റെ പ്രസംഗത്തില്‍ വിപണി പ്രതീക്ഷിക്കുന്നു.

ഇന്ത്യന്‍ വിപണി വെള്ളിയാഴ്ച

റേഞ്ച് ബൗണ്ട് നീക്കമായിരുന്നു വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ അനുഭവപ്പെട്ടത്. റിക്കാര്‍ഡ് ഉയരത്തില്‍ എത്തിയ ഇന്ത്യന്‍ ഓഹരി വിപണിയുടെ ബഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ തോതില്‍ താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഇന്നലെ ഒക്ടോബര്‍ മാസത്തെ എഫ് ആന്‍ഡ് ഒ സീരീസിലേക്ക് വിപണി ശക്തമായിത്തന്നെ കടന്നിരിക്കുകയാണ്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റി വെള്ളിയാഴ്ച റിക്കാര്‍ഡ് ഉയരത്തില്‍ (26277.35 പോയിന്റ് ) എത്തിയശേഷം 37.10 പോയിന്റ് (0.14 ശതമാനം) കുറഞ്ഞ് 26178.95 പോയിന്റില്‍ ക്ലോസ് ചെയ്തു. വ്യാഴാഴ്ചത്തെ ക്ലോസിംഗ് 26216.05 പോയിന്റായിരുന്നു. ആറു ദിവസത്തെ മുന്നേറ്റത്തിനാണ് ഇതോടെ തടവീണത്. വെള്ളിയാഴ്ചയും ഉയര്‍ന്ന ടോപ്പും ഉയര്‍ന്ന ബോട്ടവുമാണ് സൂചിക കുറിച്ചത്. ഇതു വിപണിയുടെ പോസീറ്റീവ് മനോഭാവത്തിന്റെ പ്രതിഫലനമാണ്.

ഓട്ടോ, മെറ്റല്‍, ഐടി, ഫാര്‍മ, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയവ രണ്ടര ശതമാനം വരെ മെച്ചപ്പെട്ടത് വിപണിക്കു തുണയായി. എന്നാല്‍ റിയല്‍റ്റി, പവര്‍, ബാങഅക്, മീഡിയ, എഫ്എംസിജി, ടെലികോം തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ നിഫ്റ്റിയുടെ മുന്നേറ്റത്തിനു തടസമായി മാറുകയായിരുന്നു.

ലാര്‍ജ്കാപ് ഓഹരികളും സ്‌മോള്‍കാപ് ഓഹരികളും നിറം മങ്ങിയ പ്രകടനം കാഴ്ചവച്ചപ്പോള്‍ മിഡ്കാപ് ഓഹരികളാണ് വിപണിക്കു തുണയായത്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക 86000 പോയിന്റിനടുത്തേക്ക് നീങ്ങുകയാണ്. വെറും 22 പോയിന്റ് ്അകലെവരെ എത്തിയശേഷം സെന്‍സെക്‌സ് ഇന്നലെ 264.27 പോയിന്റ് (0.31 ശതമാനം) താഴ്ന്ന് 85571.85 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇന്നലെയെത്തിയ 85978.25 പോയിന്റ് റിക്കാര്‍ഡാണ്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

റിക്കാര്‍ഡ് ഉയരത്തില്‍ വളരെ ആകാംക്ഷയോടെയാണ് നിഫ്റ്റി നീങ്ങുന്നത്. ഒരു പരിധിക്കപ്പുറത്ത് ഉയരുകയോ താഴുകയോ ചെയ്യാതെ. പ്രത്യേകിച്ചും 26000 പോയിന്റിനു മുകളില്‍ നിഫ്റ്റി എത്തിയശേഷം.

നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ ഇന്നലെത്തെ ഉയര്‍ന്ന പോയിന്റായ 26280 പോയിന്റ് ആദ്യ റെസിസ്റ്റന്‍സായി വര്‍ത്തിക്കും. അതിനു മുകളില്‍ 26400 പോയിന്റും 26560 പോയിന്റും റെസിസ്റ്റന്‍സുകളാണ്.

നിഫ്റ്റിയില്‍ തിരുത്തലുണ്ടായാല്‍ 26000 പോയിന്റിനു ചുറ്റളവില്‍ പിന്തുണ പ്രതീക്ഷിക്കാം. അതിനു താഴേയ്ക്കു പോയാല്‍ 25871 പോയിന്റിലും 25425 പോയിന്റിലും തുടര്‍ന്ന് 25000 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കാം.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 76.44 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ബാങ്ക് നിഫ്റ്റി വെള്ളിയാഴ്ച റിക്കാര്‍ഡ് ഉയരത്തില്‍നിന്ന് താഴേയ്ക്കിറങ്ങി. അഞ്ചു ദിവസമായി 54000 പോയിന്റിനു മുകളില്‍ ശക്തമായി നിലയുറപ്പിച്ചിരുന്ന ബാങ്ക് നിഫ്റ്റി 541.05 പോയിന്റ് (1.00 ശതമാനം) ഇടിഞ്ഞ് 53834.3 പോയിന്റില്‍ ക്ലോസ് ചെയ്തു. വ്യാഴാഴ്ചത്തെ 54467.35 പോയിന്റാണാണ് ബാങ്ക് നിഫ്റ്റിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന പോയിന്റ്.

മെച്ചപ്പെടുകയാണെങ്കില്‍ ബാങ്ക് നിഫ്റ്റിക്ക് ഇന്ന് 54500 പോയിന്റില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. അതു മറികടന്നാല്‍ അടുത്ത ലക്ഷ്യം 54915 പോയിന്റാണ്. ബാങ്ക് നിഫ്റ്റിക്ക് 55000 പോയിന്റില്‍ നേരിയ റെസിസ്റ്റന്‍സ് ഉണ്ടെങ്കിലും അതു കടുന്നു മുന്നോട്ടു പോയാല്‍ 55200-55500 തലത്തിലേക്ക് എത്താനുള്ള കരുത്തുണ്ട്.

മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 53750 പോയിന്റിലും തുടര്‍ന്ന് 53400 പോയിന്റിലും 53190 പോയിന്റിലും പിന്തുണയുണ്ട്. താഴേയ്ക്കുള്ള നീക്കം ശക്തമാണെങ്കില്‍ 53000 പോയിന്റിലും 52890 പോയിന്റിലും വരെയെത്താം.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 66.77 ആണ്. ഓവര്‍ബോട്ട് സോണില്‍നിന്ന് ബാങ്ക് നിഫ്റ്റി. പതിയെ പിന്‍വാങ്ങിയിരിക്കുകയാണ്.. ഇപ്പോഴും ബാങ്ക് നിഫ്റ്റിയുടെ മനോഭാവം പോസീറ്റീവാണ്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി 29 പോയിന്റ് മെച്ചപ്പെട്ടാണ് ഇന്നു രാവിലെ ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ആഗോള വപണി ഫ്യൂച്ചേഴ്‌സ് സമ്മിശ്രമാണ്. പൊതുമനോഭാവം പോസീറ്റീവാണ്.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് വെള്ളിയാഴ്ച നേരിയ ഇടിവോടെ 11.96 പോയിന്റിലെത്തി. വ്യാഴാഴ്ചയിത് 12 ആയിരുന്നു. വിപണി പതുക്കെ ശാന്തത കൈവരിക്കുകയാണ്. വിക്സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വിപിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്സ്.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) വെള്ളിയാഴ്ച 1.16-ലേക്ക് താഴ്ന്ന്ു. വ്യാഴാഴ്ചയിത് 1.37 ആയിരുന്നു. ഇപ്പോഴും വിപണി ബുള്ളീഷ് ട്രെന്‍ഡില്‍ത്തന്നെയാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ എല്ലാം തന്നെ ഇന്നലെ താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഐടി ഓഹരികളായ ഇന്‍ഫോസിസ് 2.48 ശതമാനവും വിപ്രോ 1.97 സതമാനവും താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഐസിഐസിഐ ബാങ്ക് 2.17 ശതമാനവും എച്ച് ഡിഎഫ്സി ബാങ്ക് 2.2 ശതമാനവും ഇടിഞ്ഞു. ഡോ. റെഡ്ഡീസ് 0.33 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 0.93 ശതമാനവും യാത്രാ ഓണ്‍ലൈന്‍ 0.58 ശതമാനവും കുറഞ്ഞു. എന്ന്ാല്‍ യാത്ര ഓഹരിയായ മേക്ക് മൈ ട്രിപ് തലേദിവസത്തെ കുത്തനെയുള്ള ഇടിവിനുശേഷം 0.48 ശതമാനം മെച്ചപ്പെട്ടു.

യുഎസ് വിപണികള്‍

യുഎസ് വിപണി വെള്ളിയാഴ്ച സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്. പണപ്പെരുപ്പം വാര്‍ഷികാടിസ്ഥാനത്തില്‍ 2.2-ശതമാനത്തിലേക്കു താഴ്ന്നതു ( കഴിഞ്ഞ മാസം 2.5 ശതമാനം) പലിശ വെട്ടിക്കുറയ്ക്കുന്നതു തുടരാന്‍ ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിക്കുമെന്നു നിക്ഷേപകരുടെ വിശ്വാസം ആവര്‍ത്തിച്ചുറപ്പിച്ചിരിക്കുകയാണ്. ഡൗ ജോണ്‍സ് ഇന്‍ഡസട്രിയല്‍സ് 0.33 ശതമാനം ഉയര്‍ച്ചയോടെ റിക്കാര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. ഡൗ ഇന്നലെ 137.89 പോയിന്റ് ഉയര്‍ന്ന് 42313 പോയിന്റിലാണ് ക്ലോസ് ചെയ്തതത്. വെള്ളിയാഴ്ച റിക്കാര്‍ഡ് ഉയരത്തില്‍ 42628.32 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.

കഴിഞ്ഞ നാലു ദിവസം മെച്ചപ്പെട്ട എന്‍വിഡിയ ഓഹരികളും മറ്റ് ടെക് ഓഹരികളുടെ സമ്മിശ്ര പ്രകടനവും നാസ്ഡാക് സൂചികയില്‍ നേരിയ ഇടിവുണ്ടാക്കി. വ്യാഴാഴ്ച മികച്ച മുന്നേറ്റമുണ്ടാക്കിയ നാസ്ഡാക് 70.7 പോയിന്റു (0.39 ശതമാനം) കുറഞ്ഞു ക്ലോസ് ചെയ്തപ്പോള്‍ എസ് ആന്‍ഡ് പി 500 സൂചിക 7.2 പോയിന്റു (0.4 ശതമാനം) താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.ചൈനീസ് ഉത്തേജക നടപടികളും വരും മാസങ്ങളില്‍ യുറോപ്പിലും യുഎസിലും ഉള്‍പ്പെടെ മുഖ്യ സമ്പദ്ഘടനകളില്‍ പലിശ നിരക്കു കുറയുമെന്ന വാര്‍ത്തകളും വെള്ളിയാഴ്ച യൂറോപ്യന്‍ വിപണികളെ ഉയരത്തിലെത്തിച്ചു. കഴിഞ്ഞ ദിവസം സ്വിസ് സെന്‍ട്രല്‍ ബാങ്ക് പലിശയില്‍ കാല്‍ ശതമാനം കുറവു വരുത്തിയിരുന്നു. എഫ്ടിഎസ്ഇ യുകെ 35.85 പോയിന്റും (0.43 ശതമാനം) ജര്‍മന്‍ ഡാക്സ് 235.27 പോയിന്റ്ും (1.22 ശതമാനം) ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 318.06 പോയിന്റും (0.92 ശതമാനം) സിഎസി ഫ്രാന്‍സ് 49.7 പോയിന്റും (2.33 ശതമാനം) മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. ഇന്നു രാവിലെ യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാം പോസീറ്റീവായാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍

അവസാനത്തെ രണ്ടു വ്യാപാരദിനത്തില്‍ രണ്ടായിരത്തിലധികം പോയിന്റ് ഉയര്‍ച്ച നേടിയ നിക്കി ഇന്നു രാവിലെ എഴുന്നൂറിലധികം പോയിന്റ് താഴ്ന്നാണഅ നിക്കി ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ നിക്കി 1673.74 പോയി്ന്റ് താഴ്ന്നാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ജാപ്പനീസ് ആഭ്യന്തര രാഷ്ട്രീയമാണ് ഇടിവിനു വഴി തെളിച്ചത്. ജാപ്പനിലെ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പുതിയ പ്രധാനമന്ത്രിയായി ഷിഗേറു ഇഷിബിയെ തെരഞ്ഞെടുത്തതാണ് വിപണിയില്‍ കനത്ത ഇടിവുണ്ടാക്കിയ്ത്. ഇതോടൊപ്പെ ഡോളറിനെതിരേ യെന്‍ ദുര്‍ബലമായതും വിപണി മനോഭാവത്തെ ബാധിച്ചു.

ഇന്നു രാവിലെ കൊറിയന്‍ കോസ്പി 20.71 പോയിന്റുതാഴ്ന്നു നില്‍ക്കുമ്പോള്‍ സിംഗപ്പൂര്‍ ഹാംഗ്‌സെഗ് സൂചിക 629.57 പോയിന്റു മെച്ചപ്പെട്ടു നില്‍ക്കുകയാണ്. ചൈനീസ് സര്‍ക്കാര്‍ അധിക ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്നു വാര്‍ത്തകള്‍ ചൈനീസ് ഷാങ്ഹായ് കോമ്പോസിറ്റ് സൂചികയില്‍ മുന്നേറ്റം സൃഷ്ടിക്കുകയാണ്. ഇന്നു രാവിലെ 178.95 പോയിന്റ് മെച്ചപ്പെട്ടാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

വെള്ളിയാഴ്ച വിദേശ നിക്ഷപേകസ്ഥാപനങ്ങള്‍ നേരിയ തോതില്‍ നെറ്റ് വില്‍പ്പനക്കാരായിരുന്നു. അവര്‍ 26135.9 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 27345 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. നെറ്റ് വില്‍ക്കല്‍ 1209.1 കോടി രൂപ. ഇതോടെ സെപ്റ്റംബര്‍ 27 വരെ അവരുടെ നെറ്റ് വാങ്ങല്‍ 24897.94 കോടി രൂപയായി താഴ്ന്നു. നിക്ഷേപശേഖരം അഴിച്ചു പണിയുന്ന രീതിയിലാണ് അവരുടെ വാങ്ങലും വില്‍ക്കലും.

അതേ സമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ വെള്ളിയാഴ്ച വന്‍ നെറ്റ് വാങ്ങലാണ് നടത്തിയത്. ഈ വാരത്തിലെ എല്ലാ ദിവസവും അവര്‍ നെറ്റ് വാങ്ങലുകാരായിരുന്നു. അവര്‍ 50042.69 കോടി രൂപയുടെ ഓഹരികള്‍ വാങ്ങകുകയും 43156.04 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. നെറ്റ് വാങ്ങല്‍ 6886.65 കോടി രൂപയുടെ ഓഹരികള്‍. സെപ്റ്റംബറിലെ അവരുടെ നെറ്റ് വാങ്ങല്‍ ഇതോടെ 25134.53 കോടി രൂപയായി ഉയര്‍ന്നു.

സാമ്പത്തിക വാര്‍ത്തകള്‍

വിദേശനാണ്യ കരുതല്‍ ശേഖരം: സെപ്റ്റംബര്‍ 20-ന് അവസാനിച്ച വാരത്തില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 6920 കോടി ഡോളറിലെത്തി. ഇതു തലേവാരത്തേക്കാള്‍ 280 കോടി ഡോളര്‍ കൂടുതലാണ്. ഇതില്‍ 60560 കോടി ഡോളര്‍ വിദേശ കറന്‍സി നിക്ഷേപമാണ്. വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ ഓഹരിയിലും ബോണ്ടിലുമായി 1090 കോടി ഡോളര്‍ നിക്ഷേപിച്ചു.

വിദേശ പോര്‍ട്ടഫോളിയോ നിക്ഷേപം: സെപ്റ്റംബറില്‍ വിദേശ പോര്‍ട്ട്‌ഫോളിയ നിക്ഷേപകര്‍ ( എഫ്പിഐ)ഇന്ത്യന്‍ ഓഹരിയില്‍ 57359 കോടി രൂപയുടെ നെറ്റ് നിക്ഷപം നടത്തി. കഴിഞ്ഞ 52 ആഴ്ചയിലെ അവരുടെ നിക്ഷേപം ഇതോടെ 100245 കോടി രൂപയിലെത്തി. ഓഗസ്റ്റിലെ നെറ്റ് വാങ്ങല്‍ 7322 കോടി രൂപയും ജൂലൈയില്‍ 32539 കോടി രൂപയുമായിരുന്നു.

കമ്പനി വാര്‍ത്തകള്‍

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്: ഐഡിഎഫ്‌സി ലിമിറ്റഡ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കില്‍ ഒക്ടോബര്‍ ഒന്നിന് പൂര്‍ണമായും ലയിക്കും. ഇതനുസരിച്ച് ഐഡിഎഫ്‌സി ഓഹരിയുടമകള്‍ക്ക് 100 ഓഹരിക്ക് 155 ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരികള്‍ ലഭിക്കും. റിക്കാര്‍ഡ് ഡേറ്റ് ഒക്ടോബര്‍ 10 ആണ്. ഓഹരി ഉടമകളുടെ അക്കൗ്ണ്ടില്‍ ഒക്ടോബര്‍ 31- ഓടെ ഓഹരി ക്രെഡിറ്റ് ചെയ്യും.

ക്രൂഡോയില്‍ വില

സാമ്പത്തിക ഉത്തേജകങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും ആഗോള എണ്ണ വിപണിയെ നിയിക്കുന്നത് ചൈനീസ് സമ്പദ്ഘടനയുടെ വളര്‍ച്ച സംബന്ധിച്ച ആശങ്കകള്‍ തന്നെയാണ്. യുഎസ് കരുതല്‍ ശേഖരം താഴ്ന്നിട്ടും എണ്ണ വില കുറഞ്ഞത് ഈ ചൈനീസ് ആശങ്കതന്നെയാണ്. ഇതോടൊപ്പമാണ് പശ്ചിമേഷ്യയിലെ ഇസ്രായേല്‍ - ഹിസ്ബുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതും. ഇത് ഇതുവരെയും ക്രൂഡോയില്‍ വിലയെ അത്രകണ്ടു സ്വാധീനിച്ചിട്ടില്ല. ഇറാന്‍ കൂടി രംഗപ്രവേശം ചെയ്താല്‍ ഗതിമാറും. ഇതിനിടയില്‍ വന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ അര ശതമാനം പലിശ വെട്ടിക്കുറയ്ക്കല്‍ ക്രൂഡോയിലിന് ആശ്വാസം നല്‍കി. യുഎസിനു പിന്നാലെ യുറോസോണും സ്വിസ് കേന്ദ്രബാങ്കും പലിശ കുറച്ചതും എണ്ണയ്ക്ക് ആശ്വാസമായി.

ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 72.56 ഡോളറാണ്. ശനിയാഴ്ചയിത് 71.98 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്ള്യുടിഐ ബാരലിന് 68.63 ഡോളറുമാണ്. ശനിയാഴ്ച രാവിലെ 68.18 ഡോളറായിരുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവില കുറയുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇറക്കുമതിച്ചെലവു കുറയ്ക്കുമെന്നു മാത്രമല്ല, ഇന്ധനവിലക്കയറ്റം കുറയ്ക്കുകയും രാജ്യത്തിന്റെ അടവുശിഷ്ടനിലയിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. രൂപയുടെ ഇടിവു തടയുന്നതിനും ഇതു സഹായകരമാകും.

ഇന്ത്യന്‍ രൂപ ഇന്നലെ

മാസാവസാനത്തിലെ ഡോളര്‍ ഡിമാണ്ട് രൂപയെ വെള്ളിയാഴ്ച വീണ്ടും ദുര്‍ബലമാക്കി. ഡോളറിനെതിരേ നാലു പൈസകണ്ടു ദുര്‍ബലമായി. ഒരു ഡോളറിന് 83.70 രൂപയാണു വില. തലേദിവസമിത് 83.66 ആയിരുന്നു. മറ്റു കറന്‍സികള്‍ക്കെതിരേ ഡോളര്‍ സൂചിക മെച്ചപ്പെട്ടതും രൂപയ്ക്കു തിരിച്ചടിയായി. ഇന്ത്യന്‍ ഓഹരി വിപണി വെള്ളിയാഴ്ച മെച്ചപ്പെട്ടതും ക്രൂഡോയില്‍ വില താഴ്ന്നു നില്‍ക്കുന്നതും രൂപയുടെ കുത്തനെയുള്ള ഇടിവിനെ തടഞ്ഞു.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.