image

24 Jun 2024 2:20 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് ( ജൂണ്‍ 24)

Joy Philip

Profit taking, market volatility continues
X

എഫ് ആന്‍ഡ് ഒ പ്രതിമാസ ക്ലോസിംഗ് ജൂണ്‍ 27-നായിരക്കേ വലിയ ഉത്സാഹമില്ലാത്ത വാരത്തിലേക്കാണ് ഓഹരി വിപണി കടക്കുന്നത്. ഇന്ന് പതിനെട്ടാം ലോക്‌സഭയുടെ പ്രത്യേക സമ്മേളനം ചേരുകയാണ്. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കര്‍ തെരഞ്ഞെടുപ്പ്, ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ രാഷ്്ട്രപതി ദ്രൗപതി മുര്‍മുവിന്റെ അഭിസംബോധന തുടങ്ങിയ വിഷയങ്ങളാണ് സമ്മേളനത്തിന്റെ അജണ്ടകള്‍. സ്പീക്കര്‍ തെരഞ്ഞെടുപ്പ് 26-നാണ്. പ്രശ്‌നങ്ങളൊന്നുമില്ലാതെ എന്‍ഡിഎ സഖ്യം സ്പീക്കര്‍ തെരഞ്ഞെടുപ്പ് കടന്നുപോകുമോയെന്നാണ് വിപണി വീക്ഷിക്കുന്നത്. എന്തായാലും വിപണിയുടെ അടുത്ത ട്രിഗര്‍ നടപ്പുവര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റാണ്. അത് ജൂലൈ 22-ന് ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിക്ക് ഇതു വ്യക്തമായ ദിശനല്‍കും.

ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ ജൂലൈ രണ്ടാം വാരം മുതല്‍ വന്നുതുടങ്ങും. വിപണി ഉറ്റുനോക്കുന്ന സംഭവമാണ്. ഇന്‍ഫോസിസിന്റെ ആദ്യക്വാര്‍ട്ടര്‍ ഫലം ജൂലൈ 18-ന് എത്തും. പുതിയ സാമ്പത്തിക വര്‍ഷത്തെ കമ്പനികളുടെ പ്രകടനത്തെക്കുറിച്ചുള്ള ഗൈഡന്‍സ് ആദ്യ ക്വാര്‍ട്ടറില്‍നിന്നു ലഭിക്കും.

വിപണി ജൂണ്‍ 21-ന്

കഴിഞ്ഞയാഴ്ചയിലെ അവസാന വ്യാപാരദിനമായ ജൂണ്‍ 21-ന് വിപണി അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയരം ( 23667.10 പോയിന്റ്) രേഖപ്പെടുത്തിയശേഷം താഴ്ന്നു ക്ലോസ് ചെയ്യുകയായിരുന്നു. തലേദിവസങ്ങളിലെ ക്ലോസിംഗ് നിലയേക്കാള്‍ കുറഞ്ഞ് 23501.9 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. തലേ രണ്ടു ദിവസങ്ങളിലും യഥാക്രമം 23567 പോയിന്റ്, 23516 പോയിന്റ് എന്നിവയിലാണ് ക്ലോസ് ചെയ്തത്. എങ്കിലും ജൂണ്‍ 21-ലെ ക്ലോസിംഗ് 23500 പോയിന്റിനു മുകളില്‍ നിലനിര്‍ത്താന്‍ നിഫ്റ്റിക്കു സാധിച്ചുവെന്നതു മാത്രമാണ് ശ്രദ്ധേയമായിട്ടുള്ളത്.

ബിഎസ് ഇ സെന്‍സെക്‌സ് 269.03 പോയിന്റ് താഴ്ന്ന് 77209.9 പോയിന്റില്‍ ക്ലോസ് ചെയ്തു. ഐടി ഓഹരികളാണ് ഇന്നലെ വിപണിക്ക് കരുത്തു പകര്‍ന്നത്. നിഫ്റ്റി ഐടി 263 പോയിന്റാണ് മെച്ചപ്പെട്ടത്. മെറ്റല്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങിയ മേഖലകളും മികച്ച നേട്ടമുണ്ടാക്കി. ബാങ്ക്, ഓട്ടോ ഉള്‍പ്പെടെ മിക്ക സെക്ടറുകളും വെള്ളിയാഴ്ച ചുവപ്പിലായിരുന്നു. ബാങ്ക് നിഫ്റ്റി വെള്ളിയാഴ്ച 122 പോയിന്റ് കുറഞ്ഞാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

23500 പോയിന്റിനു മുകളില്‍ ക്ലോസിംഗ് നിലനിര്‍ത്താന്‍ സാധിച്ച നിഫ്റ്റിയുടെ മുഖ്യ റെസിസ്റ്റന്‍സ് 23670 പോയിന്റാണ്. നിഫ്റ്റി രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റാണ്. ഇതു മികച്ച വ്യാപാര വ്യാപതത്തില്‍ മറികടന്നാല്‍ മാത്രമേ പുതിയ ഉയരങ്ങള്‍ സൃഷ്ടിക്കാന്‍ നിഫ്റ്റിക്കു സാധിക്കുകയുള്ളു. അടുത്ത 23800 പോയിന്റിലും 24000 പോയിന്റിലുമാണ്.

താഴേയ്ക്ക് നീങ്ങിയാല്‍ നിഫ്റ്റിക്ക് 23300-23400 തലത്തില്‍ പിന്തുണ കിട്ടും. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍് 23000 പോയിിലേക്കും 22800 പോയിന്റിലേക്കും എത്താം. തല്‍്ക്കാലം 23300-23700 റേഞ്ചില്‍ നീങ്ങുകയാണ് നിഫ്റ്റി. വിപണിയുടെ പോസീറ്റീവ് മനോഭാവത്തിനു ഇതുവരെയും കോട്ടം തട്ടിയിട്ടില്ല.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷ് മോഡില്‍ തുടരുകയാണ്. ഇന്നലെ 62.66 ആണത്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: വന്യമായ വ്യാപാരത്തിനൊടുവില്‍ ബാങ്ക് നിഫ്റ്റി വെള്ളിയാഴ്ച 121.8 പോയിന്റ് കുറഞ്ഞ് 51661.45 പോയിന്റില്‍ ക്ലോസ് ചെയ്തിരിക്കുകയാണ്. ജൂണ്‍ 20-ലെ 51783.25 പോയിന്റാണ് റിക്കാര്‍ഡ് ക്ലോസിംഗ്.

ബാങ്ക് നിഫ്റ്റിയുടെ ഏറ്റവുമടുത്ത കടമ്പ 52000 പോയിന്റാണ്. ഇതുടര്‍ച്ചയായ മൂന്നാം ദിവസമാണ് ബാങ്ക് നിഫ്റ്റി ഇതിനടുത്ത് എത്തിയേശേഷം പിന്‍വാങ്ങുന്നത്. അടുത്ത റെസിസ്റ്റന്‍സ് 52200 പോയിന്റാണ്.

താഴേയ്ക്കു നീങ്ങിയല്‍ 51000-51200 തലത്തില്‍ പിന്തുണ കിട്ടും. തുടര്‍ന്ന് 50400-50600 പോയിന്റിലും 50100-50200 പോയിന്റിലും പിന്തുണ കിട്ടും. ബുള്ളീഷ് സോണില്‍ ശക്തമായി തുടരുന്ന ബാങ്ക് നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 62.45 ആണ്.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 9.5 പോയിന്റ് താഴ്ന്നു നില്‍ക്കുകയാണ്. താഴ്ന്ന ഓപ്പണിംഗ് ആണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ എഡിആറുകള്‍

മുഖ്യ കമ്പനികളുടെ ഇന്ത്യന്‍ എഡിആറുകള്‍ എല്ലാംതന്നെ വെള്ളിയാഴ്ച താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഇന്‍ഫോസിസ് എഡിആര്‍ 1.15 ശതമാനവും വിപ്രോ 0.17 ശതമാനവും ഐസിഐസിഐ ബാങ്ക് 0.29 ശതമാനവും താഴ്ന്നപ്പോള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് 0.27 ശതമാനം മെച്ചപ്പെട്ടു. റിലയന്‍സ് ഇന്‍ഡ് വ്യത്യാസമില്ലാതെ ക്ലോസ് ചെയ്തപ്പോള്‍ ഡോ റെഡ്ഡീസ് 1.13 ശതമാനം മെച്ചപ്പെട്ടു.

ഇന്ത്യ വിക്‌സ്

ഇന്ത്യ വിക്‌സ് ഇന്നലെ 0.16 പോയിന്റ് കുറഞ്ഞ് 13.18 പോയിന്റിലെത്തി. തലേദിവസമിത് 13.34 പോയിന്റായിരുന്നു. തെരഞ്ഞെടുപ്പു ഫലം വന്ന ജൂണ്‍ നാലിനിത് 26.74 ആയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് 10 ആയിരുന്നു ഇന്ത്യ വിക്‌സ്. എന്തായാലും വിപണി അതിന്റെ സാധാരണ നിലയിലേക്ക് എത്തിയിരിക്കുകയാണ്.

വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ജൂണ്‍ 21-ന് 0.92 ആണ്. തലേദിവസമിത് 1.29 ആയിരുന്നു. വിപണിയുടെ പൊതു മൂഡിനെ ഇതു പ്രതിഫലിപ്പിക്കുന്നു.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

യുഎസ് വിപണികള്‍ വെള്ളിയാഴ്ച സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫ്‌ളാറ്റ് ക്ലോസിംഗ് എന്നു വേണമെങ്കില്‍ പറയാം. യുഎസ് ഡൗജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് 15.57 പോയിന്റ് മെച്ചപ്പെട്ടപ്പോള്‍ നാസ്ഡാക് 32.23 പോയിന്റും എസ് ആന്‍ഡ് പി 8.55 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തത്.

യുഎസ് നിക്ഷേപകര്‍ പുതിയ സാമ്പത്തികവിവരങ്ങള്‍ക്കാ കാതോര്‍ക്കുകയാണ്. ജൂലൈയില്‍ പലിശനിരക്ക് വെട്ടിക്കുറയ്ക്കുമോയെന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. അതിനുള്ള സാധ്യത പത്തു ശതമാനത്തിനു താഴെയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

യൂറോപ്യന്‍ സൂചികകളെല്ലാം വെള്ളിയാഴ്ച നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 34.7 പോയിന്റും സിഎസി ഫ്രാന്‍സ് 42.77 പോയിന്റും ഡാക്‌സ് ജര്‍മനി 90.66 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 366.4 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തിട്ടുള്ളത്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

ലോക്‌സഭ തെരഞ്ഞെടുപ്പിനുശേഷം സ്ഥിരതയുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയെന്നും കഴിഞ്ഞ രണ്ടു സര്‍ക്കാരുകള്‍ പിന്തുടരുന്ന സാമ്പത്തിക നയ പരിപാടികള്‍ തുടരുമെന്നും ഉറപ്പായതോടെ വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വീണ്ടും ഇന്ത്യന്‍ വിപണിയില്‍ സജീവമായിത്തുടങ്ങി. അവരുടെ വില്‍പ്പനത്തോത് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വാരത്തില്‍ പല ദിവസങ്ങളിലും അവര്‍ നെറ്റ് വാങ്ങലുകാരായിരുന്നു. ജൂണ്‍ 21 വരെയുള്ള അവരുടെ നെറ്റ് വില്‍പ്പന 2584.71 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.

അതേസമയം ഇന്ത്യന്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ ഈ മാസങ്ങളിലെല്ലാംതന്നെ നെറ്റ് വാങ്ങലുകാരായിരുന്നു. അവര്‍ ജൂണില്‍ മാത്രം 21447കോടി രൂപയുടെ നെറ്റ് വാങ്ങലുകള്‍ നടത്തിയിട്ടുണ്ട്.

കമ്പനി വാര്‍ത്തകള്‍

എസ്ബിഐ: 2023-24-ല്‍ സ്റ്റേറ്റ ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രസര്‍ക്കാരിന് 6959.29 കോടി രൂപ ലാഭവീതമായി നല്‍കി. ഒരു ധനകാര്യ വര്‍ഷത്തില്‍ എസ്ബിഐ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ലാഭവീതമാണിത്. മുന്‍സാമ്പത്തികവര്‍ഷത്തില്‍ ലാഭവീതമായി നല്‍കിയിരുന്നത് 5740 കോടി രൂപയായിരുന്നു. ബാങ്ക് ഓഫ് മഹാരാഷ്ട്ര ബാങ്ക് ഇക്കഴിഞ്ഞ വര്‍ഷത്തില്‍ 857.16 കോടി രൂപ ലാഭവീതമായി സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്.

.ക്രൂഡോയില്‍ വില

ഇന്നു രാവിലെ ഡബ്‌ള്യുടിഐ ക്രൂഡിന്റെ വില ബാരലിന് 80.73 ഡോളറായി. മേയ് 30-നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയേശേഷം (82.7 ഡോളര്‍) എണ്‍പതു ഡോളറിനടുത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് ഇന്നു രാവിലെ 85.24 ഡോളറാണ് വില. ഇന്നലത്തെ ക്ലോസിംഗിനേക്കാള്‍ അല്‍പ്പം താഴ്ന്നാണിത് നില്‍ക്കുന്നത്.

ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല. അത് കറന്റ് അക്കൗണ്ട് കമ്മി കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതി ചെയ്യുകയും ചെയ്യും.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.