19 Sep 2024 2:15 AM GMT
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ അര ശതമാനം കുറവു വരുത്തി. വായ്പാ പലിശ നിരക്ക് ഇതോടെ 5.25-5.5 ശതമാനത്തില്‍നിന്ന് 4.75-5 ശതമാനമായി താഴ്ന്നു. 2020-നുശേഷം ആദ്യമായാണ് ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കുന്നത്.
തുടക്കത്തില്‍ യുഎസ് ഓഹരികള്‍ കുത്തനെ ഉയര്‍ന്നുവെങ്കില്‍ നൂറിലധികം പോയിന്റ് കുറഞ്ഞാണ് ഡൗ ജോണ്‍സ് ക്ലോസ് ചെയ്തത്. നാസ്ഡാക്, എസ് ആന്‍ഡ് പിയുടേയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അര ശതമാനം വെട്ടിക്കുറവ് ഒറ്റയടിക്ക് നടത്തിയത് യുഎസ് സമ്പദ്ഘടനയുടെ ആരോഗ്യത്തെക്കുറിച്ചു സംശയം ജനിപ്പിക്കുന്നുവെന്നു വിലയിരുത്തിയാണ് വിപണി കുറഞ്ഞു ക്ലോസ് ചെയ്തിട്ടുള്ളത്. എ്ന്നാല്‍ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചറുകള്‍ എല്ലാം പോസീറ്റീവാണ്. അതായത് വിപണി ഫെഡ് പലിശ വെട്ടിക്കുറയ്ക്കലിനെ സ്വാഗതം ചെയ്തിരിക്കുന്നു എ്ന്നര്‍ത്ഥം. ഫെഡറല്‍ റിസര്‍വിന്റെ നയം മാറ്റത്തെ സഹര്‍ഷം സ്വാഗതം ചെയ്തിരിക്കുകയാണ് വിപണി.
ഫെഡറല്‍ റിസര്‍വിന്റെ ഏറ്റവും പുതിയ ഇക്കണോമിക് പ്രൊജക്ഷന്‍ സമ്മറി നല്‍കുന്ന സൂചന ഈ വര്‍ഷം രണ്ടു തവണകൂടി പലിശ കുറയ്ക്കുമെന്നാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കുറഞ്ഞത് ഒരു ശതമാനം കുറവ് പലിശയില്‍ ഈ വര്‍ഷമുണ്ടാകുമെന്നും അവര്‍ കരുതുന്നു.
വായ്പാ പലിശയിലെ കുറവ് കോര്‍പറേറ്റുകളുടെ വായ്പാ പലിശ ബാധ്യത കുറയ്ക്കുകയും പ്രവര്‍ത്തനലാഭം മെച്ചപ്പോടുത്തുവാന്‍ സഹായിക്കുകയും ചെയ്യും. കൂടുതല്‍ പണം വിപണിയിലേക്ക് എത്തുകയും സമ്പദ്ഘടനയ്ക്ക് ഊര്‍ജമേകുകയും ചെയ്യുന്നു.
സെപ്റ്റംബര്‍ 19-ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. ഭാവിയില്‍ പലിശ നിരക്ക് വെട്ടിക്കുറയ്ക്കല്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത ഇതുവഴി കൈവരും. പണപ്പെരുപ്പ ലക്ഷ്യത്തില്‍നിന്നു ജോബ് വ്ിപണി റിസ്‌ക് ഒഴിവാക്കുന്നതിലേക്കു ഫെഡ് ശ്രദ്ധ തിരിക്കുകയാണെന്ന് പവല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇനി ഇന്ത്യയുടെ ഊഴമാണ്. ഉയര്‍ന്ന പലിശനിരക്ക് ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയുടെ വേഗം കുറയ്ക്കുകയാണ്. ഇപ്പോള്‍ ലോകത്ത് ഏറ്റവും വേഗം വളരുന്ന സമ്പദ്ഘടനയാണെങ്കിലും ഏപ്രില്‍- ജൂണ്‍ ക്വാര്‍ട്ടറിലെ ഇന്ത്യന്‍ വളര്‍ച്ച 15 മാസത്തെ ഏറ്റവും കുറഞ്ഞതാണെന്നുള്ളത് ഓര്‍ക്കേണ്ടതുണ്ട്. പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമായ നാലൂ ശതമാനത്തിനു താഴെ തുടര്‍്ച്ചയായ രണ്ടാം മാസവും എത്തിയിരിക്കുകയാണ്. ഈ വര്‍ഷാവസാനത്തോടെ പലിശ നിരക്കില്‍ വെട്ടിക്കുറവു ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. ഒന്നോ രണ്ടോ മാസം പണപ്പെരുപ്പം കുറഞ്ഞതുകൊണ്ടു പലിശ കുറയ്ക്കാന്‍ സാധിക്കുകയില്ലെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ വിപണി ഇന്നലെ
ഫെഡറല്‍ റിസര്‍വിന്റെ പലിശ വെട്ടിക്കുറയ്ക്കല്‍ സംബന്ധിച്ച തീരുമാനം പുറത്തുവരുന്നതിനു മുമ്പ് ക്ലോസ് ചെയ്ത ഇന്ത്യന്‍ വിപണി നേരിയ താഴ്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായി കരുതുന്ന നിഫ്റ്റി ഇന്നലെ 44 പോയിന്റ് താഴ്ന്ന് 25377.55 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഇന്നലെയും വിപണി നീക്കം റേഞ്ച് ബൗണ്ടായിരുന്നു. ചൊവ്വാഴ്ചത്തെ 25418.55 പോയിന്റ് റിക്കാര്‍ഡ് ക്ലോസിംഗ് ആണ്. ആദ്യമായാണ് നിഫ്റ്റി 25400 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്യുന്നത്. ഇന്നു രാവിലെ 25400 പോയിന്റിനു മുകളില്‍ ഓപ്പണ്‍ ചെയ്ത നിഫ്റ്റി റിക്കാര്‍ഡ് ഉയരമായ 25482.2 പോയിന്റിലെത്തിയശേഷമാണ് താഴ്ന്നു ക്ലോസ് ചെയ്തത്.
ബാങ്കിംഗ്- ധനകാര്യമേഖലയൊഴികെ മറ്റെല്ലാ മേഖലകളും ചുവപ്പില്‍ അവസാനിച്ച ദിവസമാണ് ഇന്നലെ. ഓട്ടോ, ഐടി, എഫ്എംസിജി, മീഡിയ, മെറ്റല്‍, ഫാര്‍മ, റിയല്‍റ്റി തുടങ്ങിയവയിലെല്ലാം ഇന്നലെ വില്‍പ്പനയാണ് ദൃശ്യമായത്. ഈ വിഭാഗത്തിലെ സ്‌മോള്‍, മിഡ്, ലാര്‍ജ് കാപ് മേഖലകളില്‍ വില്‍പ്പനയുണ്ടായി.
ചൊവ്വാഴ്ച ആദ്യമായി 83000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്ത ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ഇന്നലെ അതിനു താഴേയ്ക്കു നീങ്ങി. ഇന്നലെ സെന്‍സെക്‌സ് 131.43 പോയിന്റ് താഴ്ന്ന് 82948.23 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇന്നലെ രാവിലെ83037.13 പോയിന്റില്‍ ഓപ്പണ്‍ ചെയ്ത സെന്‍സെക്‌സ് 83326.38 പോയിന്റ് വരെ ഉയര്‍ന്നശേഷമാണ് താഴ്ന്ന് ക്ലോസ് ചെയ്തത്. സെന്‍സെക്‌സിന്റെ സര്‍വകാല റിക്കാര്‍ഡ് ഉയരമാണ് ഇ്‌നലെ സൃഷ്ടിച്ചത്.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 25560-25680 പോയിന്റ് തലത്തില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം ഇതിനു മുകളിലേക്കു നീങ്ങുകയാണെങ്കില്‍ 25800 പോയിന്റ് വരെ നിഫ്റ്റി എത്താം. നിഫ്റ്റിയുടെ ലക്ഷ്യം 26000 പോയിന്റാണ്. അത് എത്തി തിരുത്തലിലേക്കു നീങ്ങാം.
നിഫ്റ്റിയില്‍ തിരുത്തലുണ്ടായാല്‍ 25250 പോയിന്റില്‍ പിന്തുണ കിട്ടും. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 25080 പോയിന്റ്ിലും തുടര്‍ന്ന് 24850-24950 തലത്തിലുമാണ് പിന്തുണ കിട്ടുക.
നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 62.96 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
ബാങ്ക് നിഫ്റ്റി: ബാങ്ക് നിഫ്റ്റി തുടര്‍ച്ചയായ മൂന്നാം ദിവസവും 52000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്തു. ഇന്നലെ 561.75 പോയിന്റ് നേട്ടത്തോടെ 52750.40 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ ക്ലോസിംഗ്.
ബാങ്ക് നിഫ്റ്റി ഇന്നും മെച്ചപ്പെടുകയാണെങ്കില്‍ 53000 പോയിന്റും തുടര്‍ന്ന് 53360 പോയിന്റും റെസിസ്റ്റന്‍സായി പ്രവര്‍ത്തിക്കും. ഇതിനു മുകളില്‍ 53750- 53830 തലത്തില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.
നേരേ മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കാണ് നീങ്ങുന്നതെങ്കില്‍ 52000 പോയിന്റിലും 51650-51750 തലത്തിലും തുടര്‍ന്ന് 51285-51355 തലത്തിലും 50950-51000 തലത്തിലും പിന്തുണയുണ്ടാകും.
ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 66.78 ആണ്. ബുള്ളീഷ് മോഡിലാണ് ബാങ്ക് നിഫ്റ്റി.
ഗിഫ്റ്റ് നിഫ്റ്റി
ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി അര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 51.5 പോയിന്റ് മെച്ചപ്പെട്ടു നില്‍ക്കുകയാണ്. മെച്ചപ്പെട്ട ഓപ്പണിംഗ് പ്രതീക്ഷിക്കാം.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ് ഇന്നലെ 6.21 ശതമാനം ഉയര്‍ച്ചയോടെ 13.37 പോയിന്റിലെത്തി. ചൊവ്വാഴ്ചയിത് 12.59 ആയിരുന്നു. വിക്സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വിപിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്സ്.
നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.13 -ലേക്ക് താഴ്ന്നു. ചൊവ്വാഴ്ചയിത് 1.3 ആയിരുന്നു. ശക്തമായ ബുള്ളീഷ് ട്രെന്‍ഡിനെയാണ് ഇതു സൂചിപ്പിക്കുന്നത്.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ എഡിആറുകള്‍
ഇന്ത്യന്‍ എഡിആറുകള്‍ ഇന്നലെ സമ്മിശ്രമായിരുന്നു. ഐടി, ഫാര്‍മ ഓഹരികള്‍ താഴ്ന്നപ്പോള്‍ ബാങ്കിംഗ് ഓഹരികള്‍ മെച്ചപ്പെട്ടു. ഐടി ഓഹരികളായ ഇന്‍ഫോസിസ് 2.13 ശതമാനവും വിപ്രോ 2 ശതമാനവും താഴ്ന്നു. ഐസിഐസിഐ ബാങ്ക് 1.67 ശതമാനവും എച്ച് ഡിഎഫ്സി ബാങ്ക് 0.75 ശതമാനവും മെച്ചപ്പെട്ടു. ഡോ. റെഡ്ഡീസ് 0.93 ശതമാനം താഴ്ന്നപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാറ്റമില്ലാതെ തുടര്‍ന്നു. യാത്ര ഓഹരികളായ മേക്ക് മൈ ട്രിപ് 1.41 ശതമാനം മെച്ചപ്പെട്ടപ്പോള്‍ യാത്ര ഓണ്‍ലൈന്‍ 1.25 ശതമാനം കുറഞ്ഞു.
യുഎസ് വിപണികള്‍
ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ അര ശതമാനം വെട്ടിക്കുറവു വരുത്തിയെങ്കിലും യുഎസ് ഓഹരികള്‍ ബുധനാഴ്ച താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫെഡ് തീരുമാനം വന്നയുടനെ ഓഹരി വിലകള്‍ ഉയരുകയും റിക്കാര്‍ഡ് ഉയരത്തിലെത്തുകയും ചെയ്തു. പിന്നീടാണ് നേട്ടമെല്ലാം നഷ്ടപ്പെടുത്തിയത്. ചൊവ്വാഴ്ചത്തെ ക്ലോസിംഗിനേക്കാള്‍ 25 പോയിന്റോളം ഉയര്‍ന്ന ഓപ്പണ്‍ ചെയ്ത ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് തീരുമാനം വരുംവരെ നേരിയ റേഞ്ചില്‍ നീങ്ങുകയായിരുന്നു. ഫെഡ് തീരുമാനം വന്നതോടെ വിപണി കുതിച്ചുയര്‍ന്നു. ഡൗ റിക്കാര്‍ഡ് ഉയര്‍ച്ചയായ 41981.97 പോയിന്റ് വരെ ഉയര്‍ന്നശേഷം അവസാന മണിക്കൂറില്‍ നേട്ടമെല്ലാം നഷ്ടപ്പെടുത്തുകയായിരുന്നു. ഡൗ 103.08 പോയിന്റ് (0.25 ശതമാനം) കുറഞ്ഞ് 41503.1 പോയിന്റിലാണ് ക്ലോസ് ചെയ്തത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഡൗ താഴ്ന്നു ക്ലോസ് ചെയ്യുന്നത്.
ഡൗവിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നാസ്ഡാക് കോമ്പോസിറ്റും എസ് ആന്‍ഡ് പിയും ഒരേപോലെ ഇന്നലെ താഴ്ന്നു. നാസ്ഡാക് 54.76 പോയിന്റും (0.31 ശതമാനം) എസ് ആന്‍ഡ് പി 500 സൂചിക 16.32 പോയിന്റും (0.29 ശതമാനം) താഴ്ന്നാണ് ക്ലോസ് ചെയ്തത്.
യുഎസ് ഫെഡറല്‍ റിസര്‍വ് തീരുമാനം വരുംമുമ്പേ ക്ലോസ് ചെയ്ത യുറോപ്യന്‍ വിപണികള്‍ എല്ലാം ഇന്നലെ ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്ടിഎസ്ഇ യുകെ 57.05 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 129.45 പോയിന്റും സിഎസി ഫ്രാന്‍സ് 37.19 പോയിന്റും ജര്‍മന്‍ ഡാക്സ് 14.27 പോയിന്റ്ും താഴ്ന്നാണ് ക്ലോസ് ചെയ്തത്.
എന്നാല്‍ ഇന്നു രാവിലെ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് ഉയര്‍ന്നു നില്‍ക്കുകയാണ്. വിപണി പലിശ വെട്ടിക്കുറവ് വിലയിരുത്തിയെന്നര്‍ത്ഥം.
ഏഷ്യന്‍ വിപണികള്‍
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ വെട്ടിക്കുറയ്ക്കല്‍ തീരുമാനം പുറത്തുവന്നതിനുശേഷം തുറന്ന ജാപ്പനീസ് നിക്കി അറുന്നൂറോളം പോയിന്റ് മെച്ചത്തിലാണ് വ്യാപാരം തുടങ്ങിയത്. രാവിലെ ഒന്നര മണിക്കൂര്‍ വ്യാപാരം കഴിയുമ്പോള്‍ നിക്കി 678.68 പോയിന്റ് മെച്ചപ്പെട്ടു നില്‍ക്കുകയാണ്. ബുധനാഴ്ച നിക്കി 177 പോയിന്റ് മെച്ചപ്പെട്ടായിരുന്നു ക്ലോസ് ചെയ്തത്. മൂന്നു ദിവസത്തെ അവധിക്കുശേഷം തുറന്ന കൊറിയന്‍ കോസ്പി 16.97 പോയിന്റ് താഴ്ന്നു നില്‍ക്കുന്നു. സിംഗപ്പൂര്‍ ഹാംഗ് സെംഗ് ഇന്‍ഡെക്‌സ് 26.09 പോയിന്റ്ും ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 1.56 പോയിന്റുംതാഴ്ന്നാണ്
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍
ഇന്നലെ വിദേശനിക്ഷേപകസ്ഥാപനങ്ങളും ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളും ഒരേപോലെ നെറ്റ് വാങ്ങലുകാരായിരുന്നു. ഇന്ത്യന്‍ സ്ഥാപനങ്ങളുടെ നാങ്ങള്‍ നേരിയ തോതിലായിരുന്നുവെന്നു മാത്രം.
വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 11654. കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 10500.31 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് നെറ്റ് വാങ്ങല്‍ 1153.69 കോടി രൂപ. ഇതോടെ ഇതുവരെയുള്ള അവരുടെ നെറ്റ് വാങ്ങല്‍ 17404.52 കോടി രൂപയായി ഉയര്‍ന്നു.
എന്നാല്‍ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 11794.51 കോടി രൂപയുടെ ഓഹരികള്‍ വാങ്ങകുകയും 11642.2 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് അവരുടെ നെറ്റ് വാങ്ങല്‍ 152.31 കോടി രൂപ. ഇതോടെ സെപ്റ്റംബറിലെ അവരുടെ നെറ്റ് വാങ്ങല്‍ 11586.94 കോടി രൂപയുടേതാണ്.
ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ വാങ്ങല്‍ രീതിയില്‍ മാറ്റം വന്നിരിക്കുയാണ്. മൊമന്റം കുറഞ്ഞിരിക്കുന്നു. അതിന്റെ അര്‍ത്ഥം വിപണി ഏതാണ്ട് ഉയരത്തില്‍ എത്തിയിരിക്കുന്നുവന്നു തന്നെയാണ്. അതിനാല്‍ ജാഗ്രതയോടെ നിക്ഷേപകര്‍ നീങ്ങുക.
ക്രൂഡോയില്‍ വില
ഒപ്പെക് പ്ലസ് രാജ്യങ്ങള്‍ എണ്ണ ഉത്പാദനത്തില്‍ തല്‍സ്ഥിതി തുടര്‍ന്നാല്‍ വിപണിയില്‍ അധികയെണ്ണ 2025-ന്റെ ആദ്യപകുതിവരുെ ഉണ്ടായിരിക്കുകയില്ലെന്ന് സ്റ്റാന്‍ഡാര്‍ഡ് ചാര്‍ട്ടേഡിലെ അനലിസ്റ്റുകള്‍ വിലയിരുത്തു്ന്നു. സെപ്റ്റംബര്‍ പത്തിന് ബ്രെ്ന്റ് ഓയില്‍ ബാരലിന് 68.68 ഡോളര്‍വരെ താഴ്ന്നിരുന്നു. തുടര്‍ന്ന് ഒരാഴ്ചയില്‍ അഞ്ചു ഡോളറോളം വില ഉയര്‍ന്നു. അധികയെണ്ണ വിപണിയിലേക്ക് വരാതിരിക്കുന്ന സാഹചര്യത്തില്‍ ഷോര്‍ട്ട് കവറിംഗാണ് വില മെച്ചപ്പെടുത്തിയത്. യുഎസ് പലിശ നിരക്കില്‍ വലിയ വെട്ടിക്കുറയ്ക്കല്‍ നടത്തിയെങ്കിലും സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച ആശങ്കകള്‍ എണ്ണവിലയില്‍ പ്രതിഫലിച്ചില്ല. മാത്രമല്ല, നേരിയ തോതില്‍ താഴ്ന്നാണ് വില നീങ്ങുന്നത്.
ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 73.32 ഡോളറാണ്. ബുധനാഴ്ച രാവിലെയിത് 73.52 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്ള്യുടിഐ ബാരലിന് 70.53 ഡോളറുമാണ്. ബുധനാഴ്ച രാവിലെ 71.01 ഡോളറായിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവില കുറയുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇറക്കുമതിച്ചെലവു കുറയ്ക്കുമെന്നു മാത്രമല്ല, ഇന്ധനവിലക്കയറ്റം കുറയ്ക്കുകയും രാജ്യത്തിന്റെ അടവുശിഷ്ടനിലയിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. രൂപയുടെ ഇടിവു തടയുന്നതിനും ഇതു സഹായകരമാകും.
ഇന്ത്യന്‍ രൂപ ഇന്നലെ
റിക്കാര്‍ഡ് ഉയരത്തില്‍ നീങ്ങുന്ന ശക്തമായ ഇന്ത്യന്‍ ഓഹരി വിപണിയും വിദേശ, സ്വദേശ നിക്ഷേപകസ്ഥാപനങ്ങളുടെ ഓഹരി വാങ്ങലും ഇന്നലെ രൂപയ്ക്കു തുണയായി. പണപ്പെരുപ്പം കുറയുന്നതും വിദേശനാണ്യശേഖരമുയരുന്നതും രൂപയ്ക്കു തുണയായി. ഇന്നലെ ഡോളറിന് 83.72 രൂപയായിരുന്നു ക്ലോസിംഗ്. തലേദിവസമിത് 83.76 ആയിരുന്നു.
രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.