28 Feb 2025 4:23 PM IST
ഫെബ്രുവരിയിലെ അവസാന വ്യാപാരദിനമായ ഇന്ന് ഇന്ത്യന്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. സെൻസെക്സ് 1414.33 പോയിന്റ് അഥവാ 1.90 ശതമാനം ഇടിഞ്ഞ് 73,198.103 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 420.35 പോയിന്റ് അഥവാ 1.86 ശതമാനം ഇടിഞ്ഞ് 22,124.70 ലെത്തി.
ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം അധിക താരിഫ് ഏർപ്പെടുത്തുമെന്ന ട്രംപിന്റെ പുതിയ പ്രതികരണമാണ് വിപണിയെ ഇടിവിലേക്കു നയിച്ചത്. കനത്ത തകര്‍ച്ച നേരിട്ടതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 7 ലക്ഷം കോടി കുറഞ്ഞ് 385.94 ലക്ഷം കോടിയിലെത്തി.
സെൻസെസ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. അതേസമയം ടെക് മഹീന്ദ്ര, ഇൻഡസ്ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റാൻ, ടാറ്റ കൺസൾട്ടൻസി സർവീസസ്, നെസ്‌ലെ, മാരുതിഎന്നി ഓഹരികളിൽ വലിയ ഇടിവ് നേരിട്ടു.
സെക്ടറൽ സൂചിക
സെക്ടറൽ സൂചികകൾ എല്ലാം നഷ്ടത്തിലാണ് ഇന്ന് വ്യാപാരം നടത്തിയത്. ഐടി, ടെക്, ഓട്ടോ, ടെലികോം മേഖലയ്ക്കാണ് ഏറ്റവും അധികം തിരിച്ചടി നേരിട്ടത്. സൂചികകൾ 3-4 ശതമാനം വരെ ഇടിഞ്ഞു.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.6 ശതമാനവും സ്മോൾക്യാപ് സൂചിക 3 ശതമാനവും ഇടിഞ്ഞു. ഇന്ത്യ വിക്സ് 4.39 ശതമാനം ഉയർന്നു 13.89 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യൻ വിപണികളും നഷ്ടത്തിലായിരുന്നു വ്യാപാരം. വ്യാഴാഴ്ച യുഎസ് വിപണികൾ കുത്തനെ ഇടിഞ്ഞു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 0.69 ശതമാനം ഇടിഞ്ഞ് 73.53 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 28 പൈസ ഇടിഞ്ഞ് 87.46 ൽ ക്ലോസ് ചെയ്തു.