4 Oct 2024 12:41 PM GMT
ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ഇടിവോടെയാണ്. പശ്ചിമേഷ്യലെ യുദ്ധ ഭീതി വിപണിയെ ബാധിച്ചു. സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു. തുടർച്ചയായി അഞ്ചാം ദിവസമാണ് വിപണ ചുവപ്പിൽ അവസാനിക്കുന്നത്. സെൻസെക്‌സ് -808.65 പോയിൻ്റ് അഥവാ -0.98 ശതമാനം ഇടിഞ്ഞ് 81,688.45 ലും നിഫ്റ്റി - 235.50 പോയിൻ്റ് അഥവാ -0.90 ശതമാനം ഇടിഞ്ഞ് 25,014.60 ലും വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്സിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിൻ്റ്‌സ്, നെസ്‌ലെ, ഭാരതി എയർടെൽ, അൾട്രാടെക് സിമൻ്റ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. അതേസമയം, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെക്ടറൽ സൂചികകളിൽ നിഫ്റ്റി റിയൽറ്റി 1.6 ശതമാനവും ഓട്ടോ -1.5, ബാങ്ക് 0.74 , മീഡിയ 2.6, ഓയിൽ & ഗ്യാസ് സൂചിക 0.99 ശതമാനവും ഇടിഞ്ഞു.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. അവധിയായതിനാൽ ചൈനയിലെ മാർക്കറ്റുകൾ അടച്ചിട്ടിരിക്കുകയാണ്. മിഡ് സെഷൻ ഡീലുകളിൽ യൂറോപ്യൻ വിപണികൾ ഉയർന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ വ്യാഴാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.99 ശതമാനം ഉയർന്ന് ബാരലിന് 78.39 ഡോളറിലെത്തി. വിദേശ സ്ഥാപന നിക്ഷേപകർ വ്യാഴാഴ്ച 15,243.27 കോടി രൂപയുടെ ഓഹരികൾ വിറ്റു.