image

5 Jan 2024 10:27 AM GMT

Stock Market Updates

നേട്ടത്തില്‍ നിലയുറപ്പിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകളുടെ ക്ലോസിംഗ്

MyFin Desk

benchmark indices closed on gains
X

Summary

  • മികച്ച മുന്നേറ്റം രേഖപ്പെടുത്തി നിഫ്റ്റി ഐടി
  • ആരോഗ്യ സേവനങ്ങളുടെ സൂചിക ഏറ്റവും വലിയ ഇടിവില്‍
  • മിഡ്ക്യാപ്, സ്‍മാള്‍ക്യാപ് സൂചികകളും നേട്ടത്തില്‍


ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാര സെഷനിലുടനീളം അനിശ്ചിതത്വം പ്രകടമായെങ്കിലും സൂചികകള്‍ നേട്ടം കൈവിട്ടില്ല. സെന്‍സെക്സ് 178.58 പോയിന്‍റ് അഥവാ 0.25 ശതമാനം നേട്ടത്തോടെ 72,026.15ലും നിഫ്റ്റി 52.20 പോയിന്‍റ് അഥവാ 0.24 ശതമാനം നേട്ടത്തോടെ 21,710.80ലും വ്യാപാരം അവസാനിപ്പിച്ചു.

രണ്ട് ദിവസത്തെ ഇടിവിനും ഇന്നലത്തെ നേട്ടത്തിനും ശേഷം, വില്‍പ്പനക്കാര്‍ക്കും വാങ്ങലുകാര്‍ക്കും ഇടയില്‍ അനിശ്ചിതത്വം നില്‍ക്കുന്നതായാണ് ഇന്ന് ബെഞ്ച്മാര്‍ക്ക് സൂചികകളിലെ ചലനങ്ങള്‍ വ്യക്തമാക്കുന്നത്.

നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.18 ശതമാനവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 0.65 ശതമാനവും നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.19 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.61 ശതമാനവും നേട്ടത്തിലാണ്.

സെക്ടറൽ സൂചികകൾ

നിഫ്റ്റിയില്‍ ഐടി സൂചിക 1.29 ശതമാനം മുന്നേറി ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി. ഓട്ടൊമൊബൈല്‍ (0.44%). റിയല്‍റ്റി (0.36%), ഓയില്‍-ഗ്യാസ് (0.26%) ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ (0.20%) എന്നിവയും നേട്ടം രേഖപ്പെടുത്തി. ആരോഗ്യ സേവനങ്ങളുടെ സൂചിക ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി, 0.65 ശതമാനം. പൊതുമേഖലാ ബാങ്ക് (0.38%) ഫാര്‍മ (0.36%), മെറ്റല്‍, എഫ്എംസിജി, ധനകാര്യ സേവനങ്ങള്‍, സ്വകാര്യ ബാങ്ക്, ബാങ്ക് തുടങ്ങിയ സൂചികകളും ഇടിവിലായിരുന്നു.

ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികൾ

ഇന്ന് നിഫ്റ്റി 50-യില്‍ അദാനി പോര്‍ട്സ് (2.65%), എല്‍ടി (2.60%), ടിസിഎസ് (1.96%), എസ്‍ബിഐ ലൈഫ് (1.60%), എല്‍ടിഐഎം (1.37%), എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. സെന്‍സെക്സില്‍ ടിസിഎസ് (1.93 %), എല്‍ടി (1.62 %), ഇന്‍ഫോസിസ് (1.37 %), ആക്സിസ് ബാങ്ക് (1.16 %), എച്ച്സിഎല്‍ ടെക് (1.13%) എന്നിവ മികച്ച നേട്ടം സ്വന്തമാക്കി.

ഇന്ന് നഷ്ടത്തിലായ ഓഹരികൾ

ബ്രിട്ടാനിയ (1.62%), നെസ്‍ലെ ഇന്ത്യ (1.61%), ജെഎസ്‍ഡബ്ല്യു സ്‍റ്റീല്‍ (1.04%), കൊട്ടക് ബാങ്ക് (1.01 %), ഡിവിസ്‍ലാബ് (0.99%) എന്നിവയാണ് നിഫ്റ്റിയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ നെസ്‍ലെ ഇന്ത്യ (1.65 %) ജെഎസ്‍ഡബ്ല്യു സ്‍റ്റീല്‍ (1.06 %), കൊട്ടക് ബാങ്ക് (1.04 %), സണ്‍ ഫാര്‍മ (0.78 %), ഏഷ്യന്‍ പെയിന്‍റ്സ് (0.71 %) എന്നിവ വലിയ ഇടിവ് രേഖപ്പെടുത്തി.

ഏഷ്യന്‍ വിപണികള്‍

ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ ഇടിവിലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ദക്ഷിണ കൊറിയയുടെ കോസ്പി, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ്, ചൈനയുടെ ഷാങ്ഹായ്, ജപ്പാന്‍റെ നിക്കി എന്നിവ ഇടിവിലാണ്.