image

3 Oct 2024 2:00 AM GMT

Stock Market Updates

ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാം : വിപണി തുറക്കും മുമ്പ് നിക്ഷേപകർ ഈ 10 കാര്യങ്ങൾ അറിഞ്ഞിരിക്കണം

Joy Philip

ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാം : വിപണി തുറക്കും മുമ്പ് നിക്ഷേപകർ ഈ 10 കാര്യങ്ങൾ അറിഞ്ഞിരിക്കണം
X

ഇറാന്‍ ഇസ്രയേലിലേക്ക് 180-ഓളം മിസൈല്‍ അയച്ചത് ആഗോള വിപണിയെ വിറപ്പിച്ചു. ഒക്ടോബര്‍ ഒന്നിന് ആഗോള വിപണികള്‍ എല്ലാംതന്നെ താഴ്ചയില്‍ ക്ലോസ് ചെയ്തുവെന്നു മാത്രമല്ല, ക്രൂഡോയില്‍ വില കുതിച്ചുയരുകയും ചെയ്തു. ഇതിന്റെ പ്രതിഫലനമെന്നോണേ ഒക്ടോബര്‍ രണ്ടിന് ഏഷ്യന്‍ വിപണികള്‍ താഴ്ന്നാണ് ഓപ്പണ്‍ ചെയ്തത്. ഇറനെതിരേ തിരിച്ചടിക്കുമെന്നു ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു യുഎസ് ശക്തമായ പിന്തുണയും നല്‍കുന്നു. ഇതു സംഘര്‍ഷം മൂര്‍ച്ഛിക്കുമെന്ന സൂചന നല്‍കുന്നു. എന്നാല്‍ ഇറാന്‍ തല്‍ക്കാലം ആക്രമണം അവസാനിപ്പിച്ചുവെന്നു പ്രഖ്യപിച്ചതോടെ ആഗോള വിപണി ന്ഷ്ടത്തില്‍ ഒരു ഭാഗം തിരിച്ചെടുക്കുകയായിരുന്നു. ഇന്നലെ യു എസ് വിപണി നേരയി തോതില്‍ മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. എന്നാല്‍ യുഎസ്, യൂറോപ്പ് ഫ്യൂച്ചേഴ്‌സ് നെഗറ്റീവായാണ് നീങ്ങുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനു അയവു വരുന്നുവെന്ന സൂചന ക്രൂഡോയില്‍ വിലയില്‍ ഇടിവുണ്ടാക്കിയിരിക്കുകയാണ്.

ചൈനീസ് വിപണിയുടെ മുന്നേറ്റം ഇന്ത്യന്‍ വിപണിക്ക് പ്രതികൂലമാകുകയാണ്. െൈന പ്രഖ്യാപിച്ച സാമ്പത്തികയാ ഉത്തേജക നടപടികള്‍ ചൈനീസ് വിപണിയിലേക്ക് വിദേശ നിക്ഷേപമൊഴുക്കുകയാണ്. ചൈനീസ് ഓഹരി 17 വര്‍ഷത്തെ താഴ്ചയില്‍ നില്‍ക്കുകയായിരുന്നു. കൂറഞ്ഞു നില്‍ക്കുന്ന മൂല്യം ചൈനീസ് വിപണിയിലേക്ക് പണം ആകര്‍ഷിക്കുകയാണ്. ഇതിന്റ നഷ്ടം ഇന്ത്യയുള്‍പ്പെടെയുള്ള ഉയര്‍ന്ന മൂല്യത്തില്‍ നില്‍ക്കുന്ന നവോദയാ വിപണികള്‍ക്കാണ്. വിദേശ നിക്ഷേപകസ്ഥ്പനങ്ങള്‍ വില്‍പ്പനക്കാരാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം. എഫ്‌ഐഐ വില്‍പ്പന വിപണിയുടെ പൊതുമനഭാവത്തെ ബാധിക്കും.

ഒക്‌ടോബര്‍ രണ്ടിലെ അവധിക്കുശേഷമാണ് ഇന്ത്യന്‍ വിപണി തുറക്കുന്നത്. ആഗോള വിപണിയില്‍ ചൊവ്വാഴ്ചയുണ്ടായ ഇടിവ് ഇന്ത്യന്‍ വിപണിക്ക് ഉള്‍ക്കൊള്ളേണ്ടതുണ്ട്. അതുകൊണ്ടുതന്നെ താഴ്ന്നു തുടങ്ങാനുള്ള സാധ്യതയേറെയാണ്.

ഇന്ത്യന്‍ വിപണി ചൊവ്വാഴ്ച

തിങ്കളാഴ്ചത്തെ ശക്തമായ തിരുത്തലിനുശേഷം ഇന്നലെ ഇന്ത്യന്‍ ഓഹരി വിപണി നേരിയ തോതില്‍ താഴ്ന്നു ക്ലോസ് ചെയ്തു. സെപ്റ്റംബര്‍ 27-ലെ റിക്കാര്‍ഡ് ഉയരത്തില്‍നിന്ന് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യന്‍ വിപണികള്‍ താഴ്ന്നു ക്ലോസ് ചെയ്യുന്നത്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റി ഇന്നലെ 13.95 പോയിന്റ് കുറഞ്ഞ് 25796.6 പോയിന്റില്‍ ക്ലോസ് ചെയ്തു. തിങ്കാളാഴ്ച 368.10 പോയിന്റ് ഇടിഞ്ഞിരുന്നു. സെപ്റ്റംബര്‍ 27-ലെ 26277.35 പോയിന്റാണ് നിഫ്റ്റിയുടെ റിക്കാര്‍ഡ് ഉയരം.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്‌സ് സൂചിക ഇന്നലെ 33.49 പോയിന്റ് താഴ്ന്ന് 84266.29 പോയിന്റില്‍ ക്ലോസ് ചെയ്തു. സെപ്റ്റംബര്‍ 30-ന് 1227.07 പോയിന്റ് (1.49 ശതമാനം) ഇടിവു കാണിച്ചിരുന്നു. 86000 പോയിന്റിന് കൈപ്പാടരികില്‍നിന്നാണ് സെന്‍സെക്സ് തിരിച്ചു പോന്നിട്ടുള്ളത്. (സെപ്റ്റംബര്‍ 27-ന് 85978.25 പോയിന്റു വരെ എത്തിയിരുന്നു. സെന്‍സെക്സിന്റെ സര്‍വകാല ഉയര്‍ച്ചയാണിത്.)

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

റിക്കാര്‍ഡ് ഉയരത്തില്‍ വളരെ ആകാംക്ഷയോടെയാണ് നിഫ്റ്റി നീങ്ങുന്നത്. ഒരു പരിധിക്കപ്പുറത്ത് ഉയരുകയോ താഴുകയോ ചെയ്യാതെ. പ്രത്യേകിച്ചും 26000 പോയിന്റിനു മുകളില്‍ നിഫ്റ്റി എത്തിയശേഷം. ഇന്നലെ എങ്ങോട്ടു നീങ്ങണമെന്നറിയാത്ത സ്ഥിതിയിലായിരുന്നു ക്ലോസിംഗ്. പശ്ചിമേഷ്യയിലെ സംഭവി വികാസങ്ങള്‍ക്കു ശക്തി കൂടുകയാണെങ്കില്‍ നെഗറ്റീവ് മനോഭാവത്തോടെയായിരക്കും മുന്നേറ്റത്തില്‍ പങ്കെടുക്കുക. ഉയര്‍ന്ന പോയിന്റുകളില്‍ തിരുത്തല്‍ സംഭവിക്കാനുള്ള സാധ്യതകള്‍ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്.

നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 25980-26080 തലത്തില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. നിഫ്റ്റിയുടെ അടുത്ത ലക്ഷ്യം 26150 പോയിന്റും 26277 പോയിന്റുമാണ്.

നിഫ്റ്റിയില്‍ തിരുത്തലുണ്ടായാല്‍ 25570 പോയിന്റില്‍ പിന്തുണ പ്രതീക്ഷിക്കാം. അതിനു താഴേയ്ക്കു പോയാല്‍ 25425 പോയിന്റിലും തുടര്‍ന്ന് 25335 പോയിന്റിലും പിന്തുണയുണ്ട്.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 60.79 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: തുടര്‍ച്ചയായ മൂന്നാമത്തെ ദിവസമാണ് ബാങ്ക് നിഫ്റ്റിയില്‍ ഇടിവുണ്ടാകുന്നത്. ഇന്നലെ നേരിയ (55.5 പോയിന്റ് )താഴ്ചയോടെ 52922.6 പോയിന്റില്‍ ക്ലോസ് ചെയ്തു. മൂന്നു ദിവസങ്ങള്‍കൊണ്ട് ബാങ്ക് നിഫ്റ്റിയില്‍ ഏതാണ്ട് 1500- ഓളം പോയിന്റിന്റെ ഇടിവാണുണ്ടായത്. നല്ലൊരു തിരുത്തല്‍ ഉണ്ടായിരിക്കുന്നു എന്നു പറയാം. സോപ്റ്റംബര്‍ 26-ലെ 54467.35 പോയിന്റാണ് ബാങ്ക് നിഫ്റ്റിയുടെ റിക്കാര്‍ഡ് ഉയരം. റിക്കാര്‍ഡ് ക്ലോസിംഗ് 54375.35 പോയിന്റും.

ബാങ്ക് നിഫ്റ്റിക്ക് ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 53250 പോയിന്റില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. തുടര്‍ന്ന് 53660- 53760 തലത്തില്‍ റെസിസ്റ്റന്‍സ് ഉണ്ട് . ഇതു മറികടന്നു മുന്നാേട്ടു പോയാല്‍ 53900 പോയിന്റിലും തുടര്‍ന്ന് 54470 പോയിന്റിലും റെസിസ്റ്റന്‍സ് ഉണ്ട്.

മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 53750 പോയിന്റിലും തുടര്‍ന്ന് 53400 പോയിന്റിലും 53190 പോയിന്റിലും പിന്തുണയുണ്ട്. താഴേയ്ക്കുള്ള നീക്കം ശക്തമാണെങ്കില്‍ 53000 പോയിന്റിലും 52890 പോയിന്റിലും വരെയെത്താം.

ബാങ്ക് നിഫ്റ്റി ആര്‍എസ്‌ഐ 54.74 ആണ്. ഓവര്‍ബോട്ട് സോണില്‍നിന്ന് ബാങ്ക് നിഫ്റ്റി. പതിയെ പിന്‍വാങ്ങിയിരിക്കുകയാണ്. ഇപ്പോഴും ബാങ്ക് നിഫ്റ്റിയുടെ മനോഭാവം പോസീറ്റീവാണ്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി 78 പോയിന്റ് താഴ്ന്നാണ് ഇന്നു രാവിലെ ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ആഗോള വപണി ഫ്യൂച്ചേഴ്സ് സമ്മിശ്രമാണ്. പൊതുമനോഭാവം നെഗറ്റാവാണ്.

ഇന്ത്യ വിക്‌സ്

ഇന്ത്യ വിക്‌സ് ഇന്നലെ കുതിച്ചുയര്‍ന്നു. അനിശ്ചിതത്വത്തിന്റെ പ്രതിഫലനമാണിത്. ഏഴു ശതമാനത്തോളം ഉയര്‍ന്ന് ഇന്ത്യ വികസ് 12.79-ലെത്തി. വെള്ളിയാഴ്ചയിത് 11.96 പോയിന്റായിരുന്നു. വിക്‌സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വിപിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്‌സ്.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ചൊവ്വാഴ്ച 0.83 ആയി. തിങ്കളാഴ്ച 0.84 ആയിരുന്നു. ഇപ്പോഴും ബുള്ളീഷ് ട്രെന്‍ഡിലാണെങ്കിലും കരടികള്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചെത്താമെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ എല്ലാം തന്നെ ഇന്നലെ താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഐടി ഓഹരികളായ ഇന്‍ഫോസിസ് 0.31 ശതമാനവും വിപ്രോ 1.37 ശതമാനവും താഴ്ന്നു. ഐസിഐസിഐ ബാങ്ക് 0.84 ശതമാനം മെമച്ചപ്പെട്ട്പ്പോള്‍ എച്ച് ഡിഎഫ്‌സി ബാങ്ക് 0.11 ശതമാനം കുറഞ്ഞു. ഡോ. റെഡ്ഡീസ് 0.36 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.26 ശതമാനവും താഴ്ന്നപ്പോള്‍ യാത്ര ഓഹരകളായ മേക്ക് മൈ ട്രിപ് 5.19 ശതമാനവും യാത്രാ ഓണ്‍ലൈന്‍ 0.60 ശതമാനവും ഇടിവു കാണിച്ചു.

യുഎസ് വിപണികള്‍

പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിക്കുന്നത് ആഗോള വിപണിയുടെ പോസീറ്റീവ് മനോഭാവത്തെ ആകെത്തന്നെ ബാധിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ്ടിവു കാണിച്ച വിപണി ഇന്നലെ തിരിച്ചുവന്നു. ഇറാന്‍ കൂടുതല്‍ സംഘര്‍ഷത്തിനില്ലെന്ന പ്രഖ്യാപനമാണ് ഇതിനു കാരണം.

ഇന്നലെ ഡൗ ജോണ്‍സ് ഇന്‍ഡസട്രിയല്‍സ് 39.55 പോയിന്റ് ( 0.41 ശതമാനം) മെച്ചത്തോടെ 42196.52 പോയിന്റിലെത്തി. ചൊവ്വാഴ്ച 173.18 പോയിന്റ്

ഇടിവ് കാണിച്ചിരുന്നു. സെപ്റ്റംബര്‍ 27-ന് സൃഷ്ടിച്ച 42628.32 പോയിന്റ്ാണ് ഡൗവിന്റെ സര്‍വകാല റിക്കാര്‍ഡ് ഉയരം.

ചൊവ്വാഴ്ച വന്‍ ഇടിവു കാണിച്ച നാസ്ഡാക് സൂചിക ഇന്നലെ 14.76 പോയിന്റും (0.08 ശതമാനം) എസ് ആന്‍ഡ് പി 500 സൂചിക 0.79 പോയിന്റും (0.01 ശതമാനം) ഇന്നലെ മെച്ചപ്പെട്ടു.

യൂറോപ്യന്‍ വിപണികള്‍ ഇന്നലെ സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്ടിഎസ്ഇ യുകെ 14.21 പോയിന്റും (0.17 ശതമാനം) സിഎസി ഫ്രാന്‍സ് 3.52 പോയിന്റും (0.05 ശതമാനം) മെച്ചപ്പെട്ടു ക്ലോസ് ചെയ്തു. ജര്‍മന്‍ ഡാക്‌സ് 48.39 പോയിന്റ്ും (0.25 ശതമാനം) ഇറ്റാലിയന്‍ എഫ്ടിഎസ്ഇ എംഐബി 95.82 പോയിന്റും (0.28 ശതമാനം) താഴ്ന്നാണ് ക്ലോസ് ചെയ്തത്.

ഇന്നു രാവിലെ യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സ് എല്ലാം നെഗറ്റീവയാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍

ഇന്നു രാവിലെ അറുനൂറ്റമ്പതോളം പോയിന്റ് മെച്ചപ്പെട്ടാണ് ജാപ്പനീസ് നിക്കി വ്യാപാരം തുടങ്ങിയത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ നിക്കി 968.41 പോയിന്റ് നേട്ടത്തിലാണ്.

സിംഗപ്പൂര്‍ ഹാംഗ്സെഗ് സൂചിക 40.31 പോയിന്റു മെച്ചപ്പെട്ടു നില്‍ക്കുകയാണ്. ചൈനീസ് സര്‍ക്കാര്‍ അധിക ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്നു വാര്‍ത്തകള്‍ ചൈനീസ് ഷാങ്ഹായ് കോമ്പോസിറ്റ് സൂചികയില്‍ മുന്നേറ്റം സൃഷ്ടിക്കുകയാണ്. ഇന്നു രാവിലെ 248.97 പോയിന്റ് മെച്ചപ്പെട്ടാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

ഒക്ടോബറില ആദ്യ ദിവസം വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ വന്‍ വില്‍പ്പനക്കാരായിരുന്നു. അവര്‍ ഇന്നലെ അവരുടെ നെറ്റ് വില്‍പ്പന 5579.35 കോടി രൂപയാണ്. അവര്‍ 12627.79 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 18207.35 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകകയും ചെയ്തു. സെപ്റ്റംബറില്‍ അവര്‍ 15106.01 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിരുന്നു.

അതേസമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഒക്ടോബര്‍ ഒന്നിന് 14435.2 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 9825.65 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. നെറ്റ് വാങ്ങല്‍ 4609.55 കോടി രൂപ. കഴിഞ്ഞ മാസത്തില്‍ അവരുടെ നെറ്റ് വാങ്ങല്‍ 31780.33 കോടി രൂപയുടെ ഓഹരികളായിരുന്നു.

എഫ്പിഐ നിക്ഷേപം: എംഎസ്സിഐ, എഫ്ടിഎസ്ഇ തുടങ്ങിയ സൂചികകളില്‍ ഇ്ന്ത്യന്‍ വെയിറ്റേജ് വര്‍ധിച്ചതിനേത്തൂടര്‍ന്ന് ഇ്ന്ത്യയിലേക്കുള്ള വിദേശനിക്ഷേപമൊഴുക്കിനും ശക്തി കൂടി. ഫെഡറല്‍ റിസര്‍വ് പലിശ വെട്ടിക്കുറച്ചതിനെത്തുടര്‍ന്നു ഇന്ത്യയിലേക്കുള്ള ഫോറിന്‍ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ പണമൊഴുക്കിനും ശക്തി കൂടി. ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ 86000 കോടി രൂപയാണ് അവര്‍ നിക്ഷേപിച്ചത്. പതിനഞ്ചു കാര്‍ട്ടറുകളിലെ ഏറ്റവും ഉയര്‍ന്നതാണിത്.

സാമ്പത്തിക വാര്‍ത്തകള്‍

കാതല്‍മേഖലയില്‍ ചുരുക്കം: ഓഗസ്റ്റില്‍ ഇന്ത്യയുടെ കാതല്‍ മേഖലയിലെ ഉത്പാദനം ചുരങ്ങി. ഏതാണ്ട് 1.8 ശതമാനം. മൂന്നര വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് കാതല്‍മേഖലഉത്പാദനത്തില്‍ വളര്‍ച്ചയില്ലാതാകുന്നത്. 2023 ഓഗസ്റ്റില്‍ 13.4 ശതമാനവും ഇക്കഴിഞ്ഞ ജൂലൈയില്‍ 6.1 ശതമാനവും വളര്‍ച്ച കാണിച്ചിരുന്നു. നടപ്പുവര്‍ഷത്തിന്റെ ആദ്യ അഞ്ചുമാസത്തെ വളര്‍ച്ച ഇതോടെ 4.6 ശതമാനമായി. മുന്‍വര്‍ഷമിതേ കാലയളവിലിത് എട്ടു ശതമാനമായിരുന്നു. വ്യാവസായികോത്ാപാദനത്തില്‍ 40 ശതമാനം വെയിറ്റേജ് കാതല്‍ മേഖലയ്ക്കുണ്ട്. അതുകൊണ്ടുതന്നെ ഓഗസ്റ്റിലെ വ്യാവസായികോത്പാദനവും കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍.

കറന്റ് അക്കൗണ്ട് കമ്മി: ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ആദ്യ ക്വാര്‍ട്ടറില്‍ 1.1 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഏതാണ്ട് 970 കോടി ഡോളര്‍. ജനുവരി- മാര്‍ച്ച് ക്വാര്‍ട്ടറില്‍ 0.5 ശതമാനം മിച്ചം കാണിച്ചിരുന്നു. ആദ്യക്വാര്‍ട്ടറില്‍ ഇറക്കുമതി 17610 കോടി ഡോളറും കയറ്റുമതി 11100 കോടി ഡോളറുമാണ്. വ്യാപാരക്കമ്മി 6500 കോടി ഡോളര്‍. മുന്‍വര്‍ഷം ആദ്യക്വാര്‍ട്ടറില്‍ വ്യാപാരക്കമ്മി 5600 കോടി ഡോളറായിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കറന്റ് അക്കൗണ്ട് കമ്മി ഒരു ശതമാനമായിരുന്നു.

ധനകമ്മി: ഏപ്രില്‍- ഓഗസറ്റ് കാലയളവില്‍ രാജ്യത്തിന്റെ ധനകമ്മി 4.35 ലക്ഷം കോടി രൂപയാണ്. ഇത് ബജറ്റ് എസ്റ്റിമേറ്റിന്റെ 27 ശതമാനമാണ്. മുന്‍വര്‍ഷമിതേ കാലയളവിലി്ത് 36 ശതമാനമായിരുന്നു. ഈ സാമ്പത്തികവര്‍ഷം ഓഗസ്റ്റ് വരെ 12.17 ലക്ഷം കോടി രൂപ വരുമാനവും 16.52 ലക്ഷം കോടി രൂപ ചെലവുമുണ്ടായി. ഇവ യഥാക്രമം ബജറ്റ് എസ്റ്റിമേറ്റിന്റെ 38 ശതമാനവും 34.3 ശതമാനവും വീതമാണ്. മുന്‍വര്‍ഷമിതേ കാലയളവിലിത് യഥാക്രമം 37.9 ശതമാനവും 37.1 ശതമാനവും വീതമായിരുന്നു.

മണ്‍സൂണ്‍ 107.6%: 2024- മണ്‍സൂണ്‍ സീസണ്‍ ഇന്ത്യയ്ക്ക് അനുഗ്രഹമായി. ജൂണ്‍ ഒന്നിനു തുടങ്ങി സെപ്റ്റംബര്‍ 30-ന് അവസാനിച്ച പടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ത്യയ്ക്കു സമ്മാനിച്ചത് ദീര്‍ഘകാലശരാശരിയുടെ ( 868.6 മില്ലിമീറ്റര്‍) 107.6 ശതമാനം മഴയാണ്. അതായത് 934.8 മില്ലീമീറ്റര്‍ മഴ ഈ കാലയളവില്‍ ലഭിച്ചു. നാലു മാസത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് ഓഗസ്റ്റിലാണ്. ഇന്ത്യന്‍ കാര്‍ഷിക ഭൂവിസ്തൃതിയുടെ 52 ശതമാനം മഴയെ മാത്രം കൃഷിയിറക്കുന്ന മേഖലയാണ്. ഈ വര്‍ഷത്തെ മെച്ചപ്പെട്ട മഴ കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കാന്‍ സഹായിച്ചു. ഇതു ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കുകയും വരും മാസങ്ങളില്‍ ഭക്ഷ്യ പണപ്പെരുപ്പത്തെ നിയന്ത്രിക്കുവാന്‍ സഹായിക്കുകയും ചെയ്യും.

മാനുഫാക്ടറിംഗ് വളര്‍ച്ചയ്ക്ക് വേഗം കുറഞ്ഞു: സെപ്റ്റംബറില്‍ എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ 56.5 പോയിന്റായി. ഓഗസ്റ്റിലിത് 57.5 പോയിന്റായിരുന്നു. എട്ടു മാസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചയാണിത്. കയറ്റുമതി ഡിമാണ്ട് കുറഞ്ഞതാണ് കാരണം. പണനയമുള്‍പ്പെടെ മാറ്റം വേണമെന്നതിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.

കമ്പനി വാര്‍ത്തകള്‍

ടിസിഎസ് : ടിസിഎസിന്റെ രണ്ടാം ക്വാര്‍ട്ടര്‍ ഫലം ഒക്ടോബര്‍ 10-ന് പ്രസിദ്ധീ കരിക്കും. ബോര്‍ഡ് യോഗത്തില്‍ ഇടക്കാല ലാഭവീതവും പ്രഖ്യാപിക്കും. ഇതോടെ ഐടി മേഖലയില്‍നിന്നുള്ള രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ക്കു തുടക്കം കുറിക്കും. ഇന്‍ഫോസിസിന്റെ പളം പതിനേഴിനും എംഫസിസി 16-നും കൊഫൊര്‍ജ്, സെന്‍സാര്‍ ടെക്, പെര്‍സിസ്റ്റന്റ് എന്നീ കമ്പനികള്‍ 22-നും ഫലം പുറത്തുവിടും.രണ്ടാം ക്വാര്‍ട്ടറില്‍ ഐടി കമ്പനികള്‍ പൊതുവേ നല്ല ഫലമാണ് കാഴ്ച വയ്ക്കാറ്.

ഐപിഒ തെരക്ക്: അടുത്ത രണ്ടു മാസം വമ്പന്‍ കമ്പനികളുടെ ഐപിഒ തെരക്ക് ആരംഭിക്കുകയാണ്. ഹ്യൂണ്ടായി, ഏഥര്‍, ങീരോ, എന്‍ടിപിസി ഗ്രീന്‍ തുടങ്ങിയ വമ്പന്‍ കമ്പനികള്‍ വിപണിയില്‍നിന്നു സ്വരൂപിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത് 60000 കോടി രൂപയോളമാണ്.

ക്രൂഡോയില്‍ വില

ചൊവ്വാഴ്ച ഇറാന്‍ ഇസ്രയേലിനെതിരേ മിസൈല്‍ ആക്രമണം നടത്തിയത് ക്രൂഡോയില്‍ വിലയില്‍ കുതിപ്പുണ്ടാക്കിയെങ്കിലും അതു നിലനിര്‍ത്താന്‍ സാധിച്ചില്ല. എണ്ണ സ്െൈപ്ലയേക്കാള്‍ ആഗോളസാമ്പത്തികവളര്‍ച്ച സംബന്ധിച്ച ആശങ്കകളാണ് വില താഴ്ത്തുന്നത്.

ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 74.61 ഡോളറാണ്. ബുധനാഴ്ചയിത് 74.40 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്‌ള്യുടിഐ ബാരലിന് 70.92 ഡോളറുമാണ്. തിങ്കളാഴ്ചയിത് 70.68 ഡോളറായിരുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം വര്‍ധിച്ച് ഹോര്‍മോസ കടലിടുക്ക് അടച്ചിട്ടാല്‍ ക്രൂഡോയില്‍ വില കുത്തനെ ഉയരുമെന്ന് ആഗോള നിക്ഷേപകസ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്സ് മുന്നറിയിപ്പു നല്‍കുന്നു..

എന്നാല്‍ ഇതുവരെയും എണ്ണവില താഴ്ന്നു നില്‍ക്കുകയാണ്.ആഗോള സാമ്പത്തിക വളര്‍ച്ചാ ആശങ്കയാണ് ഇതിനു മുഖ്യകാരണം, ചൈനീസ് ഡിമാണ്ട് കുറയുന്നതും ഒപ്പെക് പ്ലസ് രാജ്യങ്ങള്‍ ഉത്പാദനം വെട്ടിക്കുറച്ച് നടപടി അടുത്ത വര്‍ഷത്തോടെ നീക്കം ചെയ്യുമെന്ന അനൗദ്യോഗിക പ്രഖ്യാപനം ഉണ്ടായത് എണ്ണ ലഭ്യത വര്‍ധിപ്പിക്കുമെന്ന വിലയിരുത്തലുമാണ് വില കുത്തനെ കയറാതെ തടയിടുന്നത്. രാഷ്ട്രീയ കാരണം മൂലം ഉത്പാദനം നിര്‍ത്തിവച്ചിരുന്ന ലിബിയ ഇന്നു മുതല്‍ ഉത്പാദനവും വിതരണവും പുനരാരംഭിക്കുകയാണ്. ഉത്പാദനം നിര്‍ത്തി വയ്ക്കുന്നതിനു മുമ്പ് ലിബിയ പ്രതിദനം 1.2 ദശലക്ഷം ബാരല്‍ എണ്ണ കയറ്റി അയച്ചിരുന്നു. വിപണി വിഹിതം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സൗദി ഉത്പാദനം വര്‍ധിപ്പിക്കുമെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. ചുരുക്കത്തില്‍ അധിക സപ്ലൈ ആണ് ക്രൂഡോയില്‍ വിലയെ താഴ്ത്തി നിര്‍ത്തുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവില കുറയുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇറക്കുമതിച്ചെലവു കുറയ്ക്കുമെന്നു മാത്രമല്ല, ഇന്ധനവിലക്കയറ്റം കുറയ്ക്കുകയും രാജ്യത്തിന്റെ അടവുശിഷ്ടനിലയിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. രൂപയുടെ ഇടിവു തടയുന്നതിനും ഇതു സഹായകരമാകും. ബാരലിന് 10 ഡോളര്‍ കൂടിയാല്‍ പണപ്പെരുപ്പത്തില്‍ 0.3 ശതമാനം വര്‍ധനയുണ്ടാകും. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 0.43 ശതമാനം കണ്ടു വര്‍ധിക്കുകയും ചെയ്യും.

ഇന്ത്യന്‍ രൂപ ചൊവ്വാഴ്ച

ഇന്നലെ രൂപയുടെ നീക്കം നേരിയ റേഞ്ചിലായിരുന്നു. രൂപ രണ്ടു പൈസ ഇടിവോടെ 83.82-ലെത്തി. ഓഹരി വിപണിയിലെ ഇടിവും ഡോളര്‍ ഇന്‍ഡെക്സ് ശ്ക്തമായതും വിദേശ ഫണ്ടുകള്‍ പുറത്തേക്കു നീങ്ങുന്നതുംരൂപയെ ദുര്‍ബലമാക്കുന്നു. എന്നാല്‍ ക്രൂഡോയില്‍ വിലയ 70 ഡോളറിനു താഴെ നില്‍ക്കുന്നതു രൂപയുടെ കുത്തനെയുള്ള ഇടിവിനെ തടഞ്ഞു. തിങ്കളാഴ്ച രൂപ 11 പൈസ ഇടിഞ്ഞിരുന്നു. ഡോളറിന് 83.80 രൂപയായിരുന്നു വില.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.