image

27 Sep 2024 2:14 AM GMT

Stock Market Updates

ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാം: വിപണി തുറക്കും മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Joy Philip

ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാം: വിപണി തുറക്കും മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
X

യുഎസ് സമ്പദ്ഘടനയുടെ രണ്ടാം ക്വാര്‍ട്ടര്‍ വളര്‍ച്ച മൂന്നു ശതമാനമായി നിലനിര്‍ത്തിയതും ചിപ് ഉത്പാദകരായ മൈക്രോണ്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതും ഇന്നലെ യുഎസ് വിപണിയില്‍ മുന്നേറ്റത്തിനു വഴിവച്ചു. ചൈനയില്‍ പ്രവര്‍ത്തനമുള്ള കമ്പനികളെല്ലാം മികച്ച ഉയര്‍ച്ചയാണ് നേടിയത്. ചൈനീസ് ഉത്തേജന നടപടികള്‍ ഈ കമ്പനികള്‍ക്കു നേട്ടം നല്‍കുമെന്ന വിലയിരുത്തലാണ് കാരണം. ചൈനീസ് സര്‍ക്കാര്‍ അധിക ഉത്തേജനം പ്രഖ്യാപിക്കാന്‍ തയാറെടുക്കുകയാണെന്ന വാര്‍ത്തകളും ആഗോള വിപണികളില്‍ ഉത്സാഹം നല്‍കി. തൊഴിലില്ലായ്മ വേതനം വാങ്ങുന്നതിനുള്ള അപേക്ഷകള്‍ കുറഞ്ഞത് ജോബ് വിപണിയെ സ്ഥിരതിയിലേക്കു നയിക്കുകയാണ്. സുസ്ഥരമായ സാമ്പത്തിക വളര്‍ച്ചയും വിപണിയില്‍ ഉത്സാഹം നല്‍കി. വെള്ളിയാഴ്ചയെത്തുന്ന പണപ്പെരുപ്പ കണക്കുകളാണ് വിപണി ഉറ്റു നോക്കുന്ന പ്രധാന ഡേറ്റകളിലൊന്ന്.

പത്താമതു യുഎസ് ട്രഷറി കോണ്‍ഫറന്‍സിലെ ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ വാക്കുകള്‍ക്കായി വിപണി കാത്തിരിക്കുകയാണ്. വിവിധ കേന്ദ്രബാങ്കുകളുടെ ചെയര്‍മാന്‍മാര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.

സ്വസി കേന്ദ്രബാങ്ക് പലിശ നിരക്ക് കാല്‍ ശതമാനം വെട്ടിക്കുറച്ച് ഒരു ശതമാനമാക്കി. ഇത് ഇന്നലെ യൂറോപ്യന്‍ വിപണികള്‍ക്കു ഊര്‍ജം പകര്‍ന്നു. ചുരുക്കത്തില്‍ ആഗോള തലത്തില്‍ കേന്ദ്രബാങ്കുകള്‍ പതിയെ പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുവാന്‍ തയാറെടുക്കുകയാണ്. ഇതു വിപണിയിലേക്കുള്ള പണമൊഴുക്കു വര്‍ധിപ്പിക്കും.

സെപ്റ്റംബറിലെ എഫ് ആന്‍ഡ് ഒ ക്ലോസിംഗ് ദിനമായിരുന്നിട്ടും ഇന്നലെ ഇന്ത്യന്‍ വിപണി റിക്കാര്‍ഡ് ഉയര്‍ച്ചയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി തുടര്‍ച്ചയാ ഏഴു ദിവസമാണ് ഉയര്‍ന്ന പ്രതിദിന ടോപ് സൃഷ്ടിക്കുന്നത്. വിപണിയിലെ വ്യതിയാനം ഗണ്യമായി കുറഞ്ഞിരിക്കുന്നതിന്റെ സൂചനയായി ഇന്ത്യ വിക്‌സ് രണ്ടു മാസത്തെ താഴ്ചയില്‍ എത്തിയിരിക്കുകയാണ്. ലാര്‍ജ് കാപ് ഓഹരികളാണ് ഇന്നലെ വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വച്ചത്.

ഇന്ത്യന്‍ വിപണിയ്ക്ക് ഈ മാസം ദിശ നല്‍കുന്നത് ഒക്ടോബറിലെ ആര്‍ബിഐ പണനയവും രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങളുമായിരിക്കും.

ഇന്ത്യന്‍ വിപണി ഇന്നലെ

പോസീറ്റീവായി ഓപ്പണ്‍ ചെയ്ത ഇന്ത്യന്‍ ഓഹരി വിപണിയുടെ ബഞ്ച് മാര്‍ക്ക് സൂചികകള്‍ ദിവസത്തെ വ്യാപാരം അവസാനിക്കുമ്പോള്‍ റിക്കാര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. രാവിലെ പോസീറ്റീവായി ഓപ്പണ്‍ ചെയ്ത ഇന്ത്യന്‍ വിപണി അവസാന മണിക്കൂര്‍ വരെ നേരിയ റേഞ്ച് ബൗണ്ടായി നീങ്ങുകയായിരുന്നു. അവസാന മണിക്കൂറിള്‍ ശ്ക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുകയായിരുന്നു. ആഗോള വിപണിയുടെ ശക്തമായ പിന്തുണയാണ് ഇന്ത്യന്‍ വിപണിയെ ഉയര്‍ത്തിയത്.

ഇന്ത്യന്‍ വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റിയുടെ ബുധനാഴ്ചത്തെ മുന്നേറ്റം ഇന്നലെയും തുടര്‍ന്നു. നിഫ്റ്റി തുടര്‍ച്ചയായ രണ്ടാം ദിവസവും 26000 പോയിന്റിനു മുകളില്‍ ശക്തമായി ക്ലോസ് ചെയ്തിരിക്കുകയാണ്. തുടര്‍ച്ചായ ആറാമത്തെ ദിവസമാണ് നിഫ്റ്റി മെച്ചപ്പെട്ടു ക്ലോസ് ചെയ്യുന്നത്. ഇന്നലെ നിഫ്റ്റി 211.9 പോയിന്റ് ( 0.81 ശതമാനം) മെച്ചത്തോടെ 26216.05 പോയിന്റില്‍ ക്ലോസ് ചെയ്തു. ദിവസത്തെ ഉയര്‍ന്ന പോയിന്റ് 26250.90 പോയിന്റാണ്. ഉയര്‍ന്ന ടോപ്പും ഉയര്‍ന്ന ബോട്ടവുമാണ് സൂചിക കുറിച്ചത്. ഇതു വിപണിയുടെ പോസീറ്റീവ് മനോഭാവത്തിന്റെ പ്രതിഫലനമാണ്.

ഓട്ടോ, മെറ്റല്‍, പിഎസ്‌യു ബാങ്കുകള്‍ എന്നിവ മികച്ച പിന്തുണ നല്‍കിയപ്പോള്‍ എഫ്എംസിജി, ബാങ്കും ഫിനാന്‍ഷ്യല്‍ സര്‍വീസസും, ഐടി. മീഡിയ തുടങ്ങിയവ അവയ്ക്കു പിന്തുണയുമായി എത്തി. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് മേഖലയും സ്‌മോള്‍ കാപ് ഹെല്‍ത്ത്‌കെയര്‍ ഓഹരികളും ഇന്നലെ നെഗറ്റീവായിരുന്നു.

ലാര്‍ജ്കാപ് ഓഹരികളുടെ പ്രകടനമാണ് ഇന്നലെ വിപണിയില്‍ ദൃശ്യമായത്. മിഡ്കാപ് ഓഹരികള്‍ നേരിയ ഉയര്‍ച്ച കാണിച്ചപ്പോള്‍ സ്‌മോള്‍ കാപ് ഓഹരികള്‍ പരക്കേ താഴുകയായിരുന്നു.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക 860000 പോയിന്റിനടുത്തേക്ക് നീങ്ങുകയാണ്. ഇതില്‍നിന്ന് ഏതാനും പോയിന്റുകള്‍ക്കിപ്പുറത്തു സെന്‍സെക്‌സ് ഇന്നലെ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇന്നലെ ഒരവസരത്തില്‍ 85930.43 പോയിന്റു വരെ എത്തിയ സെന്‍സെക്‌സിന്റെ ക്ലോസിംഗ് 85836.12 പോയിന്റിലാണ്. തലേദിവസത്തേക്കാള്‍ 666.25 ( 0.78 ശതമാനം) കൂടുതല്‍. സെന്‍സെക്‌സിന്റെ ഇന്നലെത്തെ ഉയരങ്ങള്‍ റിക്കാര്‍ഡാണ്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

ചൊവ്വാഴ്ച 26000 പോയിന്റില്‍ തൊട്ട നിഫ്റ്റി അതിനു മുകളി്ല്‍ കരുത്തുനേടുകയാണ്. നിഫ്റ്റിയുടെ മൊമന്റം പോസീറ്റീവായി തുടരുകയാണ്. എന്നാല്‍ ഓവര്‍ ബോട്ട് തലത്തിലാണ് നിഫ്റ്റിയുടെ നിലയിപ്പോള്‍. എന്തെങ്കിലും പ്രതികൂല സംഭവ വികാസങ്ങളുണ്ടായാല്‍ നിശ്ചയമായും ശക്തമായ വില്‍പ്പനയുണ്ടാകും.

നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ ഇന്നലെത്തെ ഉയര്‍ന്ന പോയിന്റായ 26251 പോയിന്റ് ആദ്യ റെസിസ്റ്റന്‍സായി വര്‍ത്തിക്കും. അതിനു മുകളില്‍ 26500 പോയിന്റും 26630 പോയിന്റും റെസിസ്റ്റന്‍സുകളാണ്. നിഫ്റ്റിയില്‍ തിരുത്തലുണ്ടായാല്‍ 26000 പോയിന്റിനു ചുറ്റളവില്‍ പിന്തുണ പ്രതീക്ഷിക്കാം. അതിനു താഴേയ്ക്കു പോയാല്‍ 25871 പോയിന്റിലും 25745 പോയിന്റിലും തുടര്‍ന്ന് 25600 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കാം.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 78.25 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ബാങ്ക് നിഫ്റ്റി 54000 പോയിന്റിനു മുകളില്‍ ശക്തമായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ബാങ്ക് നിഫ്റ്റി 54000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്യുന്നത്. ഇന്നലെ ബാങ്ക് നിഫ്റ്റി തലേദിവസത്തേക്കാള്‍ 273.70 പോയിന്റ് ( 0.51 ശതമാനം) മെച്ചത്തോടെ 54375.35 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഇതു റിക്കാര്‍ഡാണ്. ക്ലോസിംഗിന് മുമ്പ് ബാങ്ക് നിഫ്റ്റി 54467.35 പോയിന്റു വരെ ഉയര്‍ന്നിരുന്നു. മാത്രവുമല്ല, ബാങ്ക് നിഫ്റ്റി ഇന്നലെ ഉയര്‍ന്ന ടോപ്പും ഉയര്‍ന്ന ബോട്ടവും സൃഷ്ടിക്കുകയും ചെയ്തു. ഇന്നലത്തെ മൊമന്റം നിലനിര്‍ത്തുകയാണെങ്കില്‍ ബാങ്ക് നിഫ്റ്റിക്ക് ഇന്ന് 54500 പോയിന്റില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. അതു മറികടന്നാല്‍ അടുത്ത ലക്ഷ്യം 54900 പോയിന്റിാണ്. ബാങ്ക് നിഫ്റ്റിക്ക് 55000 പോയിന്റില്‍ നേരിയ റെസിസ്റ്റന്‍സ് ഉണ്ടെങ്കിലും അതു കടുന്നു മുന്നോട്ടു പോയാല്‍ 55200 പോയിന്റു വരെ എത്താനുള്ള കരുത്തുണ്ട്. മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കാണ്നീങ്ങുന്നതെങ്കില്‍ 54000 പോയിന്റിലും തുടര്‍ന്ന് 53800 പോയിന്റിലും തുടര്‍ന്ന് 53560 പോയിന്റിലും 53300 പോയിന്റിലും പിന്തുണ കിട്ടും. താഴേയ്ക്കുള്ള നീക്കം ശക്തമാണെങ്കില്‍ 53000 പോയിന്റില്‍ ശക്തമായ പിന്തുണയുണ്ട്. ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 75.92 ആണ്. ഓവര്‍ബോട്ട് സോണിലാണ് ബാങ്ക് നിഫ്റ്റി. ഏതു സമയവും വില്‍പ്പന പ്രതീക്ഷിക്കാം. ഇപ്പോഴും ബാങ്ക് നിഫ്റ്റിയുടെ മനോഭാവം പോസീറ്റീവാണ്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി 31 പോയിന്റ് താഴ്ചയിലാണ് ഇന്നു രാവിലെ ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ആഗോള വപണി ഫ്യൂച്ചേഴ്‌സ് സമ്മിശ്രമാണ്. പൊതുമനോഭാവം പോസീറ്റീവാണെങ്കിലും താഴ്ന്ന ഓപ്പണിംഗോ ഫ്‌ളാറ്റ് ഓപ്പണിംഗോ പ്രതീക്ഷിച്ചാല്‍ മതി.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് ഇന്നലെയും ഏഴു ശതമാനത്തിലധികം ഇടിവു കാണിച്ചു. ഇന്നലെ ഇന്ത്യവിക്‌സ് 12പോയിന്റിലെത്തി. ബുധാനാഴ്ചയിത് 12.74 ആയിരുന്നു. വിപണി പതുക്കെ ശാന്തത കൈവരിക്കുകയാണ്. വിക്സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വിപിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്സ്.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 1.39ലേക്ക് ഉയര്‍ന്നു. ബുധനാഴ്ച 1.3 ആയി രുന്നു. ഇപ്പോഴും വിപണി ശക്തമായ ബുള്ളീഷ് ട്രെന്‍ഡില്‍ത്തന്നെയാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ ഇന്നലെ സമ്മിശ്ര പ്രകടനമാണ് കാഴ്ച വച്ചത്. ഐടി ഓഹരികളായ ഇന്‍ഫോസിസ് 1.77 ശതമാനം വിപ്രോ 2.17 ശതമാനവും മെച്ചപ്പെട്ടു. ഐസിഐസിഐ ബാങ്ക് മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ എച്ച് ഡിഎഫ്സി ബാങ്ക് 0.54 ശതമാനം കുറഞ്ഞു. ഡോ. റെഡ്ഡീസ് 0.53 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.9 ശതമാനവും മെച്ചപ്പെട്ടു. എന്നാല്‍ യാത്ര ഓഹരികളായ മേക്ക് മൈ ട്രിപ് 11.54 ശതമാനം കുത്തനെയിടിഞ്ഞപ്പോള്‍ യാത്ര ഓണ്‍ലൈന്‍ 0.58 ശതമാനം താഴ്ചയിലാണ് ക്ലോസ് ചെയ്തത്.

യുഎസ് വിപണികള്‍

യുഎസ് രണ്ടാം ക്വാര്‍ട്ടര്‍ അന്തിമ വിലയിരുത്തലില്‍ മൂന്നു ശതമാനം വളര്‍ച്ച നിലനിര്‍ത്തിയതും തൊഴിലില്ലായ്മ വേതനത്തിനു അപേക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞതും ചിപ് ഓഹരികളുടെ മികച്ച പ്രകടനവും ഇന്നലെ യുഎസ് ഓഹരികളില്‍ വീണ്ടും മുന്നേറ്റത്തിനു വഴിയൊരുക്കി. ബുധനാഴ്ചത്തെ ഇടിവ് ഡൗണ്‍ ജോണ്‍ ഇന്‍ഡസ്ട്രീയല്‍സ് ഇന്നലെ ശക്തമായ തിരിച്ചുവരവ് നടത്തി. ഡൗ ഇന്നലെ 260.36 പോയിന്റ് (0.62 ശതമാനം) ഉയര്‍ച്ചയോടെ 42175.11 പോയിന്റില്‍ ക്ലോസ് ചെയ്തു. അമ്പത്തിരണ്ട് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന പോയിന്റ് ബുധനാഴ്ചത്തെ 42299.64 പോയ്ിന്റാണ്.

ചിപ് ഉത്പാദക കമ്പനികളുടെ പിന്‍ബലത്തില്‍ ഇന്നലെ നാസ്ഡാക്കും എസ് ആന്‍ഡ് പിയും മികച്ച ഉയര്‍ച്ച നേടി. ടെക് സൂചികയായ നാസ്ഡാക് ഇന്നലെ 108.09 പോയിന്റു (0.60 ശതമാനം) നേട്ടത്തില്‍ ക്ലോസ് ചെയ്തപ്പോള്‍ എസ് ആന്‍ഡ് പി 500 സൂചിക 23.11 പോയിന്റു (0.4 ശതമാനം) മെച്ചത്തോടെ റിക്കാര്‍ഡ് ഉയരത്തിലെത്തി. നാസ്ഡാക് തുടര്‍ച്ചയായ നാലാം ദിവസമാണ് മെച്ചപ്പെട്ടു ക്ലോസ് ചെയ്യുന്നത്. ചിപ് നിര്‍മാതക്കളായ മൈക്രോണിന്റെ മികച്ച പ്രവര്‍ത്തനഫലം ഇന്നലെ ടെക് ഓഹരികളില്‍ മികച്ച മുന്നേറ്റത്തിനു വഴി തെളിച്ചു.

സ്വിസ് നാഷണല്‍ ബാങ്ക് പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചതിനെത്തുടര്‍ന്ന് യുറോപ്യന്‍ വിപണികള്‍ എല്ലാം ഇന്നലെ മെച്ചപ്പെട്ടു ക്ലോസ് ചെയ്തു. എഫ്ടിഎസ്ഇ യുകെ 16.21 പോയിന്റും (0.2 ശതമാനം) ജര്‍മന്‍ ഡാക്സ് 301.7 പോയിന്റ്ും (1.59 ശതമാനവും) ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 568.8 പോയിന്റും (1.68 ശതമാനവും) സിഎസി ഫ്രാന്‍സ് 176.47 പോയിന്റും (2.33 ശതമാനവും) മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. ഇന്നു രാവിലെ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് എല്ലാം ചുവപ്പിലാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍

ജാപ്പനീസ് നിക്കി വ്യാഴാഴ്ച 1056 പോയിന്റ് മെച്ചത്തോടെയാണ് ക്ലോസ് ചെയ്തത്. അതിന്റെ തുടര്‍ച്ചയായി ഇന്നു രാവിലെ 80 പോയിന്റോളം മെച്ചപ്പെട്ടാണ് നിക്കി ഓപ്പണ്‍ ചെയ്തത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ നിക്കി 325.92 പോയി്ന്റ് നേട്ടത്തിലാണ്. ഇന്നു രാവിലെ കൊറിയന്‍ കോസ്പി 3.74 പോയിന്റും സിംഗപ്പൂര്‍ ഹാംഗ്‌സെഗ് സൂചിക 459.48 പോയിന്റും മെച്ചപ്പെട്ടു നില്‍ക്കുകയാണ്. ചൈനീസ് സര്‍ക്കാര്‍ അധിക ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്നു വാര്‍ത്തകള്‍ ചൈനീസ് ഷാങ്ഹായ് കോമ്പോസിറ്റ് സൂചികയില്‍ മുന്നേറ്റം സൃഷ്ടിക്കുകയാണ്. ഇന്നു രാവിലെ 42.75 പോയിന്റ് മെച്ചപ്പെട്ടാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

വിദേശ നിക്ഷപേകസ്ഥാപനങ്ങള്‍ ഇന്നലെ നേരിയ തോതില്‍ നെറ്റ് വാങ്ങലുകാരായിരുന്നു. ഇന്നലെ അവര്‍ 26421.21 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 25791.25 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. നെറ്റ് വാങ്ങല്‍ 629.96 കോടി രൂപയുടെ ഓഹരികള്‍. ഇതോടെ സെപ്റ്റംബര്‍ 26 വരെ അവരുടെ നെറ്റ് വാങ്ങല്‍ 26107.04 കോടി രൂപയായി. അതേ സമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെയും നെറ്റ് വാങ്ങലുകാരായിരുന്നു. ഈ വാരത്തിലെ എല്ലാ ദിവസവും അവര്‍ നെറ്റ് വാങ്ങലുകാരായിരുന്നു. . ഇന്നലെ അവര്‍ 15461.3 കോടി രൂപയുടെ ഓഹരികള്‍ വാങ്ങകുകയും 13056.18 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. ഇതോടെടെ അവരുടെ നെറ്റ് വാങ്ങല്‍ 2405.12 കോടി രൂപയായി. സെപ്റ്റംബറിലെ അവരുടെ നെറ്റ് വാങ്ങല്‍ 18247.88 കോടി രൂപയായി ഉയര്‍ന്നു.

സാമ്പത്തിക വാര്‍ത്തകള്‍

സര്‍ക്കാര്‍ കടമെടുപ്പ്: നടപ്പുവര്‍ഷത്തെ സര്‍ക്കാര്‍ കടമെടുപ്പ് ബജറ്റില്‍ നിശ്ചയിച്ചതുപോലെ നടക്കും. നടപ്പുവര്‍ഷത്തിന്റെ രണ്ടാംപകുതിയില്‍ ബജറ്റ് നിശ്ചയിക്കുന്നതുപോലെ 6.61 ലക്ഷംകോടി രൂപയില്‍ സര്‍ക്കാര്‍ കടമെടുപ്പ് ഒതുങ്ങും. ആദ്യപകുതിയില്‍ 7 ലക്ഷം കോടി രൂപയാണ് സ്വരൂപിച്ചത്. ഇതില്‍ 40 ശതമാനവും ദീര്‍ഘകാല ബോണ്ടുകളാണ്.

കമ്പനി വാര്‍ത്തകള്‍

സ്വിഗി ഐപിഒ: ഫുഡ് ടെക് ഭീമന്‍ സ്വിഗി സെബിയുടെ മുമ്പിലുള്ള കരടു പ്രോസ്‌പെക്ടസ് പുതുക്കി. ഇതനുസരിച്ച് 3750 കോടി രൂപയുടെ പുതിയ ഓഹരികള്‍ ഇഷ്യു ചെയ്തു. ഓഫര്‍ ഫോര്‍ സെയില്‍ വഴി 6500 കോടി രൂപയും സമാഹരിക്കും. ഓഹരിയൊന്നിന് ഏകദേശം 350 രൂപയായിരിക്കുമന്നാണ് പ്രതീക്ഷിക്കുന്നത്. 2030-ഓടെ ഇന്ത്യന്‍ ഫുഡ് ഡെലിവറി വിപണിയുടെ വലുപ്പം രണ്ടു ലക്ഷം കോടി രൂപയായി ഉയരും. ഇതില്‍ 90 ശതമാനവും സ്വഗിയും സൊമാറ്റോയും പങ്കിടുന്നു.

ട്രെന്റ്ും ബെല്ലും: നിഫ്റ്റി 50 സൂചികയില്‍ വെള്ളിയാഴ്ച അഴിച്ചു പണി വരികയാണ്. വെള്ളിയാഴ്ചത്തെ വ്യാപാരം അവസാനിച്ചശേഷം ട്രെന്റും ഭാരത് ഇലക്‌ട്രോണിക്‌സും സൂചികയിലേക്ക് കടന്നുവരികയാണ്. പകരം എല്‍ടി മൈന്‍ഡ് ട്രീ, ഡിവി ലബോറട്ടറീസ് എന്നീ ഓഹരികള്‍ പുറത്തേക്കു നീങ്ങും.

കെ ആര്‍എന്‍ ഹീറ്റ് എക്‌സ്‌ചേഞ്ചര്‍ ആന്‍ഡ് റെഫ്രജിറേഷന്‍: കമ്പനിയുടെ കന്നി പബ്‌ളിക് ഇഷ്യു ഇന്നലെ അവസാനിച്ചതോടെ ലഭിച്ച അപേക്ഷകളുടെ എണ്ണം 47.47 ഇരട്ടിയായി. ആദ്യദിവസംതന്നെ 24.09 ഇരട്ടി അപേക്ഷകള്‍ ലഭിച്ചിരുന്നു. കമ്പനി 342 കോടി രൂപയാണ് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രൈസ് ബാന്‍ഡ് 209-220 രൂപ. ഇഷ്യു ഇന്നവസാനിക്കും.

ക്രൂഡോയില്‍ വില

ബാരലിന് 100 ഡോളറെന്ന അനൗദ്യോഗിക ലക്ഷ്യം ഉപേക്ഷിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചതും ഈ വര്‍ഷാവസാനത്തോടെ ഉത്പാദനം വര്‍ധിപ്പിക്കുവാന്‍ തയാറായിരിക്കുന്നതും ഇന്നലെ എണ്ണ വിലയില്‍ ഇടിവുണ്ടാക്കി. ക്രൂഡോയില്‍ വിലയ്ക്കു പ്രത്യേക ലക്ഷ്യമൊന്നും നിശ്ചയിച്ചിട്ടില്ലെന്നു ഒപ്പെക് പ്ലസ് രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ക്രൂഡോയില്‍ വില ദീര്‍ഘനാള്‍ കുറച്ചു നിര്‍ത്താന്‍ സഹായകരമാകുമെന്നു വിലയിരുത്തപ്പെടുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷം ഇതുവരെയും എണ്ണ വിലയെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. ലെബനീസ് ഉത്പാദനം തടസപ്പെട്ടാല്‍ അതു സൗദി നികത്തും. ഒപ്പെക് പ്ലസ് രാജ്യങ്ങള്‍ നടപ്പിലാക്കിയിട്ടുള്ള സ്വയം പ്രകക്യാപിത ഉത്പാദന വെട്ടിക്കുറയ്ക്കല്‍ ഡിസംബറില്‍ പിന്‍വലിച്ചാല്‍ വിപണിയിലേക്ക് പ്രതിദിനം 2.2 ദസലക്ഷം ബാരല്‍ എണ്ണ എത്തും.

ക്രൂഡോയില്‍ വിലയില്‍ ഏതാണ്ട് രണ്ടു ശതമാനത്തോളം ഇടിവുണ്ടായിരിക്കുകയാണ്. ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 71.31 ഡോളറാണ്. ഇന്നലെയിത് 73.53 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്ള്യുടിഐ ബാരലിന് 67.34 ഡോളറുമാണ്. ഇന്നലെ രാവിലെ 69.73 ഡോളറായിരുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവില കുറയുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇറക്കുമതിച്ചെലവു കുറയ്ക്കുമെന്നു മാത്രമല്ല, ഇന്ധനവിലക്കയറ്റം കുറയ്ക്കുകയും രാജ്യത്തിന്റെ അടവുശിഷ്ടനിലയിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. രൂപയുടെ ഇടിവു തടയുന്നതിനും ഇതു സഹായകരമാകും.

ഇന്ത്യന്‍ രൂപ ഇന്നലെ

മാസാവസാനത്തില്‍ ഇറക്കുമതിക്കാരുള്‍പ്പെടെയുള്ളവരില്‍നിന്നുള്ള ഡോളര്‍ ഡിമാണ്ടിനെത്തുടര്‍ന്ന രൂപ ഡോളറിനെതിരേ എട്ടു പൈസകണ്ടു ദുര്‍ബലമായി. ഒരു ഡോളറിന് 83.66 രൂപ നല്‍കണം. ഇതു തലേദിവസത്തെ 83.58-നേക്കാള്‍ എട്ടു പൈസ കുറഞ്ഞു. ക്രൂഡ് വില കുറഞ്ഞതും വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍ വാങ്ങലുകാരായതും രൂപയുടെ വീഴ്ചയെ ഒരു പരിധിവരെ പിടിച്ചു നിര്‍ത്തി.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.