image

15 Oct 2024 2:04 AM GMT

Stock Market Updates

വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ഒക്ടോബര്‍ 15)

Joy Philip

domestic market fell sharply at the end of the trade
X

പണപ്പെരുപ്പക്കണക്കുകളും റിലയന്‍സിന്റെ അത്ര ആകര്‍ഷകമല്ലാത്ത പ്രവര്‍ത്തനഫലവും ഇന്നു വിപണിയുടെ ഓപ്പണിംഗില്‍ പ്രതിഫലിക്കും. റേഞ്ച് ബൗണ്ട് നീക്കമാണ് വിപണിയുടേത്. വ്യക്തിഗത ഓഹരികള്‍ കേന്ദ്രീകൃതമായാണ് വിപണിയുടെ നീക്കം. ആഗോള വിപണികള്‍ വന്‍ മുന്നേറ്റം നടത്തുമ്പോഴും ഇന്ത്യന്‍ വിപണി അതിനോട് അത്ര കണ്ടു പ്രതികരിക്കുന്നില്ല. ചുരുക്കത്തില്‍ ആഗോള സംഭവങ്ങളേക്കാള്‍ ആഭ്യന്തര സമ്പദ്ഘടനയിലെ പ്രശ്‌നങ്ങളാണ് വിപണിയുടെ മുന്നേറ്റത്തിനു തടസമാകുന്നതെന്നു പറയാണ്. ഉയരുന്ന പണപ്പെരുപ്പം, രൂപയുടെ മൂല്യശോഷണം, ക്രൂഡോയില്‍ വില വര്‍ധന തുടങ്ങിയവയ്‌ക്കൊപ്പം സമ്പദ്ഘടനയുടെ വളര്‍ച്ചയുടെ വേഗം കുറയുന്നതും വിപണിയുടെ മനോഭാവത്തെ ബാധിക്കുന്നു. ഈ സാഹചര്യത്തിലും ആഗോള വിപണിയുടെ ചുവടു പിടിച്ചാണ് ഇന്ത്യന്‍ വിപണി നീങ്ങുന്നത്.

ഇന്ത്യന്‍ വിപണി ഇന്നലെ

ആഗോള വിപണികളെല്ലാംതന്നെ മുന്നേറുമ്പോള്‍ ഇന്ത്യന്‍ വിപണി പതുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഇന്നലെയും ചെറിയ റേഞ്ചിലായിരുന്നു വിപണിയുടെ പ്രകടനം. രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്തു ഉയരത്താതും ചില്ലറ വിലക്കയറ്റം വീണ്ടും തലപൊക്കിയതും വിപണിയുടെ മനോഭാവത്തെ ബാധിക്കുകയാണ്. പ്രത്യേക ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റി ഇന്നലെ മൂന്നു ദിവസത്തെ കണ്‍സോളിഡേഷനുശേഷം മെച്ചപ്പെട്ട് 25000 പോയിന്റിനു മുകളില്‍ തിരിച്ചെത്തി ക്ലോസ് ചെയ്തിരിക്കുകയാണ്. നിഫ്റ്റി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് 163.7 പോയിന്റ് മെച്ചത്തോടെ 25127.95 പോയിന്റിലാണ്.

വിവിധ മേഖലകള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ച വച്ചത്. ബാങ്ക്, ഐടി, കാപ്പിറ്റല്‍ ഗുഡ്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഹെല്‍ത്ത്‌കെയര്‍, എഫ്എംസിജി തുടങ്ങിയ മേഖലകള്‍ നിഫ്റ്റിക്ക് പിന്തുണ നല്‍കി. മെറ്റല്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയ മേഖലകള്‍ നിരാശപ്പെടുത്തി.

എന്നാല്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ഇന്നലെ 591.60 പോയിന്റ് (0.73 ശതമാനം) നേട്ടത്തോടെ 81973.05 പോയിന്റില്‍ ക്ലോസ് ചെയ്തു.

കൂുടതല്‍ ഉത്തേജകനടപടികളെക്കുറിച്ച് ചൈനീസ് സര്‍ക്കാര്‍ സൂചന നല്‍കിയത് മെറ്റല്‍ മേഖലയ്ക്കു സഹായകമാകുമെന്നു വിലയിരുത്തുന്നു. പക്ഷേ ഇതു സംബന്ധിച്ചു വിശദാംശങ്ങള്‍ പ്രഖ്യാപിക്കാത്തതാണ് മെറ്റല്‍ ഓഹരികള്‍ക്കു പ്രതികൂലമായത്. വെള്ളിയാഴ്ച മെറ്റല്‍ തൃപ്തികരമായ ഉയര്‍ച്ച നേടിയിരുന്നു.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

നിഫ്റ്റി കണ്‍സോളിഡേഷനില്‍നിന്ന് പുറത്തുവന്നു മെച്ചപ്പെട്ട നിലയില്‍ ക്ലോസ് ചെയ്തിരിക്കുകയാണ് ഇന്നലെ. എന്നാല്‍ പണപ്പെരുപ്പം ഉയര്‍ന്നത് വിപണിക്ക് തിരിച്ചടിയാകും. പലിശ നിരക്കു കുറയ്ക്കുന്നത് ഇനിയും നീണ്ടു പോകുമെന്നാണ് ഇതു നല്‍കുന്ന സൂചന.

നിഫ്റ്റി 25250 പോയിന്റിനു മുകളിലേക്കു ശക്തമായി എത്തിയാല്‍ മാത്രമേ പുതിയ ഉയരങ്ങളിലേക്കു നീങ്ങുവാന്‍ നിഫ്റ്റിക്കു സാധിക്കുകയുള്ളു. നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 25234 പോയിന്റില്‍ ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. തുടര്‍ന്നു മുന്നോട്ടു നീങ്ങിയാല്‍ 25302 പോയിന്റിലേക്ക് എത്താം. അടുത്ത ലക്ഷ്യം 25400 ആണ്. ഒക്ടോബര്‍ ഒന്നിലെ ഗ്യാപ് ഡൗണ്‍ പോയിന്റായ 25740 ശക്തമായ റെസിസ്റ്റന്‍സായി നില്‍ക്കുകയാണ്.

നിഫ്റ്റിയില്‍ ഇന്നു തിരുത്തലുണ്ടായാല്‍ 24920 പോയിന്റിലാണ് ഏറ്റവുമടുത്ത പിന്തുണ. തുടര്‍ന്ന് 24750 പോയിന്റിലും പിന്തുണ കിട്ടും.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 46.54 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: തുടര്‍ച്ചയായ അഞ്ചാം ദിവസവും ബാങ്ക് നിഫ്റ്റി 51000 പോയിന്റിനു മുകളില്‍ ക്ലോസ് ചെയ്തിരിക്കുകയാണ്. ഇന്നലെ ബാങ്ക് നിഫ്റ്റി 644.6 പോയിന്റ് നേട്ടത്തോടെ 51816.9 പോയിന്റില്‍ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 51000 പോയിന്റിനു മുകളില്‍ സാമാന്യം ശക്തമായ പിന്തുണ നേടിയിരിക്കുന്നു.നവംബര്‍ 20 മുതല്‍ ബാങ്ക് നിഫ്റ്റി ഡെറിവേറ്റീവ് വ്യാപാരം ഇല്ലാതാവുകയാണ്. ഇനി നിഫ്റ്റി ഡെറിവേറ്റീവുകള്‍ മാത്രമേ പ്രതിവാര സെറ്റില്‍മെന്റിനുണ്ടാവുകയുള്ളു.

ബാങ്ക് നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 52360 തലത്തില്‍ ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. തുടര്‍ന്ന് 52590 പോയിന്റിലും 52820 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 51220 പോയിന്റിലും തുടര്‍ന്ന് 50900-51000 തലത്തിലും പിന്തുണ കിട്ടും.അടുത്ത ലക്ഷ്യം 50450 പോയിന്റാണ്. ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 48.64 ആണ്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി 26 പോയിന്റ് താഴ്ന്നാണ് ഇന്നു രാവിലെ ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ആഗോള വപണി ഫ്യൂച്ചേഴ്‌സ് എല്ലാം പോസീറ്റീവാണ്.

ഇന്ത്യ വിക്സ്

ഇന്ത്യ വികസ് ഇന്നലെ 1.7 ശതമാനം താഴ്ന്ന് 13 പോയിന്റിലെത്തി. വെള്ളിയാഴ്ചയിത് 13.23 ആയിരുന്നു. വിപണിയിലെ വന്‍ വ്യതിയാനം കുറഞ്ഞ് സ്ഥിരതനേടുകയാണ്. വിക്സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വിപിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്സ്.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 0.94-ലേക്ക് ഉയര്‍ന്നു. വെള്ളിയാഴ്ചയിത് 0.93 ആയിരുന്നു. വിപണി ബുള്ളീഷ് മൂഡിലേക്ക് മാറുകയാണെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

ഇന്നലെയും പതിവുപോലൈ വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ നെറ്റ് വില്‍പ്പനക്കാരും ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ നെറ്റ് വാങ്ങലുകാരുമായിരുന്നു ഇന്നലെ എഫ്എഫ്‌ഐ 9364.16 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 13095.75 കോടി രൂപയുടെ വില്‍പ്പനയും നടത്തി. നെറ്റ് വില്‍പ്പന 3731.59 കോടി രൂപ. ഇതോടെ ഒക്ടോബര്‍ 14 വരെയുള്ള അവരുടെ നെറ്റ് വില്‍പ്പന 62126.15 കോടി രൂപയിലേക്ക് ഉയര്‍ന്നു.

അതേസമയം ഇന്ത്യന്‍ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്നലെ 11597.52 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 9319.43 കോടി രൂപയുടെ വില്‍പ്പനയും നടത്തി. നെറ്റ് വാങ്ങല്‍ 2278.09 കോടി രൂപയാണ്. ഒക്ടോബറില്‍ ഇതോടെ ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ 60070.29 കോടി രൂപയായി ഉയര്‍ന്നു. അതായത് വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ വില്‍പ്പന ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഏതാണ്ട് പൂര്‍ണമായിത്തന്നെ ഉള്‍ക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്നലെ മിക്ക ഇന്ത്യന്‍ എഡിആറുകളും മെച്ചപ്പെട്ടു ക്ലോസ് ചെയ്തു. തുടര്‍ച്ചയായ മൂന്നാം ദിവസവും ഐടി ഓഹരികളായ ഇന്‍ഫോസിസും (1.88 ശതമാനം) വിപ്രോയും (3.16 ശതമാനം) മെച്ചപ്പെട്ടു. എന്നാല്‍, രണ്ടാം ക്വാര്‍ട്ടര്‍ ഫലം പുറത്തുവിട്ട റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.01 ശതമാനം താഴ്ചയിലാ്ണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിംഗ് ഓഹരികളായ ഐസിഐസിഐ ബാങ്ക് 1.53 ശതമാനവും എച്ച് ഡിഎഫ്സി ബാങ്ക് 2.08 ശതമാനവും മെച്ചപ്പെട്ടു. ഡോ. റെഡ്ഡീസ് 0.74 ശതമാനവും മേക്ക് മൈ ട്രിപ് 3.48 ശതമാനവു ഉയര്‍ന്നു. യാത്ര ഓണ്‍ലൈന്‍ 1.18 ശതമാനം കുറഞ്ഞാണ് ക്ലോസ് ചെയ്തത്.

യുഎസ് വിപണി സൂചികകള്‍

കുറയുന്ന പണപ്പെരുപ്പക്കണക്കുകളും ചൈനീസ് ഉത്തേജകനടപടികള്‍ വിപുലപ്പെടുത്തുമെന്ന വാര്‍ത്തകളും യുഎസ് ഓഹരി വിപണിയെ റിക്കാര്‍ഡ് ഉയരത്തിലെത്തിക്കുകയാണ്. ഇതതേത്തുടര്‍ന്ന് എന്‍വിഡ, ടെസ്ല തുടങ്ങിയ ഓഹരകളില്‍ ഉയര്‍ച്ചയുണ്ടാക്കി. ചൈനയില്‍ നിക്ഷേപമുള്ള എല്ലാം ഓഹരികളും തന്നെ മെച്ചപ്പെട്ടു. ഇതോടൊപ്പമാണ് മൂന്നാം ക്വാര്‍ട്ടറില്‍ മെച്ചപ്പെട്ട ഫലങ്ങള്‍ എത്തുന്നത്.

ഇന്നലെ രാവിലെ എഴുപതോളം പോയിന്റ് താഴ്ന്ന ഓപ്പണ്‍ ചെയ്ത ഡൗ ജോണ്‍സ് ഇന്‍ഡസട്രിയല്‍സ് ഇന്നലെ 201.36 പോയിന്റ് (0.47 ശതമാനം) മെച്ചപ്പെട്ട് 43065.22 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇതു റിക്കാര്‍ഡ് ക്ലോസിംഗാണ്. ആദ്യമായി 43000 പോയിന്റ്ു കടക്കുന്ന ഡൗ ഇന്നലെ ഒരവസരത്തില്‍ 43139 പോയിന്റ് വരെ ഉയര്‍ന്നിരുന്നു.

ഡൗ മാത്രമല്ല, എസ് ആന്‍ഡ് പി 500 സൂചികയും റിക്കാര്‍ഡ് ഉയരത്തില്‍ എത്തുകയും (5871.41 പോയിന്റ്) 44.82 പോയിന്റു (0.77 ശതമാനം) മെച്ചപ്പെട്ട് 5859.85 പോയിന്റില്‍ ക്ലോസ് ചെയ്യുകയും ചെയ്തു. റിക്കാര്‍ഡ് ക്ലോസിംഗാണിത്. ടെക് സൂചികയായ നാസ്ഡാക് കോമ്പോസിറ്റ് ഇന്നലെ 159.75 പോയിന്റ് (0.87 ശതമാനം) മെച്ചപ്പെട്ടുവ്യാപാരം അവസാനിപ്പിച്ചു.

വെള്ളിയാഴ്ച പോസീറ്റീവായി ക്ലോസ് ചെയ്ത യൂറോപ്യന്‍ വിപണികള്‍ ഇന്നലെയും മെച്ചപ്പെട്ടു ക്ലോസ് ചെയ്തു. എഫ്ടിഎസ്ഇ യുകെ 39.01 പോയിന്റും (0.47 ശതമാനം) സിഎസി ഫ്രാന്‍സ് 24.17 പോയിന്റും (0.32 ശതമാനം) ജര്‍മന്‍ ഡാക്സ് 134.46 പോയിന്റ്ും (0.69 ശതമാനം) ഇറ്റാലിയന്‍ എഫ്ടിഎസ്ഇ എംഐബി 372.54 പോയിന്റും (1.09 ശതമാനം) മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്.

ഇന്നു രാവിലെ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് മെച്ചപ്പെട്ടാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍: ദേശിയ സ്പോര്‍ട്സ് ഡേ പ്രമാണിച്ചുള്ള അവധിക്കുശേഷം തുറന്ന ജാപ്പനീസ് നിക്കി ഇന്നു രാവിലെ 440 പോയിന്റോളം മെച്ചപ്പെട്ടായിരുന്നു ഓപ്പണിംഗ്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 444.65 പോയിന്റ് മെച്ചത്തിലാണ്. കൊറിയന്‍ കോസ്പി 4.63 പോയിന്റ് മെച്ചപ്പെട്ട് നീങ്ങുകയാണ്.

ഒരു ദിവസത്തെ അവധിക്കുശേഷം തുറന്ന സിംഗപ്പൂര്‍ ഹാംഗസെംഗ് സൂചിക ഇന്നു രാവിലെ താഴ്ന്ന് ഓപ്പണ്‍ ചെയ്തിനുശേഷം 13.1 പോയിന്റി മെച്ചത്തില്‍ നീങ്ങുകയാണ്. ചൈനീസ് ഷാങ്ഹായി കോമ്പോസിറ്റ് സൂചിക ഇന്നു രാവിലെ 28.8 പോയിന്റ് താഴ്ന്നാണ് നീങ്ങുന്നത്.

സാമ്പത്തിക വാര്‍ത്തകള്‍

ചില്ലറവിലക്കയറ്റത്തോത്: രാജ്യത്തെ ച്ില്ലറവിലക്കയറ്റത്തോത് സെപ്റ്റംബറില്‍ ഒമ്പതുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. സെപ്റ്റംബറിലെ ചില്ലറവിലക്കയറ്റത്തോത് 5.49 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. ഓഗസ്റ്റിലിത് 3.65 ശതമാനവും മുന്‍വര്‍ഷം സെപ്റ്റംബറിലിത് 5.02 ശതമാനവുമാണ്. റിസര്‍വ് ബാങ്ക് സഹനീയ നിലയായി കരുതുന്നത് നാലു ശതമാനമാണ്. സെപ്റ്റംബറിലെ ഭക്ഷ്യവിലക്കയറ്റത്തോത് 9.24 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം എന്നിവ ഒഴിവാക്കിയശേഷമുള്ള കാതല്‍ പണപ്പെരുപ്പം എട്ടു മാസത്തെ ഉയര്‍ന്ന നിലയായ 3.5 ശതമാനത്തിലെത്തിയിരിക്കുകയാണ്. പണപ്പെരുപ്പം ഉയരുന്നതു മൂലം പലിശ വെട്ടിക്കുറയ്ക്കല്‍ താമസിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തയാറായേക്കും. എന്നാല്‍ മികച്ച കാലവര്‍ഷം ലഭിച്ചത് വെള്ളിരേഖയാണ്. ഭക്ഷ്യവിലക്കയറ്റം കറയ്ക്കാന്‍ മികച്ച ഖാരിഫ് വിളയ്ക്കു സാധിച്ചേക്കുമെന്നു കരുതുന്നു.

മൊത്തവിലക്കയറ്റത്തോത്: സെപ്റ്റംബറില്‍ മൊത്തവിലക്കയറ്റത്തോത് 1.84 ശതമാനമായി. ാേഗസ്റ്റിലിത് 1.31 ശതമാനമായിരുന്നു. 2023 സെപ്റ്റംബറിലിത് 0.26 ശതമാനമായിരുന്നു. ഭക്ഷ്യവസ്തുക്കളിലെ മൊത്തവിലക്കയറ്റത്തോത് 9.47 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ഓഗസ്റ്റിലിത് 3.26 ശതമാനമായിരുന്നു. ഇന്ത്യയുടെ ശരാശരി ഭക്ഷ്യവിലക്കയറ്റത്തോത് 2020-24 കാലയളവില്‍ 6.3 ശതമാനമായി ഉയര്‍ന്നു.

.കമ്പനി വാര്‍ത്തകള്‍

ക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഇന്ന്: എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ്, എച്ച് ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കെയ് ഇന്‍ഡസ്ട്രീസ്, ന്യൂജെന്‍ സോഫ്റ്റ്, പിവിആര്‍ഇനോക്സ് ഡിബി കോര്‍പ് റാലീസ് ഇന്ത്യ തുടങ്ങിയ 25 കമ്പനികള്‍ ഫലം പുറത്തുവിടും.

ഹ്യൂണ്ടായി മോട്ടോര്‍ ഐപിഒ: രാജ്യത്തെ ഏറ്റവും വലിയ പബ്ളിക് ഇഷ്യുമായി കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായി മോട്ടോര്‍ കമ്പനിയുടെ ഇന്ത്യന്‍ സബ്സിഡിയറിയായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഒക്ടോബര്‍ 15-ന് വിപണിയിലെത്തും. ഇഷ്യു 17-ന് അവസാനിക്കും. പ്രൈസ് ബാന്‍ഡ് 1865-1960 രൂപ. ഒക്ടോബര്‍ 22-ന് ഓഹരി എന്‍എസ് ഇയിലും ബിഎസ്ഇയിലും ലിസ്റ്റു ചെയ്യും. ലിസ്റ്റിംഗ് ലക്ഷ്യമാക്കിയാണ് ഇഷ്യു. കമ്പനി ഇഷ്യു വഴി 27870 കോടി രൂപ സ്വരൂപിക്കും. ഇന്നലെ ആങ്കര്‍ നിക്ഷേപകരില്‍നിന്ന് കമ്പനി8315 കോടി രൂപ സമാഹരിച്ചിരുന്നു. 1960 രൂപയായിരുന്നു ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള വില.

ക്രൂഡോയില്‍ വില

പശ്ചിമേഷ്യയിലെ ഇറാന്‍- ഇസ്രേയല്‍ സംഘര്‍ഷത്തിന് അയവു വന്നിട്ടില്ലെങ്കിലും പ്രതീക്ഷിക്കുന്നതുപോലെ ഇനിയും ക്രൂഡോയില്‍ വിതരണ മേഖലയില്‍ പ്രശ്നങ്ങളൊന്നുമുണ്ടാകാത്തത് വില താഴേയ്ക്കു നീങ്ങുവാന്‍ സമ്മര്‍ദ്ദത്തിലാണ്. അതു ക്രൂഡോയില്‍ വിപണിയില്‍ പ്രത്യക്ഷമാകുകുയും ചെയ്തിരിക്കുകയാണ്. കൂടാതെ 2024-ല്‍ ക്രൂഡോയില്‍ ഡിമാണ്ട് വളര്‍ച്ച പ്രതിദിനം 1.9 ദശലക്ഷം ബാരലായിരിക്കുമെന്നു ഒപ്പെക് അനുമാനിക്കുന്നു. ഇത് നേരത്തെ കണക്കാക്കിയിരുന്ന രണ്ടു ദശലക്ഷത്തേക്കാള്‍ കുറവാണ്. ഇതു മൂന്നാം തവണയാണ് ഒപ്പെക് ഡിമാണ്ട് വളര്‍ച്ച കുറയുന്നതായി കണക്കാക്കുന്നത്. ഈ വിലയിരുത്തലും എണ്ണ വിലയിലെ കുറവിനു സഹായിച്ചു.എണ്ണ വിപണിയില്‍ ഇറാനിയന്‍ അട്ടിമറിയുണ്ടായാല്‍ അതിനെ നേരിടാന്‍ പാശ്ച്യാത്യ രാജ്യങ്ങള്‍ വഴികള്‍ കണ്ടിട്ടുണ്ടെന്ന വാര്‍്ത്തകളും ചൈനീസ് ഉത്തേജക നടപടികള്‍ വ്യക്തമാക്കാത്തതുമാണ് ക്രൂഡോയില്‍ വിലയില്‍ ഇന്നു രാവിലെ കുത്തനെയുള്ള ഇടിവാണുണ്ടാക്കിയത്. ബ്രെന്റ് ക്രൂഡ് 75 ഡോളറിലേക്ക് ബാരലിന് താഴ്ന്നിരിക്കുകയാണ്. ബാരലിന് 90-#ാേളറിലെത്തിയശേഷമാണ് ഈ ഇടിവുണ്ടായിരിക്കുന്നത്.

.ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 75.37 ഡോളറാണ്. തിങ്കളാഴ്ച 79.03 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്ള്യുടിഐ ബാരലിന് 71.88 ഡോളറുമാണ്. ഇന്നലെയിത് 75.55 ഡോളറായിരുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡ് വില കയറുന്നത് നെഞ്ചിടിപ്പിക്കുന്ന സംഗതിയാണ്. ബാരലിന് 10 ഡോളര്‍ കൂടിയാല്‍ പണപ്പെരുപ്പത്തില്‍ 0.3 ശതമാനം വര്‍ധനയുണ്ടാകും. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 0.43 ശതമാനം കണ്ടു വര്‍ധിക്കുകയും ചെയ്യും.

ഇന്ത്യന്‍ രൂപ

ഒക്‌ടോബര്‍ 11-ന് രൂപ ഡോളറിനെതിരേ അതിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ (84.10) എത്തിയതിനുശേഷം ഇന്നലെ നേരിയ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. ഇന്നലെ ഡോളറിന് 84.05 രൂപയാണ് വില. വെള്ളിയാഴ്ചത്തേക്കാള്‍ 5 പൈസയുടെ നേട്ടം.

വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ വില്‍പ്പനയ്ക്ക് ഇനിയും അറുതി വരാതെ തുടരകയാണ്. ഒക്‌ടോബറിലെ എല്ലാ വ്യാപാരദിവസവും വില്‍പ്പനക്കാരായിരുന്നു അവര്‍. അവരുടെ നെറ്റ് വില്‍പ്പന 60000 കോടി രൂപ കവിഞ്ഞു. ഇതോടൊപ്പമാണ് ക്രൂഡോയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നതും.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍. എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ ഇതു കടുത്ത ആഘാതം ഇ്ന്ത്യയിലുണ്ടാകും.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.