image

11 Oct 2024 1:59 AM GMT

Stock Market Updates

ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാം; വിപണി തുറക്കും മുമ്പ് ഈ 10 കാര്യങ്ങൾ അറിഞ്ഞിരിക്കാം

Joy Philip

ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാം; വിപണി തുറക്കും മുമ്പ് ഈ 10 കാര്യങ്ങൾ അറിഞ്ഞിരിക്കാം
X

യുഎസിലെ കാതല്‍ പണപ്പെരുപ്പത്തോത് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഫെഡറല്‍ റിസര്‍വിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നതിലേക്കാണ് ആഗോള ശ്രദ്ധ പതിയുന്നത്. ഇന്നലെ യുഎസ് വിപണി നേരിയ തോതില്‍ താഴ്ന്നിരിക്കുകയാണെങ്കിലും യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സ് സമ്മിശ്രമായാണ് നീങ്ങുന്നത്. ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ പോസീറ്റീവായിട്ടാണ് നീങ്ങുന്നത്.

ചൈന വീണ്ടും രണ്ടു ലക്ഷം കോടി രൂപയുടെ അധിക ഉത്തേജന നടപടികള്‍ കൂടി പ്രഖ്യാപിക്കുമെന്ന സൂചന ആഗോള വിപണിക്കു ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്ഘടനയാണ് ചൈനയെന്നുകൂടി ഓര്‍മിക്കണം. അതുകൊണ്ടുതന്നെ അവരുടെ അനുകൂല നടപടികളും നിക്ഷേപകരില്‍ ആത്മവിശ്വാസം വളര്‍ത്തും. ചൈനയില്‍ നിക്ഷേപമുള്ള യുഎസ് കമ്പനികള്‍ എല്ലാം തന്നെ ഇന്നലെ മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്.

ചുരുക്കത്തില്‍ ഇന്ത്യന്‍ വിപണിക്കും ഇന്നു ദിശ നല്‍കുക ആഗോള സംഭവ വികാസങ്ങളായിരിക്കും. രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്്. വരും ആഴ്ചകളില്‍ വിപണിക്കു ദിശ നല്‍കുക ക്വാര്‍ട്ടര്‍ ഫലങ്ങളായിരിക്കും. ക്വാര്‍ട്ടര്‍ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തിഗത ാേഹരികളില്‍ റീറേറ്റിംഗ് പ്രതീക്ഷിക്കാം. വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ തിരിച്ചുവരുന്നതുവരെ വിപണയില്‍ കുതിപ്പ് പ്രതീക്ഷിക്കേണ്ട്. അല്ലെങ്കില്‍ പലിശ വെട്ടിക്കുറവു പോലുള്ള ട്രിഗറുകള്‍ ഉണ്ടാകണം. ഇപ്പോഴത്തെ സൂചനകള്‍ കണക്കിലെടുത്താല്‍ ഇന്ന് റേഞ്ച് ബൗണ്ട് നീക്കം പ്രതീക്ഷിച്ചാല്‍ മതി.

ഇന്ത്യന്‍ വിപണി ഇന്നലെ

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബഞ്ച്മാര്ക്ക് സൂചികകള്‍ നേരിയ നേട്ടത്തോടെ ഇന്നല ക്ലോസ് ചെയ്തു. ആഗോള വിപണികളുടെ ചുവടുപിടിച്ചു മെച്ചപ്പെട്ട ഓപ്പണ്‍ ചെയ്ത വിപണിയുടെ നീക്കം നേരിയ റേഞ്ചിലായിരുന്നു. ഉയരത്തിലേക്കു നീങ്ങുവാന്‍ വിപണി പ്രയാസപ്പെടുകയായിരുന്നു.

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റിയുടെ ഇന്നത്തെ നീക്കം വെറും 150 പോയിന്റ് റേഞ്ചിനുള്ളിലായിരുന്നു. നിഫ്റ്റി 16.5 പോയിന്റ് നേട്ടത്തോടെ 24998.45 പോയിന്റില്‍ ക്ലോസ് ചെയ്തു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് നിഫ്റ്റി 25000 പോയിന്റിനു താഴെ ക്ലോസ് ചെയ്യുന്നത്. അവസാനഭാഗത്താണ് നിഫ്റ്റി താഴ്്ചയിലേക്കു നീങ്ങിയത്.

ഇ്ന്നലെയും വിവിധ മേഖലകള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ച വച്ചത്. ബാങ്കിംഗ്, ാേട്ടോ, കാപ്പിറ്റല്‍ ഗുഡ്‌സ്, മെറ്റല്‍സ് തുടങ്ങിയവ മെച്ചപ്പെട്ടപ്പോള്‍ ഐടി, കണ്‍സ്്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്എം സിജി, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയവ ഇടിവു കാണിച്ചു. സ്‌മോള്‍ കാപ് ഓഹരികള്‍ ഉണര്‍വ് കാണിച്ചപ്പോള്‍ മിഡ്കാപ് ഓഹരികളില്‍ വില്‍്പ്പനയായിരുന്നു.

ഇന്നലെ വിവിധ മേഖലകള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ച വച്ചത്. ഐടി, ഓട്ടോ, ഹെല്‍ത്ത്‌കെയര്‍, കാപ്പിറ്റല്‍ ഗുഡ്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങിയ മേഖലകളെല്ലാം ഇന്നലെ സജീവമായിരുന്നു. ബാങ്ക്‌നിഫ്റ്റി നേരിയ തോതില്‍ താഴന്നാണ് ക്ലോസ് ചെയ്തത്. ചൊവ്വാഴ്ച വന്‍ ഇടിവു കാണിച്ച മെറ്റല്‍ മേഖല ഇന്നലെയും താഴ്ന്നു. എഫ്എംസിജി, ഗ്യാസ് ആന്‍ഡ് ഓയില്‍ തുടങ്ങിയവയെല്ലാം നന്നായി ഇടിവു കാണിച്ചു. എന്നാല്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്സ് സൂചിക ഇന്നലെ 144.31 പോയിന്റ് (0.18 ശതമാനം)മെച്ചത്തോടെ 81611.41 പോയിന്റില്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

25250 പോയിന്റ് മറികടക്കുവാന്‍ നിഫ്റ്റി വളരെ പ്രയാസപ്പെടുകയാണ്. 25250 പോയിന്റിനു മുകളിലേക്കു ശക്തമായ നിലയില്‍ വന്നാല്‍ മാത്രമേ പുതിയ ഉയരങ്ങളിലേക്കു നീങ്ങുവാന്‍ നിഫ്റ്റിക്കു സാധിക്കുകയുള്ളു.

ഇന്നലെ 25000 പോയിന്റിനു താഴേയ്ക്കു വീണ്ടും നീങ്ങിയ നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 25290 പോയിന്റില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. തുടര്‍ന്നും മുകളിലേക്കു നീങ്ങുകയാണെങ്കില്‍ 25400-25500 തലത്തില്‍ ശക്തമായ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. അടുത്ത ലക്ഷ്യം 25750 പോയിന്റാണ്. ഒക്ടോബര്‍ ഒന്നിലെ ഈ ഗ്യാപ് ഡൗണ്‍ ഓപ്പണിംഗ് മറികടന്നാല്‍ മാത്രമേ നിഫ്റ്റിക്ക് കൂടുതല്‍ ഉയരത്തിലേക്കു പോകുവാന്‍ സാധിക്കുകയുള്ളു.

നിഫ്റ്റിയില്‍ ഇന്നു തിരുത്തലുണ്ടായാല്‍ 24725-24825 തലത്തില്‍ ശക്തമായ പിന്തുണയുണ്ട്. അതിനു താഴേയ്ക്കു പോയാല്‍ 24660 പോയിന്റില്‍ 24500 പിന്തുണ കിട്ടും.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 42.47 ആണ്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ചൊവ്വാഴ്ച 51000 പോയിന്റിനു മുകളിലേക്കു എത്തിയ ബാങ്ക് നിഫ്റ്റി തുടര്‍ച്ചയായ മൂന്നാം ദിവസവും അതിനു മുകളില്‍ ക്ലോസ് ചെയ്തു. ഇന്നലെ ബാങ്ക് നിഫ്റ്റി 523.9 പോയിന്റ് മെച്ചത്തോടെ 51530.90 പോയിന്റിലെത്തി. ബാങ്ക് നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 51660 പോയിന്റിലും തുടര്‍ന്ന് 51850 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. അടുത്ത റെസിസ്റ്റന്‍സ് 52360 പോയിന്റും 52610 പോയിന്റുമാണ്. 52820 പോയിന്റ് അതിശക്തമായ റെസിസ്റ്റന്‍സ് പോയിന്റായി മാറിയിരിക്കുകയാണ്. മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 51050 പോയിന്റിലും തുടര്‍ന്ന് 50800 പോയിന്റിലും പിന്തുണ ലഭിക്കും. ബാങ്ക് നിഫ്റ്റിയുടെ അടുത്ത പിന്തുണ 50190 പോയിന്റിലാണ്.

ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ 45.25 ആണ്. ബാങ്ക് നിഫ്റ്റി ന്യൂട്രല്‍ സോണില്‍നിന്നു പതിയ ബുള്ളീഷ് സോണിലേക്കു നീങ്ങുകയാണ്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി 26 പോയിന്റ് മെച്ചപ്പെട്ടാണ് ഇന്നു രാവിലെ ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ആഗോള വപണി ഫ്യൂച്ചേഴ്‌സ് സമ്മിശ്രമാണ്.

ഇന്ത്യ വിക്സ്

ഇന്ത്യ വികസ് ഇന്നലെ 4.65 ശതമാനം താഴ്ചയോടെ 13.47-ലെത്തി. ബുധനാഴ്ചയിത് 14.12 ആയിരുന്നു. വിപണിയിലെ അസാധാരണ വ്യതിയാനത്തിനു പതിയെ ശമനമുണ്ടാവുകയാണ്. വിക്സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വിപിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്സ്.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ഇന്നലെ 0.93-ലേക്ക് കുതിച്ചുയര്‍ന്നു. ബുധനാഴ്ചയിത് 0.72 ആയിരുന്നു. വിപണി ബുള്ളീ,് മൂഡിലേക്ക് മാറുകയാണെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെയും ഇന്ത്യന്‍ വിപണിയില്‍ നെറ്റ് വില്‍പ്പനക്കാരായിരുന്നു. ഇന്നലെ അവര്‍ 16514.3 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 21440.91 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. അതായത് നെറ്റ് വില്‍പ്പന 4926.61 കോടി രൂപ. ഇതോടെ ഒക്ടോബറിലെ നെറ്റ് വില്‍പ്പന 54231.9 കോടി രൂപയായി ഉയര്‍ന്നു.

അതേസമയം ഇന്ത്യന്‍ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്നലെ 13301.19 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 9422.86 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. നെറ്റ് വാങ്ങല്‍ 3878.33 കോടി രൂപ. ഒക്ടോബര്‍ 10 വരെയുള്ള നെറ്റ് വാങ്ങല്‍ 54061.33 കോടി രൂപയിലേക്ക് ഉയര്‍ന്നു. ചുരുക്കത്തില്‍ വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ വില്‍പ്പന ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ വാങ്ങിയെന്നര്‍ത്ഥം. അതുകൊണ്ടുതന്നെ എഫ്എഫ്‌ഐ വില്‍പ്പന ഇന്ത്യന്‍ വിപണിയില്‍ വന്‍ ഇടിവിനു വഴിതെളിക്കുന്നില്ല.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകള്‍ സമ്മിശ്രമായിരുന്നു ഇന്നലെ. ഐടി ഓഹരികളായ ഇന്‍ഫോസിസും വിപ്രോയും യഥാക്രമം 2.66 ശതമാനവും 2.34 ശതമാനവും വീതം താഴ്ന്നാണ് ക്ലോസ് ചെയ്തത്. എന്നാല്‍ . ഐസിഐസിഐ ബാങ്ക് 0.51 ശതമാനം താഴ്ന്നപ്പോള്‍ എച്ച് ഡിഎഫ്സി ബാങ്ക് 0.1.27 ശതമാനം മെച്ചപ്പെട്ടു. റിലയന്‍സ് ഇന്‍ഡസ്ട്രീസും യാത്രാ ഓണ്‍ലൈനും മാറ്റമില്ലാതെ തുടര്‍ന്നു. മേക്ക് മൈ ട്രിപ് 3.54 ശതമാനം ഉയര്‍ന്നപ്പോള്‍ ഡോ. റെഡ്ഡീസ് 1.90 ശതമാനം കുറഞ്ഞു.

യുഎസ് വിപണി സൂചികകള്‍

സെപ്റ്റംബറിലെ യുഎസ് പണപ്പെരുപ്പം 2021-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍ ( 2.4 ശതമാനം; കഴിഞ്ഞ മാസം 2.5 ശതമാനം) എത്തിയെങ്കിലും പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്നതാണ്. മാത്രമല്ല, കാതല്‍ പണപ്പെരുപ്പം ( ഭക്ഷ്യ, ഇന്ധന വിലക്കയറ്റം മാറ്റിയതിനുശേഷമുള്ളത്) സെപ്റ്റംബറില്‍ ഉയര്‍ന്നത് പണപ്പെരുപ്പ ഭീഷണി ഇനിയും നില്‍ക്കുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. കാതല്‍ പണപ്പെരുപ്പം മുന്‍വര്‍ഷമിതേ കാലയളവിലെ മൂന്നു ശതമാനത്തില്‍നിന്ന് 3.3 ശതമാനത്തിലേക്ക് ഉയര്‍ന്നു. പ്രതിവാര ജോബ് ലെസ് ക്ലെയിം പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്നതും വിപണിയില്‍ നേരിയ താഴ്ചയ്ക്കു കാരണമായി. യുഎസ് സമ്പദ്ഘടനയെക്കുറിച്ചു ഒരു സമ്മിശ്ര ചിത്രമാണ് ഈ രണ്ടു കണക്കുകളും നല്‍കുന്നത്. ഇതു ഫെഡറല്‍ റിസര്‍വിന്റെ പലിശ വെട്ടിക്കുറയ്ക്കല്‍ തീരുമാനത്തില്‍ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നാണ് വിപണി ഭയക്കുന്നത്. നവംബറിലാണ് അടുത്ത ഫെഡറല്‍ യോഗം.

യുഎസ് ബഞ്ച്മാര്‍ക്ക് സൂചികയായ ഡൗ ജോണ്‍സ് ഇന്‍ഡസട്രിയല്‍സ് ഇന്നലെ 57.88 പോയിന്റ് (0.14 ശതമാനം) താഴ്ന്ന് 42454.12 പോയിന്റില്‍ ക്ലോസ് ചെയ്തു. ബുധനാഴ്ചത്തെ റിക്കാര്‍ഡ് ഉയരത്തില്‍നിന്നു (42512 പോയിന്റ്) നേരിയ തോതില്‍ താഴ്ന്നിരിക്കുകയാണ് ഡൗ. സെപ്റ്റംബര്‍ 27-ന് സൃഷ്ടിച്ച 42628.32 പോയിന്റാണ് ഡൗ ജോണ്‍സിന്റെ റിക്കാര്‍ഡ് ഉയരം.

ടെക് സൂചികയായ നാസ്ഡാക് കോമ്പോസിറ്റ് 9.57 പോയിന്റും (0.05 ശതമാനം) എസ് ആന്‍ഡ് പി 500 സൂചിക 11.99 പോയിന്റും (0.21 ശതമാനം) താഴ്ന്ന് ക്ലോസ് ചെയ്തു.

യൂറോപ്യന്‍ വിപണികള്‍ എല്ലാം തന്നെ ഇന്നലെ നെഗറ്റീവായാണ് ക്ലോസ് ചെ.യതത്. എഫ്ടിഎസ്ഇ യുകെ 6.01 പോയിന്റും (0.07 ശതമാനം) സിഎസി ഫ്രാന്‍സ് 18.5 പോയിന്റും (0.24 ശതമാനം) ജര്‍മന്‍ ഡാക്സ് 44.03 പോയിന്റ്ും (0.23 ശതമാനം) താഴ്ന്നപ്പോള്‍ ഇറ്റാലിയന്‍ എഫ്ടിഎസ്ഇ എംഐബി 144.39 പോയിന്റു (0.43 ശതമാനം) മെച്ചപ്പെട്ടാണ്് ക്ലോസ് ചെയ്തത്.

ഇന്നു രാവിലെ യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് സമ്മിശ്രമാണ്.

ഏഷ്യന്‍ വിപണികള്‍: ജാപ്പനീസ് നിക്കി ഇന്നലെയും മെച്ചപ്പെട്ടു. കൂടുതല്‍ ഉത്തേജക നടപടികള്‍ ഉണ്ടാകുമെന്ന് ബെയ്ജിംഗ് അറിയിച്ചതിനെത്തുടര്‍ന്ന് ജാപ്പാന്‍, സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ വിപണികള്‍ മെച്ചപ്പെട്ടത്. ജാപ്പനീസ് നിക്കി ഇന്നലെ 102.93 പോയിന്റ് മെച്ചത്തില്‍് ക്ലോസ് ചൈയ്തപ്പോള്‍ സിംഗപ്പൂര്‍ ഹാംഗ്‌സെംഗ് സൂചിക 614.74 പോയിന്റ്ും ( 2.98 ശതമാനം) ചൈനീസ് ഷാങ്ഹായ് കോമ്പോസിറ്റ് സൂചക 43.07 പോയിന്റും ( 1.32 ശതമാനം) മെച്ചപ്പെട്ടു.

ഇന്നു രാവിലെ 250 പോയിന്റോളം മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്ത് നിക്കി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 204.41 പോയിന്റ് മെച്ചത്തിലാണ്. കൊറിയന്‍ കോസ്പി 11.21 പോയിന്റ് മെച്ചപ്പെട്ട് നീങ്ങുകയാണ്.

സിംഗപ്പൂര്‍ ഹാംഗസെംഗ് വിപണിക്ക് ഇന്ന് അവധിയാണ്. ചൈനീസ് ഷാങ്ഹായി കോമ്പോസിറ്റ് സൂചിക ഇന്നു രാവിലെ 31.36 താഴ്ന്നാണ് നീങ്ങുന്നത്.

സാമ്പത്തിക വാര്‍ത്തകള്‍

ലോകബാങ്ക് അനുമാനം: ശക്തമായ സ്വകാര്യ ഉപഭോഗം, മെച്ചപ്പെട്ട കാര്‍ഷികോത്പാദനം, തൊഴില്‍ വളര്‍ച്ച എന്നിവയുടെ പിന്തുണയില്‍ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച 24-25-ല്‍ ഏഴു ശതമാനം വളര്‍ച്ച നേടുമെന്ന് ലോകബാങ്കിന്റെ ഏറ്റവും പുതിയ സാമ്പത്തിക വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കമ്പനി വാര്‍ത്തകള്‍

രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍: ജസറ്റ് ഡയല്‍, റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍്ഫ്രാ, പ്ലാസ്റ്റിബ്‌ളെന്‍ഡഡ്‌സ്, സംഗം ഫിന്‍സെര്‍വ് യൂണിവേഴ്‌സല്‍ ആര്‍ട്ട് തുടങ്ങി തുടങ്ങി 10 കമ്പനികള്‍ ഇന്നു ഫലം പുറത്തുവിടും.

ടാറ്റ ഓഹരികള്‍: രത്തന്‍ ടാറ്റയുടെ മരണം ടാറ്റ ഓഹരികളുടെ ആത്മവിശ്വാസത്തെ തെല്ലും ബാധിച്ചിട്ടില്ല. ടാറ്റയുടെ നേതൃത്വത്തിലും ഭാവിയിലും നിക്ഷേപകര്‍ക്ക് ഉറച്ച വിശ്വാസമാണുള്ളത്. ടാറ്റ ഇന്‍വെസ്റ്റ് മെന്റ് കോര്‍പറേഷന്‍ (5.7 %), ടി ആര്‍എഫ് (6.31 %), ടാറ്റ ടെലിസര്‍വീസസ് (5.75 %), ടാറ്റ കെമിക്കല്‍സ് (4.07 %), ടാറ്റ പവര്‍ (1 %), നെല്‍കോ (0.85 %), ടാറ്റ എല്‍ക്‌സി (1.8 %), ടാറ്റ ടെക്‌നോളജീസ് (1.5 %), തേജസ് നെറ്റ് വര്‍ക്‌സ് (0.8 %), ടാറ്റ സ്റ്റീല്‍സ് (0.41 %), താജ് ജിവികെ ഹോട്ടല്‍സ് (2.24 %), ഇന്ത്യന്‍ ഹോട്ടല്‍സ് (1.8 %), ഓട്ടോമോട്ടീവ് സ്റ്റാമ്പിംഗ്‌സ (0.79 %) തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ മെച്ചപ്പെട്ടു ക്ലോസ് ചെയ്തു.

ടിസിഎസ്: സെപ്റ്റംബറിലവസാനിച്ച രണ്ടാം ക്വാര്‍ട്ടറില്‍ ടിസിഎസ് 11909 കോടി രൂപ അറ്റാദായവും 64259 കോടി ാേരൂപ വരുമാനവും നേടി. ഇവ യഥാക്രമം മുന്‍വര്‍ഷത്തേക്കാള്‍ 5 ശതമാനവും 7.7 ശതമാനവും കൂടുതലാണ്. എന്നാല്‍ അറ്റാദായം ആദ്യ ക്വാര്‍ട്ടറിനെ അപേക്ഷിച്ച് 1.1 ശതമാനം കുറയുകയാണ് ചെയ്തത്. പ്രവര്‍ത്തനലാഭ മാര്‍ജിന്‍ ആദ്യക്വാര്‍ട്ടറിലെ 24.7 ശതമാനത്തില്‍നിന്ന് 24.1 ശതമാനമായി കുറഞ്ഞു. ബ്രോക്കറേജ് സ്ഥാപനങ്ങളുടെ അനുമാനത്തേക്കാള്‍ കുറവാണിത്. കമ്പനി പത്തു ശതമാനം ഇടക്കാല ലഭാവീതവും പ്രഖ്യാപിച്ചിട്ടുണ്ട്. നാലാം ക്വാര്‍ട്ടറില്‍ ശക്തമായ തിരിച്ചുവരവാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ടാറ്റ എല്‍ക്‌സി: എന്‍്ജിനീയറിംഗ് ടെക്‌നോള്ജി കമ്പനിയായ ടാറ്റ എല്‍ക്‌സിരണ്ടാം ക്വാര്‍ട്ടറില്‍ 229 കോടി രൂപ അറ്റാദായവും 955 കോടി രൂപ വരുമാനവും നേടി. വളര്‍ച്ച യഥാ്ക്രമം 15 ശതമാനവും എട്ടു ശതമാനവും വീതമാണ്.

ഐആര്‍ഇഡിഎ: സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം ക്വാര്‍ട്ടറില്‍ ഐആര്‍ഇഡിഎ 387.75 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലേതിനേക്കാള്‍ 36 ശതമാനം കൂടുതലാണിത്. വരുമമാനം മുന്‍വര്‍ഷത്തെ 1176.96 കോടി രൂപയില്‍നിന്ന് 38 ശതമാനം വര്‍ധനയോടെ 1630.38 കോടി രൂപയിലെത്തി.

ക്രൂഡോയില്‍ വില

ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം കൂടുതല്‍ മൂര്‍ച്ഛിിക്കുമെന്ന ആശങ്ക് ക്രൂഡോയില്‍ വിലയില്‍ പ്രതിഫലി്ക്കുകയാണ്. വന്യമായ വ്യതിയാനത്തിലൂടെയാണ് ഈ വാരത്തില്‍ ക്രൂഡോയില്‍ കടന്നുപോകുന്നത്. സെപ്റ്റംബര്‍ അവസാന വാരത്തില്‍ താഴ്ന്ന നിലയില്‍നിന്നു ശക്തമായ തിരിച്ചുവന്നിരിക്കുകയാണ് ഈ വാരത്തില്‍. ഒക്ടോബ്ര്# ഒന്നിലെ ഇറാന്‍ ആ്ക്രമണത്തിനുശേഷം ക്രൂഡോയില്‍ വിലയില്‍ ഒമ്പതു ശതമാനത്തോളം ഉയര്‍ച്ച ഉണ്ടായി. ചൈനീസ് ഉത്തേജകവും ക്രൂഡോയിലിനു ചെറുതല്ലാത്ത പിന്തുണ നല്‍കുന്നുണ്ട്. ഇറാനും- ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം ഒരു സമ്പൂര്‍ണയുദ്ധമായി മാറിയാല്‍ അതു ക്രൂഡോയില്‍ വിലയില്‍ കുതിപ്പുണ്ടാക്കും.

ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 79.03 ഡോളറാണ്. വ്യാഴാഴ്ച രാവിലെ 76.96 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്ള്യുടിഐ ബാരലിന് 75.55 ഡോളറുമാണ്. വ്യാഴാഴ്ചയിത് 73.60 ഡോളറായിരുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡ് വില കയറുന്നത് നെഞ്ചിടിപ്പിക്കുന്ന സംഗതിയാണ്. ബാരലിന് 10 ഡോളര്‍ കൂടിയാല്‍ പണപ്പെരുപ്പത്തില്‍ 0.3 ശതമാനം വര്‍ധനയുണ്ടാകും. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 0.43 ശതമാനം കണ്ടു വര്‍ധിക്കുകയും ചെയ്യും.

ഇന്ത്യന്‍ രൂപ ഇന്നലെ

രൂപ ഇന്നലെ നേരിയ തോതില്‍ ഇടിവു രേഖപ്പെടുത്തി. ഡോളറിന് 83.98 രൂപയാണ് വില. ബുധനാഴ്ചയിത് 83.96 രൂപയായിരുന്നു. തുടര്‍ച്ചയായി വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ നിക്ഷേപം പിന്‍വലിക്കുന്നതും ക്രൂഡോയില്‍ വില ഉയരുന്നതും താഴോട്ടു പോകുവാന്‍ രൂപയില്‍ സമ്മര്‍ദ്ദമുയര്‍ത്തുകയാണ്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ ശക്തമായ പിന്തുണയാണ് ഡോളറിനെ് 84 രൂപയിലെത്തുന്നതില്‍നിന്നു തടഞ്ഞുനിര്‍ത്തുന്നത്. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.