6 Dec 2023 1:15 PM GMT
Summary
- സംയുക്ത വാര്‍ഷിക വളര്‍ച്ച ഏകദേശം 40 ശതമാനമാണ്
- എംഎസ്എംകള്‍ മൂലധനം സമാഹരിക്കാനുള്ള സാധ്യത പ്രയോജനപ്പെടുത്തണം
- 2012 ലാണ് എമേര്‍ജ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എന്‍എസ്ഇ) എസ്എംഇ പ്ലാറ്റ്‌ഫോമായ എമേര്‍ജില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നു.
2012 ലാണ് എമേര്‍ജ് പ്ലാറ്റ്‌ഫോം ആരംഭിക്കുന്നത്. അന്നുമുതല്‍ 397 കമ്പനികള്‍ ലിസ്റ്റ് ചെയ്യുകയും 7,800 കോടി രൂപയിലധികം ഫണ്ട് സമാഹരിക്കുകയും ചെയ്തിട്ടുണ്ട്. നിഫ്റ്റി എസ്എഇ എമേര്‍ജ് ഇന്‍ഡെക്‌സില്‍ 19 മേഖലകളില്‍ നിന്നായി 166 കമ്പനികളാണുള്ളത്. ഇവയുടെ 2023 നവംബര്‍ വരെയുള്ള സംയുക്ത വാര്‍ഷിക വളര്‍ച്ച (കോംപൗണ്ട് ആനുവല്‍ ഗ്രോത്ത് റേറ്റ്) ഏകദേശം 40 ശതമാനമാണ്. 2017 ലാണ് ഈ ഇന്‍ഡെക്‌സ് ആരംഭിക്കുന്നത്.
ഈ വര്‍ഷം ആദ്യം എന്‍എസ്ഇ അതിന്റെ എന്‍എസ്ഇ എമേര്‍ജ് വിഭാഗത്തെ ശക്തിപ്പെടുത്തിയിരുന്നു. അതിനായി ഉയര്‍ന്ന ഗുണമേന്‍മയുള്ള കമ്പനികളെ പ്രധാന പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടു വന്നിരുന്നു. ഇതുവരെ 138 കമ്പനികളെയാണ് എന്‍എസ്ഇയുടെ പ്രധാന പ്ലാറ്റ്‌ഫോമിലേക്ക് ഇതുവരെ എത്തിച്ചിരിക്കുന്നത്.
'എന്‍എസ്ഇ എമേര്‍ജില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപ മറികടന്നുവെന്നുള്ളത് പ്രധാനപ്പെട്ട നാഴികക്കല്ല് തന്നെയാണ്. ഇത് കാണിക്കുന്നത് രാജ്യത്തെ എംഎസ്എംഇ മേഖലയില്‍ ഒളിഞ്ഞിരിക്കുന്ന സാധ്യതകളെയാണ്. ഇതാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള പ്രധാന ചാലക ശക്തി. ഇന്ത്യയിലെ എംഎസ്എംകള്‍ മൂലധനം സമാഹരിക്കാനുള്ള മറ്റൊരു സാധ്യതയായി എന്‍എസ്ഇ ഏമേര്‍ജിനെ പ്രയോജനപ്പെടുത്തണം' എന്‍എസ്ഇയുടെ ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസറായ ശ്രീറാം കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.