image

11 Sept 2023 9:27 AM

Stock Market Updates

ഓഗസ്‍റ്റില്‍ എസ്ഐപി നിക്ഷേപം റെക്കോഡ് ഉയരത്തില്‍

MyFin Desk

sip deposits hit record high in august
X

Summary

  • ഓഗസ്റ്റില്‍ 35 ലക്ഷം പുതിയ എസ്‌ഐപികൾ ആരംഭിച്ചു
  • മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ മൊത്തം എയുഎം 46.93 ലക്ഷം കോടിയായി


മ്യൂച്വൽ ഫണ്ട് കമ്പനികൾ വാഗ്ദാനം ചെയ്യുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (എസ്‌ഐ‌പി) വഴി ഓഗസ്റ്റിൽ നിക്ഷേപകർ 15,813 കോടി രൂപയുടെ റെക്കോർഡ് നിക്ഷേപം നടന്നതായി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി). അതേസമയം ഓഗസ്റ്റിൽ വരുമാനം അല്ലെങ്കിൽ കടം അടിസ്ഥാനമാക്കിയുള്ള സ്കീമുകളിൽ നിന്ന് 25,872 കോടി രൂപ പുറത്തേക്ക് ഒഴുകിയതായും ആംഫി അറിയിച്ചു.

ബാങ്കുകളിലെ അധിക ലിക്വിഡിറ്റി നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് ഇൻക്രിമെന്റൽ ക്യാഷ് റിസർവ് റേഷ്യോ (സിആർആർ) ചുമത്തിയത് ഡെറ്റ് വിഭാഗത്തിലെ സ്‍കീമുകളിലേക്കുള്ള നിക്ഷേപ വരവിനെ ബാധിച്ചുവെന്ന് ആംഫി ചീഫ് എക്സിക്യൂട്ടീവ് എൻ എസ് വെങ്കിടേഷ് പറഞ്ഞു. ഇത്തരം സ്‍കീമുകള്‍ ബാങ്കുകളുടെ ട്രഷറി മാനേജ്മെന്‍റ് കാഴ്ചപ്പാടിലും വിലയിരുത്തപ്പെടുന്നതാണ് ഇതിന് കാരണം.

ജൂലായ് മാസത്തിൽ രേഖപ്പെടുത്തിയ 15,244 കോടി രൂപയായിരുന്നു എസ്‌ഐപിയുടെ ഇതുവരെയുള്ള ഉയർന്ന നിക്ഷേപം. ഓഗസ്റ്റ് അവസാനത്തോടെ, എസ്‌ഐ‌പികള്‍ക്ക് കീഴില്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (എയുഎം) 8.47 ലക്ഷം കോടി രൂപയായി എന്നും ഓഗസ്റ്റില്‍ 35 ലക്ഷം പുതിയ എസ്‌ഐപികൾ ആരംഭിച്ചുവെന്നും വെങ്കിടേഷ് പറഞ്ഞു. റീട്ടെയില്‍ നിക്ഷേപകര്‍ വിപണിയില്‍ ശക്തമായി തുടരുന്നുവെന്നും ശക്തമായ സാമ്പത്തിക വളര്‍ച്ച ഇതിനെ മുന്നോട്ടു നയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്വിറ്റി, ഹൈബ്രിഡ് സ്കീമുകളുടെ മൊത്തത്തിലുള്ള എയുഎം ഓഗസ്റ്റ് അവസാനത്തിലെ കണക്ക് അനുസരിച്ച്, 12.30 കോടി പോർട്ട്ഫോളിയോകളിൽ 24.38 ലക്ഷം കോടി രൂപയാണ്. ഓഗസ്റ്റിൽ 19.58 ലക്ഷം എസ്‌ഐ‌പികൾ നിർത്തലാക്കുകയോ കാലാവധി കഴിയുകയോ ചെയ്‌തു, ജൂലൈയിൽ ഇത് 17 ലക്ഷത്തിലേറെയായിരുന്നുവെന്ന് വെങ്കിടേഷ് പറഞ്ഞു. മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ മൊത്തം എയുഎം ജൂലൈയിലെ 46.37 ലക്ഷം കോടിയിൽ നിന്ന് ഓഗസ്റ്റിൽ 46.93 ലക്ഷം കോടിയായി വളർന്നു.