image

7 Oct 2024 6:04 PM IST

Stock Market Updates

157 രൂപയിൽ നിന്ന് 90 ലേക്ക് ! ഒല ഇലക്ട്രിക് ഓഹരിക്ക് എന്തുപറ്റി?

MyFin Desk

157 രൂപയിൽ നിന്ന് 90 ലേക്ക് ! ഒല ഇലക്ട്രിക് ഓഹരിക്ക് എന്തുപറ്റി?
X

ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക്കിന്റെ ഓഹരികള്‍ എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തില്‍ നിന്ന് 8.31 ശതമാനം ഇടിവാണ് ഓഹരികൾ നേരിട്ടത്. നിലവിൽ ഓഹരിയുടെ വില 90.82 രൂപയാണ്. സര്‍വീസ് സെന്ററുകളില്‍ നിന്ന് മോശം സര്‍വീസാണ് ലഭിക്കുന്നതെന്ന വാർത്തകൾ ഉയര്‍ന്നുവന്നതാണ് കമ്പനിയുടെ ഓഹരിയെ ബാധിച്ചത്.

2024 ഓഗസ്റ്റ് 9 തിനാണ് ഒല ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. ഐപിഒ വിലയായ 76 രൂപയില്‍ തന്നെയായിരുന്നു ലിസ്റ്റിങ്. എന്നാല്‍, അന്നുതന്നെ ഓഹരി വില 20% ഉയര്‍ന്ന് അപ്പര്‍സര്‍ക്യൂട്ടിലെത്തി. പിന്നീടുള്ള ദിവസങ്ങളിലും ഓഹരികൾ ഉയർന്നു. എന്നാല്‍ ഓഹരി വില ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയായ 157.40 രൂപയില്‍ എത്തിയതിന് പിന്നാലെ തകര്‍ന്നു.

ഹാര്‍ഡ്വെയര്‍ തകരാര്‍, സോഫ്റ്റ്വെയര്‍ തകരാര്‍, സ്പെയര്‍ പാര്‍ട്സ് തുടങ്ങിയ പ്രശ്നങ്ങള്‍ തുടര്‍ച്ചയായി കമ്പനി നേരിടുകയാണ്. നൂറുകണക്കിന് ഉപഭോക്താക്കളാണ് ജനകീയ മോഡലായ എസ്1 സീരീസ് ഇവി സ്‌കൂട്ടറിനെതിരെ പരാതി നല്‍കിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ തന്നെ ഓലയുടെ വിപണി വിഹിതത്തില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തി. ഏപ്രിലില്‍ 52 ശതമാനം ആയിരുന്നത് സെപ്തംബര്‍ മാസത്തില്‍ 27 ശതമാനം ആയി കുറഞ്ഞു. കഴിഞ്ഞ മാസം 24,665 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഒല വിറ്റത്. ഓഗസ്റ്റില്‍ ഇത് 27,587 യൂണിറ്റുകള്‍ ആയിരുന്നു.