3 May 2024 12:56 PM IST
Summary
- 2023 നവംബർ 15-നാണ് ലോണുകളുടെ അനുമതിയും വിതരണവും ഉടൻ നിർത്താൻ ആർബിഐ നിർദ്ദേശിച്ചത്
- കഴിഞ്ഞ മാസം ഓഹരികൾ നൽകിയത് 4.44 ശതമാനം നഷ്ടമാണ്
- നിലവിൽ കമ്പനിയുടെ വിപണി മൂല്യം 4.25 ലക്ഷം കോടി രൂപ കടന്നു
ബജാജ് ഫിനാൻസിന്റെ ഡിജിറ്റൽ വായ്പാ ഉൽപ്പന്നങ്ങളായ ഇകോം, ഇൻസ്റ്റ ഇഎംഐ കാർഡ് എന്നിവയ്‌ക്കെതിരേയുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) വിലക്ക് നീക്കിയതോടെ ഓഹരികൾ കുതിച്ചുയർന്നു. തുടക്ക വ്യാപാരം മുതൽ കുതിപ്പ് ആരംഭിച്ച ഓഹരികൾ 7.5 ശതമാനത്തോളം ഉയർന്ന 7,400 രൂപയിലെത്തി. ആറ് മാസത്തിനുള്ളിൽ വിലക്ക് നീക്കിയത് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി.
2023 നവംബർ 15-നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബജാജ് ഫിനാൻസിനോട് ‘ഇകോം’, ‘ഇൻസ്റ്റ ഇഎംഐ കാർഡ്’ എന്നിവയ്ക്ക് കീഴിലുള്ള ലോണുകളുടെ അനുമതിയും വിതരണവും ഉടൻ നിർത്താൻ നിർദ്ദേശിച്ചത്.
ഓഹരികളുടെ പ്രകടനം
നിലവിൽ ഓഹരികൾ എൻഎസ്ഇ യിൽ മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 2.18 ശതമാനം ഉയർന്ന് 7013 രൂപയിലാണ് വ്യാപാരം തുടരുന്നത്. ഏകദേശം 46.75 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇതുവരെ വിപണിയിൽ നടന്നത്. നിലവിൽ കമ്പനിയുടെ വിപണി മൂല്യം 4.25 ലക്ഷം കോടി രൂപ കടന്നു. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 8192 രൂപയും താഴ്ന്ന വില 6155.95 രൂപയുമാണ്. കഴിഞ്ഞ മാസം ഓഹരികൾ നൽകിയത് 4.44 ശതമാനം നഷ്ടമാണ്. മുൻ വർഷം 11.45 ശതമാനം നേട്ടം നൽകിയ ഓഹരികൾ ഈ വർഷം ഇതുവരെ നൽകിയത് നാല് ശതമാനം നഷ്ടമാണ്.
നിർദ്ദേശങ്ങൾ പരിഷ്കരിച്ച് ബ്രോക്കറേജ്
വിലക്ക് നീക്കിയതോടെ ബ്രോക്കറേജ് സ്ഥാപനങ്ങൾ ഓഹരി നിർദ്ദേശങ്ങൾ പരിഷ്കരിച്ചു.
ബജാജ് ഫിനാൻസ് ഓഹരികളിൽ 'ബൈ' റെക്കമെൻഡേഷൻ നിലനിർത്തിയിരിക്കുകയാണ് ജെഫറീസിലെ അനലിസ്റ്റുകൾ. ഓഹരിയൊന്നിന് 9,260 രൂപയുടെ ലക്ഷ്യ വിലയാണ് ബ്രോക്കറേജ് നിർദ്ദേശിക്കുന്നത്. ഇത് നിലവിലെ വ്യാപാര വിലയിൽ നിന്നും 34 ശതമാനം ഉയർന്നതാണ്. ആർബിഐയുടെ നിരോധനം നീക്കം ചെയ്യുന്നത് എൻബിഎഫ്‌സിയുടെ ബിസിനസിനെ സഹായിക്കുമെന്നും വളർച്ച മെച്ചപ്പെടുത്തുമെന്നും ബ്രോക്കറേജ് പറഞ്ഞു.
ബ്രോക്കറേജ് സ്ഥാപനമായ സിറ്റിയും ബജാജ് ഫിനാൻസിൽ 'ബൈ' റെക്കമെൻഡേഷൻ നിലനിർത്തി. ഒരു ഓഹരിക്ക് 8,675 രൂപയാണ് ബ്രോക്കറേജ് നൽകിയിരിക്കുന്ന ലക്ഷ്യ വില.
നിരോധനം പിൻവലിക്കുന്നത് മെച്ചപ്പെട്ട ഫീസ് വരുമാനത്തിനൊപ്പം ഉയർന്ന ഉപഭോക്തൃ ഏറ്റെടുക്കലിന് കാരണമാകുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ എംകെയിലെ (Emkay) അനലിസ്റ്റുകൾ പറഞ്ഞു. ഇത് നടപ്പ് സാമ്പത്തിക വർഷത്തിലെ നല്ല തുടക്കമാകുമെന്നും ഈ പ്രക്രിയയ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും അവർ വ്യക്തമാക്കി. ബ്രോക്കറേജ് സ്ഥാപനം 25-27 സാമ്പത്തികവർഷങ്ങളിലേക്കുള്ള എസ്റ്റിമേറ്റുകൾ മാറ്റമില്ലാതെ തന്നെ നിലനിർത്തി. ഓഹരികളിൽ 'ബൈ' റേറ്റിംഗ് ആവർത്തിക്കുകയും ചെയ്തു. ഓഹരിയൊന്നിന് 9,000 രൂപയാണ് ലക്ഷ്യ വില.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല