image

5 Sept 2023 5:54 AM

Stock Market Updates

ഓഗസ്റ്റിലും മികച്ച വളര്‍ച്ച തുടര്‍ന്ന് സേവന മേഖല; പിഎംഐ 60.3

MyFin Desk

s&p global india services pmi |  services sector growth
X

Summary

  • തുടര്‍ച്ചയായ 25-ാം മാസമാണ് സേവന മേഖല വളര്‍ച്ച രേഖപ്പെടുത്തുന്നത്
  • പുതിയ കയറ്റുമതി ബിസിനസുകളിലെ വളര്‍ച്ച 2014നു ശേഷമുല്ള ഉയര്‍ന്ന നിലയില്‍
  • സേവനങ്ങളുടെ വിലക്കയറ്റം പലിശ നിരക്കിനെ ബാധിച്ചേക്കാം


ഇന്ത്യയുടെ സേവന മേഖലയുടെ വികസനം ഓഗസ്‍റ്റിലും തുടർന്നു. ജൂലൈ മാസത്തെ അപേക്ഷിച്ച് വളര്‍ച്ചാ വേഗം കുറഞ്ഞെങ്കിലും മികച്ച വളര്‍ച്ച പ്രകടമാക്കാനായി. എസ് ആന്റ് പി ഗ്ലോബൽ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയുടെ സേവന മേഖലയുടെ പർച്ചേസിംഗ് മാനേജേര്‍സ് ഇന്‍റക്സ് (പിഎംഐ) ഓഗസ്റ്റിൽ 60.1 ആയി ഉയർന്നു, ജൂലൈയിൽ 62.3 ആയിരുന്നു പിഎംഐ. എന്നാൽ, ജൂണിൽ ഇത് 58.5 ആയിരുന്നു. 2022 ഓഗസ്റ്റിൽ 56.2 ആയിരുന്നു സേവന മേഖലയുടെ പിഎംഐ.

50-ന് മുകളിലുള്ള പിഎംഐ മേഖലയുടെ വികാസത്തെയും 50ന് താഴെയുള്ളത് സങ്കോചത്തെയും ആണ് സൂചിപ്പിക്കുന്നത്. 2014 സെപ്റ്റംബറിൽ പിഎംഐ ഡാറ്റ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ഉയര്‍ച്ചയാണ് പുതിയ കയറ്റുമതി ബിസിനസുകളുടെ കാര്യത്തില്‍ ഓഗസ്റ്റില്‍ പ്രകടമായത്. ഏഷ്യാ പസഫിക്, യൂറോപ്പ്, വടക്കേ അമേരിക്ക, പശ്ചിമേഷ്യ എന്നിവയാണ് ഈ വിൽപ്പന നേട്ടത്തിന്റെ പ്രധാന ഉറവിടങ്ങള്‍.

തുടര്‍ച്ചയായ 25-ാം മാസമാണ് സേവന മേഖലയിലെ മൊത്തം ബിസിനസുകളില്‍ വളര്‍ച്ച പ്രകടമാകുന്നത്. "പുതിയ കയറ്റുമതി ബിസിനസിൽ ഒരു റെക്കോഡ് സൃഷ്ടിച്ചുകൊണ്ട്, ഓഗസ്റ്റിൽ ഇന്ത്യൻ സേവന കമ്പനികൾ ശ്രദ്ധേയമായ ഒരു നാഴികക്കല്ല് കൈവരിച്ചു. എന്നിരുന്നാലും, അനുകൂലമായ ഡിമാൻഡ് സാഹചര്യം ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വേഗത്തില്‍ ഇന്ത്യൻ സേവനങ്ങളുടെ വില ഉയരാന്‍ ഇടയാക്കി, ഇത് ബെഞ്ച്മാർക്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് കാലതാമസം വരുത്തുന്നതിലേക്ക് നയിച്ചേക്കാം," എസ് ആൻഡ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിന്‍റ ഇക്കണോമിക്സ് അസോസിയേറ്റ് ഡയറക്ടർ പോളിയാന ഡി ലിമ പറഞ്ഞു.

സേവന സമ്പദ്‌വ്യവസ്ഥയിലുടനീളം നിയമന പ്രവർത്തനങ്ങള്‍ ശക്തമാണ്. കഴിഞ്ഞ നവംബറിന് ശേഷമുള്ള ഏറ്റവും ശക്തമായ നിരക്കില്‍ സേവന മേഖലയിലെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. താല്‍ക്കാലിക ജോലികളും സ്ഥിര ജോലികളും കൂടിക്കലര്‍ന്ന നിലയിലായിരുന്നു നിയമനങ്ങള്‍.

സേവന മേഖലയുടെ ശുഭാപ്തി വിശ്വാസം ഓഗസ്റ്റില്‍ 2023ലെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നു. പരസ്യം, ശക്തമായ ഡിമാന്‍ഡ്, മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കാനുള്ള പദ്ധതികൾ, ആരോഗ്യകരമായ എണ്ണത്തിലുള്ള ക്ലയന്റ് അന്വേഷണങ്ങൾ എന്നിവയെല്ലാം ശുഭാപ്തിവിശ്വാസം വർദ്ധിപ്പിച്ചു.