5 Nov 2024 12:41 PM GMT
അഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് വമ്പൻ നേട്ടത്തോടെയാണ്. ബാങ്കിംഗ്, സ്റ്റീൽ, ഓയിൽ & ഗ്യാസ് ഓഹരികളിൽ കുതിപ്പ് വിപണിയെ നേട്ടത്തിലെത്തിച്ചു. ആഗോള വിപണികളിൽ നിന്നുള്ള കുതിപ്പും വിപണിയെ തുണച്ചു.
തിങ്കളാഴ്ചത്തെ കുത്തനെയുള്ള തകർച്ചയിൽ നിന്നും തിരിച്ചുകയറിയ സെൻസെക്സ് 694.39 പോയിൻ്റ് അഥവാ 0.88 ശതമാനം ഉയർന്ന് 79,476.63ലും നിഫ്റ്റി 217.95 പോയിൻ്റ് അഥവാ 0.91 ശതമാനം ഉയർന്ന് 24,213.30ലും ക്ലോസ് ചെയ്തു.
സെൻസെക്സിൽ ജെഎസ്ഡബ്ല്യു സ്റ്റീൽ ഏകദേശം 5 ശതമാനം ഉയർന്നപ്പോൾ ടാറ്റ സ്റ്റീൽ 4 ശതമാനം ഉയർന്നു. ആക്‌സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, അൾട്രാടെക് സിമൻ്റ് തുടങ്ങിയ ഓഹരികളും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.അദാനി പോർട്ട്‌സ്, ഐടിസി, ഭാരതി എയർടെൽ, ഏഷ്യൻ പെയിൻ്റ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു.
ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ സിയോൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് അവസാനിച്ചത്.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഐടി, മീഡിയ,എഫ്എംസിജി സൂചികകൾ ഒഴികെ ബാക്കി എല്ലാ സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മെറ്റൽ സൂചിക 2.80 ശതമാനം ഉയർന്നു. നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, പിഎസ്യു ബാങ്ക്, നിഫ്റ്റി ബാങ്ക് സൂചികകൾ 1.80 ശതമാനം വീതം നേട്ടം നൽകി. നിഫ്റ്റി ഓട്ടോ സൂചിക ഒരു ശതമാനത്തിലധികം ഉയർന്നു. നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ്, എനർജി, റിയൽറ്റി സൂചികകൾ അര ശതമാനത്തിലധികവുംഉയർന്നാണ് ക്ലോസ് ചെയ്തത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 4,329.79 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.60 ശതമാനം ഉയർന്ന് ബാരലിന് 75.53 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.18 ശതമാനം 2750 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഉയർന്ന് 84.10ൽ എത്തി