image

3 April 2024 11:00 AM GMT

Stock Market Updates

വിപണിയെ വലച്ച് ലാഭമെടുപ്പ്; ഫ്ലാറ്റായി അവസാനിച്ച് സൂചികകൾ

MyFin Desk

domestic markets closed slightly lower
X

Summary

  • ഓട്ടോ, ബാങ്കിങ് ഓഹരികളിലുണ്ടായ ലാഭമെടുപ്പ് ഇടിവിനു കാരണമായി
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഇടിഞ്ഞ് 83.45 ലെത്തി
  • ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6 ശതമാനവും സ്മോൾക്യാപ് സൂചിക ഒരു ശതമാനവും ഉയർന്നു


ഏറെ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ആഭ്യന്തര സൂചികകൾ നേരിയ ഇടിവോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, ബാങ്കിങ് ഓഹരികളിലുണ്ടായ ലാഭമെടുപ്പ് ഇടിവിനു കാരണമായി. ആഗോള വിപണികളിലെ ഇടിവും വിപണിയെ വലച്ചു. ഉയർന്നു വരുന്ന വിദേശ നിക്ഷേപകരുടെ വില്പനയും വിപണിയെ ഇടിവിലേക്ക് നയിച്ചു.

സെൻസെക്സ് 27.09 പോയിൻ്റ് അല്ലെങ്കിൽ 0.04 ശതമാനം താഴ്ന്ന് 73,876.82 ലും നിഫ്റ്റി 18.60 പോയിൻ്റ് അല്ലെങ്കിൽ 0.08 ശതമാനം താഴ്ന്ന് 22,434.70 ലുമാണ് ക്ലോസ് ചെയ്തത്. ഏകദേശം 2623 ഓഹരികൾ ഉയർന്നു, 914 ഓഹരികൾ ഇടിഞ്ഞു, 82 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ ശ്രീറാം ഫിനാൻസ്, എൻടിപിസി, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര എന്നിവ നേട്ടത്തോടെ ക്ലോസ് ചെയ്തു. നെസ്‌ലെ ഇന്ത്യ, ബജാജ് ഓട്ടോ, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എന്നീ ഓഹരികൾ ഇടിഞ്ഞു.

സെക്ടറൽ സൂചികകളിൽ റിയൽറ്റി സൂചിക 2.5 ശതമാനവും ഓട്ടോ സൂചിക 0.4 ശതമാനവും ഇടിഞ്ഞു. പവർ, പിഎസ്‌യു ബാങ്ക് സൂചികകൾ ഒരു ശതമാനം വീതവും ഐടി, മീഡിയ സൂചിക 0.5 ശതമാനം വീതവും ഉയർന്നു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6 ശതമാനവും സ്മോൾക്യാപ് സൂചിക ഒരു ശതമാനവും ഉയർന്നു. ലാർജ്ക്യാപ് 0.07 ശതമാനം ഇടിഞ്ഞു.

ഏഷ്യൻ വിപണികളിൽ ഹോങ്കോങ്ങിൻ്റെ ഹാങ് സെങ്, ജപ്പാനിലെ നിക്കേ 225 എന്നിവ യഥാക്രമം 1.22 ശതമാനവും 0.97 ശതമാനവും ഇടിഞ്ഞു. ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് 0.18 ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

യൂറോപ്യൻ വിപണികളിൽ ഫ്രാൻസിൻ്റെ CAC 40, ജർമ്മനിയുടെ DAX എന്നിവ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്, അതേസമയം ലണ്ടനിലെ FTSE 100 ഇടിവിലാണ്.

ചൊവ്വാഴ്ച യുഎസ് വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 1,622.69 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.31 ശതമാനം ഉയർന്ന് ബാരലിന് 88.20 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.40 ശതമാനം ഉയർന്ന് 2291.80 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഇടിഞ്ഞ് 83.45 ലെത്തി

ചൊവ്വാഴ്ച, സെൻസെക്സ് 110.64 പോയിൻ്റ് അല്ലെങ്കിൽ 0.15 ശതമാനം ഇടിഞ്ഞ് 73,903.91 ലും നിഫ്റ്റി 8.70 പോയിൻ്റ് അഥവാ 0.04 ശതമാനം താഴ്ന്ന് 22,453.30 ൽ ക്ലോസ് ചെയ്തു.