1 Oct 2024 11:57 AM GMT
അഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തോടെയാണ്. തുടർച്ചയായി മൂന്നാം ദിവസമാണ് സൂചികകൾ ചുവപ്പിൽ അവസാനിക്കുന്നത്. ഓയിൽ ആൻഡ് ഗ്യാസ്, എഫ്എംസിജി ഓഹരികളിലെ ലാഭമെടുപ്പ് വിപണിക്ക് വിനയായി. സെൻസെക്‌സ് 33.49 പോയിൻ്റ് അഥവാ 0.04 ശതമാനം ഇടിഞ്ഞ് 84,266.29ലും നിഫ്റ്റി 13.95 പോയിൻ്റ് അഥവാ 0.05 ശതമാനം ഇടിഞ്ഞ് 25,796.90ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സിൽ ഇൻഡസ്ഇൻഡ് ബാങ്കാണ് ഏറ്റവും കൂടുതൽ ഇടിഞ്ഞത്, 2.68 ശതമാനം താഴ്ന്നു. ഏഷ്യൻ പെയിൻ്റ്‌സ് 1.54 ശതമാനവും ഹിന്ദുസ്ഥാൻ യുണിലിവർ 1.27 ശതമാനവും ഇടിഞ്ഞു. സെപ്തംബറിലെ വിൽപ്പന കണക്കുകൾ നിരാശപ്പെടുത്തുന്നതിനാൽ ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ ഒരു ശതമാനത്തോളം ഇടിഞ്ഞു. ടാറ്റ സ്റ്റീൽ, ടൈറ്റൻ, റിലയൻസ് ഇൻഡസ്ട്രീസ്, എൻടിപിസി ഓഹരികളും നാശത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടെക് മഹീന്ദ്ര 2.93 ശതമാനം ഉയർന്നു. സെപ്തംബറിലെ ശക്തമായ വിൽപ്പനയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര 2.22 ശതമാനം നേട്ടം നൽകി. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ സ്മോൾക്യാപ് 0.56 ശതമാനവും മിഡ്ക്യാപ് സൂചിക 0.27 ശതമാനവും ഉയർന്നു. ഫാക്ടറി ഉൽപ്പാദനം, വിൽപന, പുതിയ കയറ്റുമതി ഓർഡറുകൾ എന്നിവയിലെ നേരിയ വർധനയ്ക്കിടയിൽ ഇന്ത്യയുടെ ഉൽപ്പാദന മേഖലയുടെ വളർച്ച സെപ്റ്റംബറിൽ എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജർമാരുടെ സൂചിക (പിഎംഐ) ഓഗസ്റ്റിലെ 57.5 ൽ നിന്ന് സെപ്റ്റംബറിൽ 56.5 ആയി കുറഞ്ഞു.
ബ്രെൻ്റ് ക്രൂഡ് 1.66 ശതമാനം ഇടിഞ്ഞ് ബാരലിന് 70.51 ഡോളറിലെത്തി. ഏഷ്യൻ വിപണികളിൽ ടോക്കിയോ ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളിൽ സമ്മിശ്ര വ്യാപാരം തുടരുന്നു. തിങ്കളാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് അവസാനിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 9,791.93 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 6,645.80 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഗാന്ധി ജയന്തി പ്രമാണിച്ച് ഓഹരി വിപണികൾക്ക് ബുധനാഴ്ച അവധിയായിരിക്കും.