4 Nov 2024 11:34 AM GMT
Summary
- സെൻസെക്സ് മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ
- എല്ലാ സെക്ടറിൽ സൂചികകളും നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്
- ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ
ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് വമ്പൻ ഇടിവോടെയാണ്. സെൻസെക്‌സ് 942 പോയിൻ്റ് ഇടിഞ്ഞ് മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. നിഫ്റ്റി ഒരു ശതമാനത്തിലധികം ഇടിഞ്ഞ് 24,000 ന് താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയൻസ് ഇൻഡസ്ട്രീസിലെയും ബാങ്കിംഗ് ഓഹരികളിലെയും കനത്ത വിൽപ്പന വിപണിയെ നഷ്ടത്തിലെത്തിച്ചു. വിദേശ നിക്ഷേപകരുടെ നിരന്തരമായ വിൽപ്പനയും സൂചികകളെ തളർത്തി.
സെൻസെക്‌സ് 941.88 പോയിൻ്റ് അഥവാ 1.18 ശതമാനം ഇടിഞ്ഞ് 78,782.24 ൽ ക്ലോസ് ചെയ്തു. ഇത് ഓഗസ്റ്റ് 6 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ക്ലോസിംഗ് ലെവലാണ്. ഇൻട്രാ-ഡേയിൽ സൂചിക 1,491.52 പോയിൻ്റ് അഥവാ 1.87 ശതമാനം ഇടിഞ്ഞ് 78,232.60 വരെ ഇടിഞ്ഞിരുന്നു. നിഫ്റ്റി 309 പോയിൻ്റ് അഥവാ 1.27 ശതമാനം ഇടിഞ്ഞ് 23,995.35 ൽ വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്സിൽ അദാനി പോർട്ട്‌സ്, റിലയൻസ് ഇൻഡസ്ട്രീസ്, സൺ ഫാർമ, ബജാജ് ഫിൻസെർവ്, എൻടിപിസി, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ടൈറ്റൻ ഓഹരികൾ നഷ്ടത്തോടെ ക്ലോസ് ചെയ്തു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്സിഎൽ ടെക്നോളജീസ്, ഇൻഫോസിസ്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു ക്ലോസ് ചെയ്തത്.
എല്ലാ സെക്ടറിൽ സൂചികകളും നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി റിയൽറ്റി, എനർജി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ രണ്ടര ശതമാനം നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മീഡിയ സൂചിക രണ്ട് ശതമാനവും മെറ്റൽ സൂചിക ഒന്നര ശതമാനവും ഇടിഞ്ഞു. നിഫ്റ്റി എഫ്എംസിജി സൂചിക 1.15 ശതമാനവും ഓട്ടോ സൂചിക ഒരു ശതമാനവും നഷ്ടം നൽകി.
ഏഷ്യൻ വിപണികളിൽ സിയോൾ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികളിൽ കൂടുതലും ഉയർന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് അവസാനിച്ചത്.
നവംബർ 5 ന് യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അനിശ്ചിതത്വവും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ചൈനയുടെ പുതിയ ഉത്തേജക പാക്കേജിൻ്റെ പ്രതീക്ഷകളും ഇന്ത്യൻ ഓഹരികളുടെ വിൽപ്പനയ്ക്ക് കാരണമായെന്ന് വിശകലന വിദഗ്ധർ പറഞ്ഞു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 211.93 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. വിദേശ നിക്ഷേപകർ ഒക്ടോബറിൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 94,000 കോടി രൂപ (ഏകദേശം 11.2 ബില്യൺ ഡോളർ) പിൻവലിച്ചു, ആഭ്യന്തര ഇക്വിറ്റികളുടെ ഉയർന്ന മൂല്യനിർണ്ണയവും ചൈനീസ് ഓഹരികളുടെ ആകർഷകമായ മൂല്യനിർണ്ണയവുമാണ് വില്പനയ്ക്കുള്ള കാരണം.
ബ്രെൻ്റ് ക്രൂഡ് 2.57 ശതമാനം ഉയർന്ന് ബാരലിന് 74.98 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ ഇടിവോടെ 2747 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് 84.11 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി.