image

18 Sep 2023 10:06 AM GMT

Stock Market Updates

11 നാളിന് ശേഷം ചുവപ്പില്‍ ക്ലോസ് ചെയ്ത് സെന്‍സെക്സ്, നിഫ്റ്റിയും ഇടിവില്‍

MyFin Desk

after 11 days, sensex and nifty closed in the red
X

Summary

  • റെക്കോഡ് ബ്രേക്കിംഗ് റാലിക്ക് ശേമാണ് ഓഹരി വിപണികളിലെ ഇടിവ്
  • ഫെഡ് റിസര്‍വ് പ്രഖ്യാപനങ്ങള്‍ക്കു മുമ്പായി നിക്ഷേപകര്‍ ജാഗ്രതയില്‍


ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇടിവോടെ പുതിയ വാരത്തിന് തുടക്കമിട്ടു. ആഗോള വിപണികളിലെ ദുർബലമായ പ്രവണതകളുടെയും യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് തീരുമാനത്തിന് മുന്നോടിയായുള്ള ജാഗ്രതയുടെയും പശ്ചാത്തലത്തില്‍, തിങ്കളാഴ്ച തുടക്കം മുതല്‍ സെന്‍സെക്സും നിഫ്റ്റിയും നെഗറ്റിവായിരുന്നു. ഈ മാസം തുടക്കം മുതലുള്ള റെക്കോഡ് ബ്രേക്കിംഗ് റാലിക്ക് ശേഷം നിക്ഷേപകര്‍ ലാഭമെടുക്കുന്നതിലേക്ക് നീങ്ങിയതും വിപണികളെ താഴോട്ടുവലിച്ചു.

സെൻസെക്‌സ് 237 പോയിന്റ് (0.35 ശതമാനം) നഷ്ടത്തിൽ 67,601.17 ലും നിഫ്റ്റി 70 പോയിന്റ് (0.35 ശതമാനം) താഴ്ന്ന് 20,122.55ലും ക്ലോസ് ചെയ്തു. സെൻസെക്‌സില്‍ ഇൻഫോസിസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക്, വിപ്രോ, റിലയൻസ് ഇൻഡസ്‌ട്രീസ്, അള്‍ട്രാടെക് സിമന്‍റ്, ടാറ്റ സ്‍റ്റീല്‍, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ഇടിവ് നേരിടുന്ന പ്രധാന ഓഹരികള്‍. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റൻ, എൻടിപിസി, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഏഷ്യൻ വിപണികളിൽ, സിയോൾ, ഹോങ്കോങ് എന്നിവ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. ഷാങ്ഹായ്, ടോക്കിയോ എന്നിവ നേട്ടത്തിലാണ്. വെള്ളിയാഴ്ച യുഎസ് വിപണികൾ നെഗറ്റീവ് ടെറിട്ടറിയിലാണ് അവസാനിച്ചത്.

“ഈ ബുധനാഴ്ച സമാപിക്കുന്ന ഫെഡറൽ മീറ്റിംഗിന് മുമ്പ് വിപണിയില്‍ ചില അസ്വസ്ഥത ഉണ്ടായേക്കാം,” കൊട്ടക് സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ റിസർച്ച് (റീട്ടെയിൽ) മേധാവി ശ്രീകാന്ത് ചൗഹാൻ പറഞ്ഞു.

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം ഇക്വിറ്റികളില്‍ 164.42 കോടി രൂപയുടെ അറ്റവാങ്ങല്‍ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) വെള്ളിയാഴ്ച നടത്തി. വെള്ളിയാഴ്ച, ബിഎസ്‌ഇ ബെഞ്ച്മാർക്ക് 319.63 പോയിന്റ് (0.47 ശതമാനം) ഉയർന്ന് 67,838.63 എന്ന റെക്കോർഡ് ക്ലോസിംഗിൽ എത്തി. പകൽ സമയത്ത്, അത് 408.23 പോയിന്റ് (0.60 ശതമാനം) ഉയർന്ന് എക്കാലത്തെയും പുതിയ ഇൻട്രാ-ഡേ ഉയർന്ന 67,927.23 ലെത്തി. നിഫ്റ്റി 89.25 പോയിന്റ് (0.44 ശതമാനം) ഉയർന്ന് അതിന്റെ എക്കാലത്തെയും ഉയർന്ന ക്ലോസിംഗ് നിലയായ 20,192.35 ൽ അവസാനിച്ചു. ഇന്‍ട്രാ ഡേയില്‍, അത് 119.35 പോയിന്റ് (0.59 ശതമാനം) ഉയർന്ന് സര്‍വകാല ഉയരമായ 20,222.45 ൽ എത്തി.

നാളെ ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് ഓഹരി വിപണികള്‍ക്ക് അവധിയാണ്