image

15 July 2024 11:15 AM GMT

Stock Market Updates

സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് നേട്ടത്തിൽ; പൊതുമേഖലാ ബാങ്കുകൾ കുതിച്ചു

MyFin Desk

സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് നേട്ടത്തിൽ; പൊതുമേഖലാ ബാങ്കുകൾ കുതിച്ചു
X

Summary

  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ
  • ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനം നേട്ടമുണ്ടാക്കി
  • നിഫ്റ്റി ഐടി ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്


സെൻസെക്സും നിഫ്റ്റിയും ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് പുതിയ റെക്കോർഡ് നേട്ടത്തോടെയാണ്. വിദേശ നിക്ഷേപകരുടെ ഉയർന്ന വാങ്ങൽ വിപണിക്ക് കരുത്തേകി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളുടെ കുതിപ്പും വിപണിക്ക് താങ്ങായി.

സെൻസെക്‌സ് 145.52 പോയിൻ്റ് അഥവാ 0.18 ശതമാനം ഉയർന്ന് 80,664.86 എന്ന റെക്കോർഡ് ക്ലോസിംഗിലും നിഫ്റ്റി 84.55 പോയിൻ്റ് അഥവാ 0.35 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന ക്ലോസിംഗ് ആയ 24,586.70 ൽ എത്തി.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഐടി ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഓട്ടോ, ഫാർമ, പിഎസ്‌യു ബാങ്ക്, റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 1-3 ശതമാനം ഉയർന്നു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ സ്മോൾക്യാപ് സൂചിക 0.2 ശതമാനം ഉയർന്നു.

ഒഎൻജിസി, ശ്രീറാം ഫിനാൻസ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ എൽടിഐമൈൻഡ്ട്രീ, ഏഷ്യൻ പെയിൻ്റ്സ്, ഗ്രാസിം ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഏഷ്യൻ വിപണികളിൽ സിയോളും ഷാങ്ഹായും ഉയർന്നപ്പോൾ ഹോങ്കോങ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. വെള്ളിയാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 4,021.60 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.18 ശതമാനം ഉയർന്ന് ബാരലിന് 85.15 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 2420 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഇടിഞ്ഞ് 83.62 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലാണ് ക്ലോസ് ചെയ്തത്.