25 Oct 2023 6:59 AM GMT
Summary
മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡിന്റെ ഓഹരികൾ 6 ശതമാനത്തിലധികം ഇടിഞ്ഞു
ബുധനാഴ്ച തുടക്കത്തിലെ നേട്ടത്തിനു ശേഷം ചാഞ്ചാട്ടത്തിലേക്ക് നീങ്ങിയ വിപണി പിന്നീട് ഇടിവില്‍ വ്യാപാരം തുടരുന്നു. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യവും നിരാശജനകമായ ചില കോര്‍പ്പറേറ്റ് പ്രകടനങ്ങളും ആഭ്യന്തര നിക്ഷേപകരുടെ വികാരത്തെ ബാധിച്ചു. ക്രൂഡ് ഓയില്‍ വില സ്ഥിരത പുലര്‍ത്തുന്നത്, യുഎസ് ട്രഷറി ആദായത്തിലെ ഇടിവ്, ചൈനയുടെ ഉത്തേജക നടപടികള്‍ എന്നിവയുടെ ഫലമായി മിക്ക ഏഷ്യന്‍ വിപണികളും നേട്ടത്തില്‍ തന്നെ തുടരുകയാണ്.
ഉച്ചയ്ക്ക് 12 .23നുള്ള വിവരം അനുസരിച്ച് സെന്‍സെക്സ് 197.96 പോയിന്‍റ് (0.31%) നഷ്ടത്തോടെ 64,373.92ലും നിഫ്റ്റി 63.00 പോയിന്‍റ് (0.33%) നഷ്ടത്തോടെ 19,218.75ലും ആണ്.
ഇൻഫോസിസ്, എന്‍ടിപിസി , ഭാരതി എയർടെൽ, ഐടിസി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് വലിയ ഇടിവ് നേരിടുന്ന പ്രധാന ഓഹരികള്‍. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 15 കോടി രൂപയുടെ അറ്റനഷ്ടം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡിന്റെ ഓഹരികൾ 6 ശതമാനത്തിലധികം ഇടിഞ്ഞു. ടാറ്റ സ്റ്റീൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ്ലെ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ബാങ്കിംഗ്, ഐടി സൂചികകള്‍ ഇടിവിലാണ്. മെറ്റല്‍, പൊതുമേഖലാ ബാങ്കുകള്‍ എന്നീ വിഭാഗങ്ങള്‍ മുന്നേറി.
"യു.എസ്. ബോണ്ട് യീൽഡിലെ ഇടിവ്, ക്രൂഡ് ഓയിൽ വില ദുർബലമാകൽ തുടങ്ങിയ പോസിറ്റീവ് വാർത്തകൾ പോസിറ്റിവാണെങ്കിലും പശ്ചിമേഷ്യൻ സംഘർഷത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം മാറുന്നതിനായി നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുകയാണ്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ദസറ പ്രമാണിച്ച് ചൊവ്വാഴ്ച ഓഹരി വിപണികൾക്ക് അവധിയായിരുന്നു. തിങ്കളാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 825.74 പോയിന്റ് അഥവാ 1.26 ശതമാനം ഇടിഞ്ഞ് 64,571.88 എന്ന നിലയിലെത്തി. നിഫ്റ്റി 260.90 പോയിന്റ് അഥവാ 1.34 ശതമാനം ഇടിഞ്ഞ് 19,281.75 ലെത്തി.