24 Nov 2023 10:14 AM GMT
Summary
- ഐടി, എഫ്എംസിജി ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം
- ഏഷ്യന്‍ വിപണികളില്‍ ഏറെയും ഇടിവില്‍
ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും അനിശ്ചിതത്വത്തില്‍ തുടര്‍ന്ന് ഇടിവില്‍ വ്യാപാരം അവസാനിപ്പിച്ചു. തുടക്ക വ്യാപാരത്തില്‍ മുകളിലേക്ക് കയറിയ ഓഹരികള്‍ പിന്നീട് താഴ്ന്നും വീണ്ടും ഉയര്‍ന്നും ഫ്ലാറ്റ്‍ലൈനിന് സമീപത്തു നിന്ന് അധികം മാറാതെ നിലകൊണ്ടു.
ബിഎസ്ഇ സെൻസെക്‌സ് 47.77 പോയിന്റ് അല്ലെങ്കിൽ 0.07% താഴ്ന്ന് 65,970.04 ലെവലിലും നിഫ്റ്റി 7.30 പോയിന്റ് അല്ലെങ്കിൽ 0.04% ഇടിഞ്ഞ് 19,794.70 ലെവലിലും ക്ലോസ് ചെയ്തു. സമ്മിശ്രമായ ആഗോള സൂചനകള്‍ക്കിടയില്‍ ഐടി, എഫ്എംസിജി ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം പ്രകടമായിരുന്നു.
ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, എൻടിപിസി എന്നിവയാണ് മികച്ച നേട്ടം സ്വന്തമാക്കിയ പ്രധാന ഓഹരികള്‍. ടാറ്റ കൺസൾട്ടൻസി, വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ്, ടെക് മഹീന്ദ്ര, നെസ്‍ലെ ഇന്ത്യ എന്നിവ ഇടിവ് നേരിട്ട പ്രധാന ഓഹരികളാണ്.
ഏഷ്യൻ വിപണികളിൽ, ടോക്കിയോ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിലായിരുന്നു. താങ്ക്സ്ഗിവിംഗ് അവധിക്ക് വ്യാഴാഴ്ച യുഎസ് വിപണികൾ അടച്ചിരുന്നു.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വ്യാഴാഴ്ച 255.53 കോടി രൂപയുടെ ഇക്വിറ്റികൾ കരസ്ഥമാക്കിയെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. വ്യാഴാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 5.43 പോയിന്റ് അഥവാ 0.01 ശതമാനം ഇടിഞ്ഞ് 66,017.81 എന്ന നിലയിലെത്തി. നിഫ്റ്റി 9.85 പോയിന്റ് അഥവാ 0.05 ശതമാനം ഇടിഞ്ഞ് 19,802 ൽ എത്തി.