image

15 Nov 2023 10:05 AM GMT

Stock Market Updates

കുതിച്ചുപാഞ്ഞ് കാളകള്‍; മികച്ച നേട്ടവുമായി വിപണികളുടെ ക്ലോസിംഗ്

MyFin Desk

the galloping bulls, markets closing with strong gains
X

Summary

  • ഐടി, മെറ്റല്‍ ഓഹരികള്‍ക്ക് മികച്ച നേട്ടം
  • ആഗോള വിപണികളിലും പൊസിറ്റിവ് ട്രെന്‍ഡ്


ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്ന് വ്യാപാര സെഷന്‍ അവസാനിപ്പിച്ചത് മികച്ച നേട്ടത്തില്‍. ആഗോള തലത്തിലെ ശുഭകരമായ സൂചനകളുടെയും ആശ്വാസകരമായ വിലക്കയറ്റ കണക്കുകളുടെയും പശ്ചാത്തലത്തില്‍ തുടക്കം മുതല്‍ നേട്ടം പ്രകടമാക്കിയ സൂചികകള്‍ സെഷന്‍റെ ഒരു ഘട്ടത്തിലും താഴേക്കെത്തിയില്ല. എല്ലാ മേഖലകളിലെയും ഓഹരികള്‍ മുന്നേറ്റം പ്രകടമാക്കുന്നുണ്ട്. ഐടി, മെറ്റൽ ഓഹരികളാണ് ഏറ്റവുമധികം നേട്ടം കൊയ്തത്.

സെന്‍സെക്സ് 742.06 പോയിന്‍റ് (1.14%) നേട്ടത്തോടെ 65,675.93ലും നിഫ്റ്റി 231.95 പോയിന്‍റ് (1.19%) നേട്ടത്തോടെ 19,675.50 ലും വ്യാപാരം അവസാനിപ്പിച്ചു.

ടെക് മഹീന്ദ്ര, വിപ്രോ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, ഇൻഫോസിസ് തുടങ്ങിയവയാണ് മികച്ച നേട്ടം സ്വന്തമാക്കിയ പ്രധാന ഓഹരികള്‍. ബജാജ് ഫിനാൻസ്, ഇൻഡസിൻഡ് ബാങ്ക്, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ തുടങ്ങിയവ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ പോസിറ്റിവായാണ് വ്യാപാരം അവസാനിപ്പിച്ചത്.. ചൊവ്വാഴ്ച യുഎസ് വിപണികൾ കാര്യമായ നേട്ടത്തോടെയാണ് അവസാനിച്ചത്.

"ഒക്ടോബറിലെ യുഎസ് വിലക്കയറ്റ കണക്കുകൾ ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം വലിയ മാറ്റമാണ്. പ്രതീക്ഷിച്ചതിലും താഴെ 3.2 ശതമാനം വാര്‍ഷിക വിലക്കയറ്റമാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. അതിലും പ്രധാനമായി, മുഖ്യ പണപ്പെരുപ്പം മുന്‍മാസത്തെ അപേക്ഷിച്ച് വെറും 0.2 ശതമാനം മാത്രമാണ് വളര്‍ന്നത് എന്നത് വളരേ പൊസിറ്റിവ് ആണ്. യുഎസ് ഫെഡ് റിസര്‍വ് പലിശനിരക്കുകള്‍ കുറയ്ക്കുന്നത് വേഗത്തിലാകും എന്ന പ്രതീക്ഷയാണ് ഇത് നല്‍കുന്നത്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ചൊവ്വാഴ്ച 1,244.44 കോടി രൂപയുടെ അറ്റവില്‍പ്പന ഇക്വിറ്റികളില്‍ നടത്തി. ദീപാവലി ബലിപ്രതിപാദയായതിനാൽ ചൊവ്വാഴ്ച ഓഹരി വിപണികൾക്ക് അവധിയായിരുന്നു. തിങ്കളാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 325.58 പോയിന്റ് അഥവാ 0.50 ശതമാനം ഇടിഞ്ഞ് 64,933.87 എന്ന നിലയിലെത്തി. നിഫ്റ്റി 82 പോയിന്റ് അഥവാ 0.42 ശതമാനം ഇടിഞ്ഞ് 19,443.55 ലെത്തി.