3 Feb 2025 11:11 AM GMT
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തങ്ങളുടെ വ്യാപാര പങ്കാളികൾക്ക് തീരുവ ചുമത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ആഗോള വിപണികൾ ദുർബലമായി. ഇതിനെത്തുടർന്ന് സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ ക്ലോസ് ചെയ്തു.
സെൻസെക്സ് 319.22 പോയിന്റ് അഥവ 0.41 ശതമാനം ഇടിഞ്ഞ് 77,186.74ലും നിഫ്റ്റി 121.10 പോയിന്റ് അഥവ 0.52 ശതമാനം ഇടിഞ്ഞ് 23,361.05ലും വ്യാപാരം അവസാനിപ്പിച്ചു.
ചൈന, മെക്സിക്കോ, കാനഡ എന്നിവയ്ക്ക് ട്രംപ് താരിഫ് പ്രഖ്യാപിച്ചതിനെത്തുടർന്ന് ആഗോള വിപണികളിലെ മാന്ദ്യം ഇന്ത്യൻ ബെഞ്ച്‌മാർക്കുകളെ പ്രതികൂലമായി ബാധിച്ചു. ഇത് നിക്ഷേപകരിൽ ആശങ്ക ഉയർത്തി. കൂടാതെ രൂപയുടെ മൂല്യം ഇടിഞ്ഞതും വിപണിയെ സാരമായി ബാധിച്ചു.
സെൻസെക്സ് ഓഹരികൾ
സെൻസെക്സ് ഓഹരികളിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, ഭാരതി എയർടെൽ, മാരുതി എന്നിവ എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ലാർസൻ ആൻഡ് ട്യൂബ്രോ, ടാറ്റ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഏഷ്യൻ പെയിന്റ്‌സ്, ഐടിസി, പവർ ഗ്രിഡ്, എൻടിപിസി, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടറൽ സൂചിക
കൺസ്യൂമർ ഡ്യൂറബിൾസ് 0.5 ശതമാനം, ഐടി 0.7 ശതമാനം ,നിഫ്റ്റി ഓട്ടോ 0.9 ശതമാനവും ഉയർന്നു. അതേസമയം ക്യാപിറ്റൽ ഗുഡ്സ് 4 ശതമാനവും ഊർജ്ജം, മെറ്റൽ, എണ്ണ, വാതകം, പവർ , പൊതുമേഖലാ സൂചികകൾ 2-3 ശതമാനം വരെയും ഇടിഞ്ഞു.
ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക ഒരു ശതമാനവും സ്‌മോൾക്യാപ് സൂചിക 1.7 ശതമാനവും ഇടിഞ്ഞു. ഇന്ത്യ വിക്സ് 1.82 ശതമാനം ഉയർന്ന് 14.35 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ കുത്തനെ താഴ്ന്നു. യൂറോപ്പിലെ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ വെള്ളിയാഴ്ച നഷ്ടത്തിൽ അവസാനിച്ചു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 1.15 ശതമാനം ഉയർന്ന് 76.50 യുഎസ് ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 55 പൈസ ഇടിഞ്ഞ് 87 കടന്നു.