27 Dec 2023 4:47 AM GMT
Summary
- നിഫ്റ്റിയില്‍ എല്ലാ മേഖലാ സൂചികകളും നേട്ടത്തില്‍
- മികച്ച നേട്ടവുമായി അള്‍ട്രാടെക് സിമന്‍റ്
- ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍
ആഗോള വിപണികളില്‍ നിന്നുള്ള ശുഭസൂചനകളെ ഏറ്റെടുത്തുകൊണ്ട് ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടക്കവ്യാപാരത്തില്‍ മുന്നേറി. സെൻസെക്‌സ് 289.93 പോയിന്റ് ഉയർന്ന് 71,626.73ലും നിഫ്റ്റി 90.45 പോയിന്റ് ഉയർന്ന് 21,531.80ലും എത്തി. നിഫ്റ്റിയില്‍ എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. പൊതുമേഖലാ ബാങ്ക്, മെറ്റല്‍ എന്നിവയുടെ സൂചികകള്‍ ഒരു ശതമാനത്തിന് മുകളില്‍ കയറി.
അൾട്രാടെക് സിമന്‍റ്, ഹിൻഡാൽകോ, ജെഎസ്‍ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ബജാജ് ഓട്ടോ എന്നിവയാണ് നിഫ്റ്റിയില്‍ നേട്ടം രേഖപ്പെടുത്തിയത്. ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്‌സ്, അദാനി എന്‍റര്‍പ്രൈസസ്, സിപ്ല, ഹീറോ മോട്ടോകോര്‍പ് എന്നിവ ഇടിവിലാണ്.
സെൻസെക്‌സില്‍ അൾട്രാടെക് സിമന്റ്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ടാറ്റ മോട്ടോഴ്‌സ്, ലാർസൻ ആൻഡ് ടൂബ്രോ, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഏഷ്യൻ പെയിന്റ്‌സ്, എൻടിപിസി, മാരുതി, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങിയ കമ്പനികൾ ഇടിവ് നേരിടുന്നു
ഏഷ്യൻ വിപണികളിൽ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ്, സിയോൾ താഴ്ന്നു. ചൊവ്വാഴ്ച യുഎസ് വിപണികൾ പച്ചയിൽ അവസാനിച്ചു.
"സാധാരണയായി കാര്യമായ പ്രവർത്തനങ്ങളൊന്നുമില്ലാത്ത അവധിക്കാലത്ത് പോലും വിപണി പ്രതിരോധം നിലനിര്‍ത്തുന്നത് ബുള്ളിഷ്‌നെസിന്റെ സൂചനയാണ്. യുഎസില്‍ എസ് & പി 500 എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് അടുക്കുന്നു. യുഎസ് വിപണികള്‍ സൃഷ്ടിക്കുന്ന ആഗോള പിന്തുണ പ്രാധാന്യമർഹിക്കുന്നതാണ്,” ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.07 ശതമാനം കുറഞ്ഞ് ബാരലിന് 81.01 ഡോളറിലെത്തി.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ചൊവ്വാഴ്ച 95.20 കോടി രൂപയുടെ ഇക്വിറ്റികൾ കൈയൊഴിഞ്ഞതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.
ചൊവ്വാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 229.84 പോയിന്റ് അഥവാ 0.32 ശതമാനം ഉയർന്ന് 71,336.80 ൽ എത്തി. നിഫ്റ്റി 91.95 പോയിന്റ് അഥവാ 0.43 ശതമാനം ഉയർന്ന് 21,441.35 ലെത്തി.