2 Dec 2023 7:05 AM GMT
സത്യം കമ്പ്യൂട്ടര്‍ പ്രൊമോട്ടര്‍മാരോട് 1,747 കോടി രൂപ തിരിച്ചടക്കണമെന്നു സെബി
MyFin Desk
Summary
7800 കോടി രൂപയുടേതാണ് സത്യം അഴിമതി. 2009-ലാണ് സത്യം അഴിമതി പുറത്തുവന്നത്
സത്യം കമ്പ്യൂട്ടര്‍ സര്‍വീസസിന്റെ മുന്‍ ചെയര്‍മാനും പ്രൊമോട്ടറുമായ ബി. രാമലിംഗ രാജുവിനോടും അദ്ദേഹത്തിന്റെ അസോസിയേറ്റ്‌സിനോടും 624.1 കോടി രൂപയും അതിന്റെ പലിശയായ 1123 കോടി രൂപയും (മൊത്തം 1747 കോടി രൂപ) തിരിച്ചടക്കണമെന്നു മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി 2023 നവംബര്‍ 30-ന് ഉത്തരവിറക്കി.
സെബിയുടെ ഉത്തരവില്‍ സൂചിപ്പിച്ചിരിക്കുന്ന ആറ് പേരുകള്‍ ഇവയാണ്.
ബി രാമലിംഗരാജു (സത്യം മുന്‍ ചെയര്‍മാന്‍), ബി രാമരാജു (മുന്‍ എംഡി), ബി സൂര്യനാരായണ്‍ രാജു (രാമലിംഗ രാജുവിന്റെ സഹോദരന്‍), വി ശ്രീനിവാസ്(സത്യം മുന്‍ സിഎഫ്ഒ), ജി രാമകൃഷ്ണ (സത്യം മുന്‍ വൈസ് പ്രസിഡന്റ്), എസ്ആര്‍എസ്ആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് (സത്യം പ്രൊമോട്ടര്‍മാര്‍ പ്രമോട്ട് ചെയ്ത സ്ഥാപനം).
ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പ് സത്യം കമ്പ്യൂട്ടേഴ്‌സ് ഓഹരി വിലയില്‍ കൃത്രിമം കാണിച്ച് അനധികൃതമായി പണം സമ്പാദിച്ചതിന് ശിക്ഷിക്കപ്പെട്ടവരാണ് സത്യം രാജുവും അസോസിയേറ്റ്‌സും.
7800 കോടി രൂപയുടേതാണ് സത്യം അഴിമതി. 2009-ലാണ് സത്യം അഴിമതി പുറത്തുവന്നത്.
2009 ജനുവരി 7 മുതല്‍ തുക തിരിച്ചടയ്ക്കും വരെ പ്രതിവര്‍ഷം 12 ശതമാനം പലിശയായി നല്‍കേണ്ടി വരും. ഇത് മൊത്തം 1747 കോടി രൂപ വരും. 45 ദിവസത്തെ സമയ പരിധിയാണ് നല്‍കിയിരിക്കുന്നത്. അതായത്, 2024 ജനുവരിയില്‍ ഈ തുക അടയ്ക്കണമെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്.
രാമലിംഗ രാജുവിനെയും സഹോദരന്‍ ബി രാമരാജുവിനെയും 2028 ജൂണ്‍ 14 വരെ സെക്യൂരിറ്റീസ് മാര്‍ക്കറ്റുകളില്‍ നിന്നും സെബി വിലക്കിയിട്ടുണ്ട്.