3 Jun 2024 10:25 AM
Summary
- എട്ടു ലക്ഷം കോടി വിപണി മൂല്യം കടക്കുന്ന ഏഴാമത്തെ കമ്പനി
- ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയായ 912 രൂപയിലെത്തി
- ഈ വർഷം ഇതുവരെ ഓഹരികൾ നൽകിയത് 41.40 ശതമാനം നേട്ടമാണ്
തുടക്ക വ്യാപാരം മുതൽ കുതിപ്പിലായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം എട്ടു ലക്ഷം കോടി രൂപ കടന്നു. ഇന്ത്യൻ ഓഹരികളിൽ എട്ടു ലക്ഷം കോടി വിപണി മൂല്യം കടക്കുന്ന ഏഴാമത്തെ കമ്പനിയാണ് എസ്ബിഐ.
ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ എക്കാലത്തെയും ഉയർന്ന വിലയായ 912 രൂപയിലെത്തി. 2021 സെപറ്റംബറിന് ശേഷമുള്ള ഓഹരികളുടെ മികച്ച വ്യാപാര ദിവസമായിരുന്നു ഇന്ന്. കഴിഞ്ഞ വർഷം 4.62 ശതമാനം മാത്രം ഉയർന്ന ഓഹരികൾ ഈ വർഷം ഇതുവരെ നൽകിയത് 41.40 ശതമാനം നേട്ടമാണ്. ഏകദേശം 6.42 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 543.20 രൂപയാണ്.
റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഭാരതി എയർടെൽ, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളാണ്വി മുൻപ്പ വിപണി മൂല്യത്തിൽ ഈ നാഴികക്കല്ല് കടന്നത്.
ജൂൺ ഒന്നിന് നടന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ഭരണ തുടർച്ച പ്രവചിച്ചതോടെ മറ്റ് പൊതുമേഖലാ ഓഹരികൾക്കൊപ്പം എസ്ബിഐയുടെ ഓഹരികളും കുതിച്ചു.
സർക്കാരിന്റെ നയങ്ങൾ പൊതുമേഖലാ ഓഹരികളെ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട്. ഈ ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ മികച്ച നേട്ടമാണ് നൽകിയത്. ഭരണ തുടർച്ചയുണ്ടായാൽ ഈ പ്രവണത തുടരാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കാപെക്‌സിൽ സുസ്ഥിരമായ ശ്രദ്ധ, ആഭ്യന്തര മേഖലകളിലെ ധനപരമായ ഏകീകരണം എന്നിവ ഓഹരികൾക്ക് കരുത്തേകി. പ്രത്യേകിച്ച് ഇൻഫ്രാ, മാനുഫാക്ചറിംഗ്, കാപെക്‌സ് മേഖലകളിൽ സമീപകാലത്ത് മികച്ച പ്രകടനം ദൃശ്യമായെന്ന് നോമുറയിലെ വിശകലന വിദഗ്ധർ പറഞ്ഞു.
എസ്ബിഐ ഓഹരികൾ എൻഎസ്ഇ യിൽ 9.48 ശതമാനം ഉയർന്ന് 909.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.