14 May 2024 5:00 AM GMT
Summary
- ഓയിൽ ആൻഡ് ഗ്യാസ് ഓഹരികൾ നിഫ്റ്റിയെ നേട്ടത്തിലേക്ക് നയിച്ചു
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.51 ലെത്തി
- പൊതുതിരഞ്ഞെടുപ്പുകളുടെ ഫലങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം വിപണിയിൽ തുടരുന്നു
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. റിലയൻസ് ഇൻഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളിലെ ഉയർന്ന വാങ്ങൽ സൂചികകൾക്ക് താങ്ങായി. റീട്ടെയിൽ പണപ്പെരുപ്പം ഏപ്രിലിൽ 11 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.83 ശതമാനത്തിലെത്തിയത് വിപണിയെ നേട്ടത്തിലേക്ക് നയിച്ചു. നടന്നുകൊണ്ടിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുകളുടെ ഫലങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം വിപണിയിൽ തുടരുന്നു.
സെൻസെക്‌സ് 225.92 പോയിൻ്റ് ഉയർന്ന് 73,002.05 ലും നിഫ്റ്റി 78.65 പോയിൻ്റ് ഉയർന്ന് 22,182.70 ലുമാണ് വ്യാപാരം ആരംഭിച്ചത്.
നിഫ്റ്റിയിൽ ഹീറോ മോട്ടോകോർപ്പ്, ശ്രീറാം ഫിനാൻസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ജെ എസ്ഡബ്ല്യു സ്റ്റീൽ, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർ ഗ്രിഡ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സിപ്ല, അദാനി പോർട്ട്സ്, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, നെസ്ലെ ഇന്ത്യ, ഏഷ്യൻ പെയിൻ്റ്സ്, അപ്പോളോ ഹോസ്പിറ്റൽസ്, ടാറ്റ കൺസൾട്ടൻസി എന്നീ ഓഹരികൾ ഇടിവിലാണ്.
ഓയിൽ ആൻഡ് ഗ്യാസ് ഓഹരികൾ നിഫ്റ്റിയെ നേട്ടത്തിലേക്ക് നയിച്ചു, അതേസമയം ഹെൽത്ത് കെയർ ഓഹരികൾ ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്മോൾക്യാപ് സൂചികകൾ യഥാക്രമം 0.3 ശതമാനവും 0.6 ശതമാനവും ഉയർന്നു. ഇന്ത്യ വിക്സ് 1.5 ശതമാനം ഉയർന്ന് 21 ൽ എത്തി
തിങ്കളാഴ്ച പുറത്തിറക്കിയ സർക്കാർ കണക്കുകൾ പ്രകാരം മൊത്തത്തിലുള്ള ഭക്ഷ്യവസ്തുക്കളുടെ വില നേരിയ തോതിൽ ഉയർന്നെങ്കിലും ചില അടുക്കള സാധനങ്ങളുടെ വില കുറഞ്ഞതിനാൽ റീട്ടെയിൽ പണപ്പെരുപ്പം ഏപ്രിലിൽ 11 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.83 ശതമാനമായി കുറഞ്ഞു.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ഇടിവിലാണ്. തിങ്കളാഴ്ച യുഎസ് വിപണികളിൽ സമ്മിശ്ര വ്യാപാരമായിരുന്നു.
ബ്രെൻ്റ് ക്രൂഡ് 0.12 ശതമാനം ഉയർന്ന് ബാരലിന് 83.46 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.51 ലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.29 ശതമാനം ഉയർന്ന് 2349 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 4,498.92 കോടി രൂപയുടെ ഓഹരികൾ വിറ്റു.
തിങ്കളാഴ്ച സെൻസെക്സ് 111.66 പോയിൻ്റ് അഥവാ 0.15 ശതമാനം ഉയർന്ന് 72,776.13 ലും നിഫ്റ്റി 48.85 പോയിൻ്റ് അഥവാ 0.22 ശതമാനം ഉയർന്ന് 22,104.05 ലുമാണ് ക്ലോസ് ചെയ്തത്.