5 Jun 2024 11:00 AM GMT
Summary
- നിഫ്റ്റിയിലെ 48 ഓഹരികൾ ഇന്ന് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്
- എൻഎസ്ഇയിൽ എല്ലാ മേഖലാ സൂചികകളും മികച്ച നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്
- ഒറ്റ സെഷനിൽ നിക്ഷേപ സമ്പത് ഉയർന്നത് 13 ലക്ഷം കോടി രൂപ
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് വമ്പൻ നേട്ടത്തോടെ. മുൻ ദിവസത്തെ കനത്ത നഷ്ടത്തിൽ നിന്ന് സൂചികകൾ കരകയറി. ബെഞ്ച്മാർക് സൂചികകൾ മൂന്ന് ശതമാനം വീതം ഉയർന്നു. നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത് 22,600ന് മുകളിലാണ്.
സെൻസെക്‌സ് 2,303.19 പോയിൻ്റ് അഥവാ 3.20 ശതമാനം ഉയർന്ന് 74,382.24ലും നിഫ്റ്റി 735.80 പോയിൻ്റ് അഥവാ 3.36 ശതമാനം ഉയർന്ന് 22,620.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 2348 ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു, 1008 ഓഹരികൾ ഇടിഞ്ഞു, 74 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിലെ 48 ഓഹരികൾ ഇന്ന് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. അദാനി പോർട്ട്സ് (7.29 ശതമാനം), ഇൻഡസ്ഇൻഡ് ബാങ്ക് (7.06 ശതമാനം), ഹിൻഡാൽകോ (6.46 ശതമാനം) എന്നീ ഓഹരികളാണ് സൂചികയിൽ ഏറ്റവും ഉയർന്ന നേട്ടം നൽകിയത്. ബിപിസിഎൽ, എൽ ആൻഡ് ടി ഓഹരികൾ മാത്രമാണ് ഇടിവിലായത്.
എൻഎസ്ഇയിൽ എല്ലാ മേഖലാ സൂചികകളും മികച്ച നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മെറ്റൽ, പ്രൈവറ്റ് ബാങ്ക് സൂചികകൾ ഇന്ന് 5 ശതമാനം വീതം ഉയർന്നപ്പോൾ നിഫ്റ്റി ബാങ്ക്, ഓട്ടോ, ഫിനാൻഷ്യൽ സർവീസസ്, എഫ്എംസിജി എന്നിവ 4 ശതമാനം വീതം ഉയർന്നു.
ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളുടെ മൊത്ത വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 395 ലക്ഷം കോടി രൂപയിൽ നിന്ന് 408 ലക്ഷം കോടി രൂപയായി ഉയർന്നു, ഒറ്റ സെഷനിൽ നിക്ഷേപ സമ്പത് ഉയർന്നത് 13 ലക്ഷം കോടി രൂപ.
ഏഷ്യൻ വിപണികളിൽ സിയോൾ നേട്ടത്തിലും ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ പച്ചയിലാണ് വ്യാപാരം തുടരുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്.
ബ്രെൻ്റ് ക്രൂഡ് 0.14 ശതമാനം ഉയർന്ന് ബാരലിന് 77.61 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.31 ശതമാനം ഉയർന്ന് 2354 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 14 പൈസ ഉയർന്ന് 83.37 എത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐകൾ) ചൊവ്വാഴ്ച 12,436.22 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ചൊവ്വാഴ്ച സെൻസെക്‌സ് 4,389.73 പോയിൻ്റ് അഥവാ 5.74 ശതമാനം ഇടിഞ്ഞ് രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന ലെവലായ 72,079.05ൽ എത്തി. നിഫ്റ്റി 1,379.40 പോയിൻറ് അഥവാ 5.93 ശതമാനം ഇടിഞ്ഞ് 21,884.50 ലുമാണ് ക്ലോസ് ചെയ്തത്.