2 Jan 2024 10:59 AM GMT
Summary
- അലോക് ഇൻഡസ്ട്രീസ് ഓഹരികൾ 20% ഉയർന്നു
- 9% ഡിവിഡന്റ് നിരക്കിലാണ് പ്രീഫെറൻസ് ഓഹരികൾ നൽകിയത്
- ആർഐഎൽ ന് അലോക് ഇൻഡസ്ട്രീസിൽ 40.01 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്
അലോക് ഇൻഡസ്ട്രീസിന്റെ 3,300 കോടി രൂപ മൂല്യമുള്ള നോൺ-കൺവേർട്ടിബിൾ റിഡീമബിൾ പ്രിഫറൻഷ്യൽ ഓഹരികൾ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) സ്വന്തമാക്കി. വാർത്തകളെ തുടർന്ന് അലോക് ഇൻഡസ്ട്രീസ് ഓഹരികൾ കുതിച്ചുയർന്നു 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലെത്തി. ഇരുപത് ശതമാനത്തോളം ഉയർന്ന ഓഹരികൾ അപ്പർ സർക്യൂട്ടിൽ ലോക്ക് ചെയ്തു. ഇന്ന് വ്യാപാരം അവസാനിച്ചപ്പോൾ അലോക് ഓഹരികൾ 20 ശതമാനം ഉയർന്നു 25.80 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആർഐഎൽ-ന്റെ പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ 9 ശതമാനം ഡിവിഡന്റ് നിരക്കിലാണ് പ്രീഫെറൻസ് ഓഹരികൾ നൽകിയത്. അലോട്ട്മെന്റ് തീയതി മുതൽ 20 വർഷത്തിൽ കൂടാത്ത കാലയളവിനുള്ളിൽ ഓഹരികൾ ഏത് സമയത്തും റിഡീം ചെയ്യാവുന്നതാണ്.
വിപണിയിൽ ഇതുവരെ 11 കോടി ഓഹരികളുടെ വ്യാപാരമാണ് നടന്നത്. ഇത് ഒരു മാസത്തെ പ്രതിദിന ശരാശരിയായ 4 കോടി ഓഹരികളെക്കാളും കൂടുതലാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 31 ശതമാനം വർധനവാണ് ഓഹരികളിലുണ്ടായത്.
റിലയൻസ് ഇൻഡസ്ട്രീസ്, ടെക്സ്റ്റൈൽ നിർമ്മാണ കമ്പനിയുടെ പ്രൊമോട്ടർ കൂടിയാണ്. കടക്കാർക്കുള്ള കുടിശ്ശിക തിരിച്ചുപിടിക്കാൻ വേണ്ടി പാപ്പരത്ത നടപടികളിലൂടെ ലേലം ചെയ്ത കമ്പനിയെ ആർഐഎൽ, ജെഎം ഫിനാൻഷ്യൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിയുമായി ചേർന്ന് 2020-ൽ ഏറ്റെടുക്കുകയായിരുന്നു.
സെപ്തംബർ പാദത്തിലെ കണക്കനുസരിച്ച്, ആർഐഎൽ ന് അലോക് ഇൻഡസ്ട്രീസിൽ 40.01 ശതമാനം ഓഹരിയും ജെഎം ഫിനാൻഷ്യൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിക്ക് 34.99 ഓഹരികളാണ് കമ്പനിയിലുള്ളത്.