image

25 Oct 2023 2:33 AM GMT

Stock Market Updates

ആഗോള വിപണികളില്‍ വീണ്ടെടുപ്പ്, ചാഞ്ചാട്ടമില്ലാതെ ക്രൂഡ് വില; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

Sandeep P S

Stock Market Today: Top 10 things to know before the market opens
X

Summary

  • ഏഷ്യന്‍ വിപണികള്‍ നേട്ടത്തോടെ തുടങ്ങി
  • യുഎസ് ട്രഷറി ആദായം 5 ശതമാനത്തിന് താഴെ സ്ഥിരത പുലര്‍ത്തുന്നു


യുദ്ധം കനക്കുന്നതും യുഎസ് ട്രഷറി ആദായത്തിലെ ഉയര്‍ച്ചയും ക്രൂഡ്ഓയില്‍ വിലയിലെ അനിശ്ചിതാവസ്ഥയും ആഭ്യന്തര വിപണികളെ ഇടിവിലേക്ക് നയിക്കുന്ന കാഴ്ചയാണ് ഈ വാരത്തിന്‍റെ തുടക്കത്തിലും കണ്ടത്. തിങ്കളാഴ്ച നിഫ്റ്റി സൂചിക 1.34 ശതമാനം അഥവാ 260.90 പോയിന്റ് ഇടിഞ്ഞ് 19,281.75 ലും ബിഎസ്ഇ സെൻസെക്സ് 1.26 ശതമാനം അഥവാ 825.74 പോയിന്റ് ഇടിഞ്ഞ് 64,571.88 ലും എത്തി.

വിജയദശമി അവധിക്ക് ശേഷം ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ തുടര്‍ച്ചയായ താഴോട്ടിറക്കം സൃഷ്ടിച്ച താഴ്ചയില്‍ നിന്നും വിപണികളില്‍ തിരിച്ചുവരവ് പ്രകടമായേക്കുമെന്നാണ് വിപണി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. മികച്ച കോര്‍പ്പറേറ്റ് വരുമാന പ്രകടനങ്ങള്‍ അതിനെ പിന്തുണയ്ക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. യുഎസ് ട്രഷറി ആദായം സമീപകാലത്തെ ഉയര്‍ന്ന നിലയായ 5 ശതമാനത്തില്‍ നിന്ന് താഴേക്കിറങ്ങിയതും ആശ്വാസമാകും. ക്രൂഡ് വില ബാരലിന് 90 ഡോളറിനു താഴെ സ്ഥിരത പുലര്‍ത്തുന്നതും പോസിറ്റിവാണ്.

ആഗോള വിപണികളില്‍ ഇന്ന്

അനലിസ്റ്റുകളുടെ പ്രതീക്ഷകളെ മറികടന്ന ശക്തമായ വരുമാന പ്രകടനങ്ങള്‍ യുഎസ് വിപണികളുടെ തിരിച്ചുവരവിന് ഇടയാക്കിയിട്ടുണ്ട്. മൂന്ന് പ്രധാന യുഎസ് ഓഹരി സൂചികകളും ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ മുന്നേറി. യുഎസ് ട്രഷറി ആദായം 5 ശതമാനത്തിന ്താഴെ സ്ഥിരത പുലര്‍ത്തിയത് പലിശ നിരക്കിനോട് സെന്‍സിറ്റിവായ മെഗാ ക്യാപ് ഓഹരികളിലെ മുന്നേറ്റത്തിന് ഇടയാക്കി. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.62 ശതമാനം ഉയർന്നു, എസ് & പി 500 0.73 ശതമാനവും നാസ്ഡാക്ക് കോമ്പോസിറ്റ് 0.93 ശതമാനവും വർധിച്ചു.

ഏഷ്യ-പസഫിക് വിപണികള്‍ ഇന്ന് വ്യാപാരത്തിന്‍റെ തുടക്കത്തില്‍ പച്ചയിലാണ്. ഓസ്ട്രേലിയ, ചൈന, ഹോംഗ്കോംഗ്, ജപ്പാന്‍, തായ്വാന്‍ എന്നിവിടങ്ങളിലെ മുഖ്യ വിപണികള്‍ നേട്ടത്തിലാണ്. യൂറോപ്യന്‍ വിപണികള്‍ പൊതുവില്‍ നേട്ടത്തിലാണ് ഇന്നലത്തെ വ്യാപാരം അവസാനിപ്പിച്ചത്.

ഗിഫ്റ്റ് നിഫ്റ്റി 30 പോയിന്റ് അഥവാ 0.16 ശതമാനം നേട്ടത്തോടെ ഇന്ന് വ്യാപാരം ആരംഭിച്ചു. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെയും തുടക്കം പോസിറ്റിവ് ആകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

നിഫ്റ്റി 19,251-ലും തുടർന്ന് 19,181-ലും 19,066-ലും പിന്തുണ നേടുമെന്നാണ് വിലയിരുത്തുന്നത്. ഉയർച്ചയുടെ സാഹചര്യത്തില്‍, 19,309 കീ റെസിസ്‍റ്റന്‍സ് ആകാം, തുടർന്ന് 19,550ഉം 19,664ഉം.

ഇന്ന് ശ്രദ്ധ നേടുന്ന പ്രധാന ഓഹരികള്‍

റിലയൻസ് ഇൻഡസ്ട്രീസ്: വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ ബിസിനസുകള്‍ വാങ്ങുന്നതിലേക്ക് റിലയൻസ് അടുക്കുകയാണെന്ന് റിപ്പോര്‍ട്ട്. പണവും ഓഹരിയും ഉള്‍പ്പെട്ട ഇടപാടാണിത്. ഡിസ്നി സ്റ്റാർ ബിസിനസിലെ നിയന്ത്രിത ഓഹരി റിലയന്‍സിന് കൈമാറുമെന്നാണ് കണക്കാക്കുന്നത്. അടുത്ത മാസം ആദ്യം ഇതിന്‍റെ പ്രഖ്യാപനമുണ്ടായേക്കും.

ടോറന്റ് ഫാർമസ്യൂട്ടിക്കൽസ്: അഹമ്മദാബാദ് ആസ്ഥാനമായുള്ള കമ്പനിയുടെ ഏകീകൃത ലാഭം രണ്ടാം പാദത്തില്‍ 23.7 ശതമാനം വാര്‍ഷിക വര്‍ധനയോടെ 386 കോടി രൂപയായി, വരുമാനം 16.1 ശതമാനം ഉയർന്ന് 2,660 കോടി രൂപയായി. ഇന്ത്യന്‍ ബിസിനസ് 18 ശതമാനം ഉയർന്ന് 1,444 കോടി രൂപയായി. ബ്രസീൽ ബിസിനസ് 36 ശതമാനവും ജർമ്മനി ബിസിനസ് 21 ശതമാനവും ഉയർന്നു, എന്നാൽ യുഎസ് ബിസിനസ് 15 ശതമാനം ഇടിഞ്ഞ് 248 കോടി രൂപയായി.

പിഎന്‍ബി ഹൗസിംഗ് ഫിനാൻസ്: ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഏകീകൃത ലാഭം 46 ശതമാനം വാര്‍ഷിക വളർച്ച രേഖപ്പെടുത്തി 383 കോടി രൂപയായി. അറ്റ പലിശ വരുമാനം 2 ശതമാനം വർധിച്ച് 661 കോടി രൂപയായി.

ലുപിൻ: ഫൈസറിന്‍റ് ഡിഫ്‌ളുകാൻ ഗുളികകളുടെ ജനറിക് വകഭേദമായ ഫ്‌ളൂക്കോണസോൾ ഗുളികകൾക്കായി യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരം കമ്പനിക്ക് ലഭിച്ചു.

മഹീന്ദ്ര ലോജിസ്റ്റിക്‌സ്: ജൂലൈ-സെപ്റ്റംബർ കാലയളവിൽ 16 കോടി രൂപയുടെ ഏകീകൃത നഷ്ടം രേഖപ്പെടുത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ലാഭം 11 കോടി രൂപയായിരുന്നു. കുറഞ്ഞ എബിറ്റ്ഡയും മാർജിനും നഷ്ടത്തിന് ഇടയാക്കി. 1,365 കോടി രൂപയാണ് വരുമാനം, മുൻവർഷത്തെ അപേക്ഷിച്ച് 2.9 ശതമാനം വർധന. എന്നാൽ എബിറ്റ്ഡ 20.6 ശതമാനം ഇടിഞ്ഞ് 54 കോടി രൂപയായി.

ആക്സിസ് ബാങ്ക്: ആക്സിസ് ബാങ്കിന്‍റെ രണ്ടാം പാദ ഫലം ഇന്ന് പുറത്തുവരും. അറ്റാദായം 7 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 5,698 കോടി രൂപയിലെത്താൻ സാധ്യതയുണ്ട്.

ക്രൂഡ് വില

യുഎസ് സപ്ലൈകൾ കർശനമാക്കി എങ്കിലും ആവശ്യകത മങ്ങിയതാകുമെന്ന സൂചന സാമ്പത്തിക ഡാറ്റകള്‍ നല്‍കിയതിനാല്‍ ഇന്ന് തുടക്ക വ്യാപാരത്തില്‍ എണ്ണ വില കാര്യമായ മാറ്റം പ്രകടമാക്കിയില്ല,

ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 2 സെൻറ് ഉയർന്ന് 88.09 ഡോളറിലെത്തി, യു എസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 5 സെൻറ് കുറഞ്ഞ് 83.69 ഡോളറിലെത്തി. കഴിഞ്ഞ മൂന്ന് സെഷനുകളിലും ബെഞ്ച്മാർക്ക് വിലകൾ കുറഞ്ഞു.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ സ്ഥാപന നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) തിങ്കളാഴ്ച 252.25 കോടി രൂപയുടെ ഓഹരികളും വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 1,111.84 കോടി രൂപയുടെ ഓഹരികളും വാങ്ങിയതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം ദവിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം