2 Sep 2024 11:30 AM GMT
Summary
- തുടർച്ചയായ 13-ാം സെഷനുലും നിഫ്റ്റി കുതിച്ചു
- ഓഗസ്റ്റിലെ മൊത്ത ജിഎസ്ടി കളക്ഷൻ 10 ശതമാനം വർധിച്ചു
- ഡോളറിനെതിരെ രൂപയുടെ മൂല്യം ഏഴ് പൈസ ഇടിഞ്ഞ് 83.92ൽ എത്തി
ദലാൽ തെരുവിൽ സൂചികകളുടെ റെക്കോർഡ് നേട്ടം തുടരുകയാണ്. തുടർച്ചയായ 13-ാം സെഷനിലും നിഫ്റ്റി കുതിച്ചു. ബാങ്ക്, എഫ്എംസിജി, ഐടി ഓഹരികളിൽ നേട്ടം വിപണിയെ പുത്തൻ ഉയരത്തിലെത്തിച്ചു. തുടർച്ചയായി പത്താം ദിവസമാണ് സെൻസെക്സ് പച്ചയിൽ അവസാനിക്കുന്നത്. വിദേശ ഫണ്ടുകളുടെ വരവും യുഎസ് വിപണികളിലെ റാലിയും സൂചികകൾക്ക് കരുത്തേകി. സെൻസെക്‌സ് 82,725.28 പോയിന്റും നിഫ്റ്റി 25,333.65 പോയിന്റും തൊട്ട് എക്കാലത്തെയും ഉയർന്ന ലെവലിലെത്തി.
സെൻസെക്സ് 194.07 പോയിൻ്റ് അഥവാ 0.24 ശതമാനം ഉയർന്ന് 82,559.84ലും നിഫ്റ്റി 42.80 പോയിൻ്റ് അഥവാ 0.17 ശതമാനം ഉയർന്ന് 25,278.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്സ് തുടർച്ചയായ പത്താം സെഷനിൽ കുതിച്ചുയർന്നു, 2023 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ നേട്ടമാണിത്. നിഫ്റ്റി തുടർച്ചയായ 13-ാം ദിവസവും ഉയർന്നു, ഇത് ദശാബ്ദങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയ കുതിപ്പാണെന്ന് വിദഗ്ധർ പറഞ്ഞു.
ഓഗസ്റ്റ് 14 മുതൽ തുടങ്ങിയ കുതിപ്പിൽ നിഫ്റ്റി 4.72 ശതമാനം അഥവാ 1,140 പോയിൻ്റ് ഉയർന്നു. സെൻസെക്‌സ് 2.65 ശതമാനം അഥവാ 2,135.16 പോയിൻ്റ് ഉയർന്നു.
നിഫ്റ്റിയിൽ ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്പ് തുടങ്ങിയ ഓഹരികൾ മികച്ച നേട്ടത്തിലും ഗ്രാസിം ഇൻഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, അദാനി എൻ്റർപ്രൈസസ്, കോൾ ഇന്ത്യ, നെസ്‌ലെ ഇന്ത്യ എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇ മിഡ്‌ക്യാപ് സൂചികയും പുതിയ റെക്കോർഡ് ഉയരത്തിലെത്തി. സ്‌മോൾക്യാപ് സൂചിക 0.5 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ബാങ്ക്, എഫ്എംസിജി, ഐടി എന്നിവ ഒഴികെയുള്ള മറ്റെല്ലാ മേഖലാ സൂചികകളും ഇടിവ് രേഖപ്പെടുത്തി.
ഏഷ്യൻ വിപണികളിൽ, സിയോളും ടോക്കിയോയും നേട്ടത്തോടെ ക്ലോസ് ചെയ്തു. ഷാങ്ഹായും ഹോങ്കോങ്ങും നഷ്ടത്തിലാണ് അവസാനിച്ചത്. യൂറോപ്യൻ വിപണികൾ താഴ്ന്നാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച അമേരിക്കൻ വിപണികൾ നേട്ടത്തിലാണ് അവസാനിച്ചത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 5,318.14 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.14 ശതമാനം ഉയർന്ന് ബാരലിന് 77.04 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.15 ശതമാനം ഉയർന്ന് 2531 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഏഴ് പൈസ ഇടിഞ്ഞ് 83.92ൽ എത്തി.
ഓഗസ്റ്റിലെ മൊത്ത ജിഎസ്ടി കളക്ഷൻ 10 ശതമാനം വർധിച്ച് ഏകദേശം 1.75 ലക്ഷം കോടി രൂപയിലെത്തി.