image

21 Nov 2023 7:40 AM GMT

Stock Market Updates

ആർബിഐ, സെബി നിയന്ത്രണം: ഐപിഒ വിപണിയിൽ എത്തുന്ന ധനകാര്യ കമ്പനികളുടെ എണ്ണം കുറയുന്നു

MyFin Desk

rbi, sebi regulation, number of financial companies entering the ipo market is decreasing
X

Summary

  • അഞ്ച് കമ്പനികൾ ഈ ആഴ്ച്ച 7,400 കോടി രൂപ സമാഹരിക്കും
  • നവംബറിൽ ഇതുവരെ കൊമേഴ്‌സ്യൽ പേപ്പറുകൾ വഴി എൻബിഎഫ്‌സി സ്വരൂപിച്ചത് 3,500 കോടി രൂപ
  • അലോക്കേഷൻ രീതിയിൽ സെബി പരിഷ്കരണം നടത്തിയതോടെ എച്ച്എൻഐകൾക്കിടയിലെ ഐപിഒ ആവേശത്തിന് തടസ്സമായി


പ്രാഥമിക വിപണിയിൽ നിന്നും അഞ്ച് കമ്പനികൾ ഈ ആഴ്ച്ച 7,400 കോടി രൂപ സ്വരൂപിക്കും. എന്നാൽ ഐപിഒ വിപണിയിലെത്തുന്ന ധനകാര്യ കമ്പനികളുടെ എണ്ണം ചുരുങ്ങി വരുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്. മുൻ വർഷങ്ങളിൽ ഇത്തരം കമ്പനികളായിരുന്നു കൂടുതലും വിപണിയിലെത്തിയിരുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും (സെബി) കൊണ്ടുവന്ന കർശനമായ നിർദ്ദേശങ്ങൾ ധനകാര്യ കമ്പനികളുടെ ഓഹരി വിപണിയിലേക്കുള്ള വരവിനെ ബാധിച്ചിട്ടുണ്ട്.

നവംബറിൽ ഇതുവരെ കൊമേഴ്‌സ്യൽ പേപ്പറുകൾ (സിപി) വഴി ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (എൻബിഎഫ്‌സി) 3,500 കോടി രൂപ സമാഹരിച്ചു. നടപ്പ് വർഷം ഇതുവരെ 20,100 കോടി രൂപയാണ് ഇത്തരത്തില്‍ സമാഹരിച്ചിട്ടുള്ളത്. 2022ൽ എൻബിഎഫ്‌സികൾ വാണിജ്യ പത്രങ്ങള്‍ വഴി 45,740 കോടി രൂപ സമാഹരിച്ചു, 2021-ൽ ഇത് 7.1 ലക്ഷം കോടി രൂപയാണ്. 2020-ൽ ഹ്രസ്വകാല വാണിജ്യ പത്രങ്ങളിലൂടെ 2.38 ലക്ഷം കോടി രൂപയും എന്‍ബിഎഫ്‍സികള്‍ സ്വരൂപിച്ചിട്ടുണ്ട്.

2020ലും 2021ലും സമ്പന്നരായ നിക്ഷേപകർ എന്‍ബിഎഫ്‍സികളില്‍ നിന്ന് കടമെടുക്കുകയും ലിസ്റ്റിംഗ് നേട്ടങ്ങൾ പ്രതീക്ഷിച്ച് അവയുടെ തന്നെ ഐ‌പി‌ഒകളില്‍ വലിയ ബിഡ്ഡുകള്‍ നല്‍കുകയും ചെയ്തു. ഈ കാലയളവിൽ ഇഷ്യൂവുമായി വിപണിയിലെത്തിയ കമ്പനികള്‍ക്ക് ഉയര്‍ന്ന സബ്‍സ്ക്രിപ്ഷന്‍ ലഭിക്കുന്നതിന് ഇത് കാരണമായി. ഐ‌പി‌ഒളിൽ നിക്ഷേപം നടക്കുന്നതിനായി ഹ്രസ്വ-കാല വായ്‌പകൾ കൂടി എന്‍ബിഎഫ്‍സികള്‍ ആവിഷ്‌ക്കരിച്ചതോടെ ആർബിഐ ഇത്തരം വായ്പകൾക്ക് കർശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. എൻബിഎഫ്‌സികൾ ഒരു ഇഷ്യുവില്‍ ഒരു വായ്പക്കാരന് നല്‍കാവുന്ന വായ്പയ്ക്ക് 1 കോടി രൂപയുടെ പരിധി ആർബിഐ നിശ്ചയിച്ചിട്ടുണ്ട്. 2022 ഏപ്രിൽ 1 മുതലാണ് ഇത് നിലവില്‍ വന്നത്.

സമീപകാലത്തെ ഏറ്റവും വിജയകരമായ ഐ‌പി‌ഒളിൽ ഒന്ന്, നൈക്കയുടെ മാതൃ കമ്പനിയായ എഫ്എസ്എൻ ഇ-കൊമേഴ്‌സ് വെഞ്ചേഴ്‌സിന്റെ 2021-ൽ നടന്ന 5352 കോടി രൂപയുടെ ഇഷ്യൂ-വാണ്. ഉയർന്ന ആസ്തിയുള്ള വ്യക്തിഗത (എച്എൻഐ) നിക്ഷേപകരുടെ വിഭാഗത്തിൽ മാത്രം 89,928 കോടി രൂപയുടെ അധിക അപേക്ഷകളാണ് വന്നത്.

2022ൽ എത്തിയ അദാനി വിൽമറിന്റെ 3600 കോടി രൂപയുടെ ഐപിഒയ്ക്ക് 30,402 കോടി രൂപയോളമാണ് എച്ച്എൻഐകൾ അപേക്ഷിച്ചത്. 2023ൽ വന്ന എസ്‌ബിഎഫ്‌സി ഫിനാൻസിന്റെ 1025 കോടി രൂപയുടെ പൊതു ഓഫറിനായി എച്ച്‌എൻഐകളിൽ നിന്ന് മാത്രം ലഭിച്ചത് 7,967 കോടി രൂപയുടെ അപേക്ഷകളാണ്.

അലോക്കേഷൻ രീതിയിൽ സെബി പരിഷ്കരണം നടത്തിയതോടെ എച്ച്എൻഐകൾക്കിടയിലെ ഐപിഒ ആവേശത്തിന് തടസ്സമായി. 2-10 ലക്ഷം രൂപ ബിഡ് സൈസ് ഉള്ള അപേക്ഷകർക്കായി ഇഷ്യൂവിന്റെ മൂന്നിലൊന്ന് മാത്രമാണ് മാറ്റിവെക്കാവുന്നത്. ബാക്കിയുള്ള ഓഹരികൾക്കായി അപേക്ഷിക്കണമെങ്കിൽ 10 ലക്ഷം രൂപയ്ക്ക് മുകളിൽ ആവണം.