1 Feb 2024 7:43 AM
Summary
- ഈ നീക്കത്തോടെ പേടിഎമ്മിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ
വരുമാനത്തിലും മൂല്യനിർണ്ണയത്തിലും ആർബിഐയുടെ പുതിയ നിയന്ത്രണങ്ങൾ ഏർപെടുത്തിയതിനു തുടർന്ന് വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൻ്റെ (പേടിഎം) ഓഹരികൾ തുടക്ക വ്യാപാരത്തിൽ കുത്തനെ ഇടിഞ്ഞു. ഓഹരികൾ 20 ശതമാനം ഇടിഞ്ഞു ലോവർ സർക്യൂട്ടിൽ ലോക്ക് ചെയ്തു.
പുതിയ നിയന്ത്രങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്ന ബ്രോക്കറേജ് സ്ഥാപനങ്ങളുടെ അഭിപ്രായങ്ങളും ഓഹരികളിൽ ഇടിവിനു കാരണമായി. ജെഫറീസ് ഓഹരികൾ 'അണ്ടർ പെർഫോമിലേക്ക്' താഴ്ത്തുകയും ലക്ഷ്യ വില 500 രൂപയായി കുറയ്ക്കുകയും ചെയ്തു. വിദേശ ബ്രോക്കറേജ് സ്ഥാപനമായ മക്വാരി നിലവിൽ ഓഹരികളിൽ 'ന്യൂട്രൽ' നിലയിൽ തുടരാനാണ് റെക്കമെന്റ് ചെയ്തിരിക്കുന്നത്. ഓഹരിയൊന്നിന് 650 രൂപയുടെ ലക്ഷ്യ വിലയാണ് സ്ഥാപനം നിലവിൽ നൽകിയിരിക്കുന്നത്.
ഫെബ്രുവരി 29 മുതൽ പുതിയ ക്രെഡിറ്റ്, ഡെപ്പോസിറ്റ് ഓപ്പറേഷനുകൾ, ടോപ്പ്-അപ്പുകൾ, ഫണ്ട് ട്രാൻസ്ഫറുകൾ, അത്തരം ബാങ്കിംഗ് പ്രവർത്തനങ്ങൾ നിന്ന് വിട്ടുനിൽക്കാൻ ആർബിഐ, പേടിഎമ്മിനോട് ആവിശ്യപെട്ടിരുന്നു. ബ്രോക്കറേജ് സ്ഥാപനങ്ങൾ ഈ നീക്കത്തോടെ പേടിഎമ്മിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും നിലവിലെ ഉപഭോക്താക്കളെ നിലനിർത്താനുള്ള പേടിഎമ്മിൻ്റെ നീക്കത്തിന് ഇത് തടസ്സമായേക്കുമെന്നും അഭിപ്രായപ്പെട്ടു. പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണ് ആർബിഐയുടെ ലക്ഷ്യമെന്ന് ബെർൺസ്റ്റൈൻ പറഞ്ഞു.
സേവിംഗ്‌സ് അക്കൗണ്ടുകൾ, വാലറ്റുകൾ, ഫാസ്‌ടാഗുകൾ, എൻസിഎംസി അക്കൗണ്ടുകൾ എന്നിവയിലെ നിക്ഷേപങ്ങളെ ആർബിഐ നീക്കം ബാധിക്കില്ലെന്ന് പേടിഎം അറിയിച്ചിട്ടുണ്ട്. നിലവിലുള്ള ബാലൻസുകൾ ഉപയോഗിക്കുന്നത് തുടരാം. പേടിഎം പേയ്‌മെൻ്റ് ബാങ്ക് ലിമിറ്റഡിനൊപ്പം പ്രവർത്തിക്കില്ലെന്നും മറ്റ് ബാങ്കുകളുമായി ചേർന്ന് മാത്രമേ പ്രവർത്തിക്കൂ എന്നും പേടിഎം അറിയിച്ചു. പേടിഎമ്മിൻ്റെ ഓഫ്‌ലൈൻ മർച്ചൻ്റ് പേയ്‌മെൻ്റ് നെറ്റ്‌വർക്ക് ഫീച്ചറുകളായ പേടിഎം ക്യൂ ആർ, പേടിഎം സൗണ്ട് ബോക്സ് , പേടിഎം കാർഡ് മെഷീൻ എന്നിവ പതിവുപോലെ തുടരും. പുതിയ ഓഫ്‌ലൈൻ വ്യാപാരികളെ ഉൾപ്പെടുത്താൻ സാധിക്കുമെന്നും പേടിഎം അറിയിച്ചു.
നിലവിൽ ഓഹരികൾ 19.99 ശതമാനം താഴ്ന്ന് 609 രൂപയിൽ വ്യപാരം തുടരുന്നു.