4 Feb 2024 5:07 AM GMT
ആര്‍ബിഐ നയം, വരുമാന പ്രഖ്യാപനങ്ങള്‍, സേവന പിഎംഐ; ഈ വാരത്തില്‍ ദലാല്‍ തെരുവ് ഉറ്റുനോക്കുന്നത്
MyFin Desk
Summary
- പലിശ നിരക്കില്‍ മാറ്റമുണ്ടാകാന്‍ ഇടയില്ല
- വരുന്ന വാരത്തില്‍ 1,200ഓളം കമ്പനികൾ വരുമാന പ്രഖ്യാപനം നടത്തും
- പോയ വാരത്തില്‍ നിഫ്റ്റി 501 പോയിന്‍റ് ഉയര്‍ന്നു
വലിയ പ്രഖ്യാപനങ്ങളോ സൂചനകളോ ഇല്ലാത്ത ബജറ്റ് ആദ്യം വിപണികളില്‍ വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിലും, ധനക്കമ്മി ലക്ഷ്യം കുറയ്ക്കുന്നതും മൂലധന ചെലവിടലിലെ വര്‍ധനയും അടുത്ത ദിവസം വിപണിയെ മുന്നോട്ടു നയിച്ചു. ആഗോള തലത്തിലെ പോസിറ്റിവ് സൂചനകളും നിക്ഷേപക വികാരം ഉയര്‍ത്തി.
നിഫ്റ്റി പോയ വാരത്തിൽ 501 പോയിൻ്റ് അഥവാ 2.35 ശതമാനം ഉയർന്ന് 21,854ലും ബിഎസ്ഇ സെൻസെക്സ് 1,385 പോയിൻ്റ് അല്ലെങ്കിൽ 1.96 ശതമാനം ഉയർന്ന് 72,086ലും എത്തി, എഫ്എംസിജി ഒഴികെയുള്ള മിക്ക മേഖലകളും മുകളിലേക്ക് കയറി. നിഫ്റ്റി മിഡ്‌ക്യാപ് 100, സ്‌മോൾക്യാപ് 100 സൂചികകൾ യഥാക്രമം 2.7 ശതമാനവും 5.6 ശതമാനവും ബെഞ്ച്മാര്‍ക്ക് സൂചികകളെ മറികടന്നു.
അടുത്ത ആഴ്‌ചയിൽ, സമീപകാല റാലിക്ക് ശേഷം വിപണിയില്‍ ചില കണ്‍സോളിഡേഷനുകള്‍ കണ്ടേക്കാം. ആർബിഐ നയത്തിന് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രതാപൂര്‍ണമായ സമീപനം പുലര്‍ത്താനും സാധ്യതയുണ്ട്. എന്നാൽ മൊത്തത്തിൽ, പോസിറ്റീവ് ആഗോള സൂചനകൾ കണക്കിലെടുക്കുമ്പോള്‍ വികാരം കാളകൾക്ക് അനുകൂലമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. നിലവിലുള്ള കോർപ്പറേറ്റ് വരുമാന പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തില്‍ സ്‍റ്റോക്ക് അധിഷ്ഠിത നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ തുടരും.
ആര്‍ബിഐ നയപ്രഖ്യാപനം
ധനനയ സമിതി റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ നിരക്ക് വെട്ടിക്കുറയ്ക്കൽ എപ്പോള്‍ തുടങ്ങുമെന്ന സൂചനയ്ക്കായും വളർച്ചയെ കുറിച്ചും പണപ്പെരുപ്പത്തെ കുറിച്ചും കേന്ദ്ര ബാങ്കിനുള്ള വീക്ഷണത്തെ കുറിച്ചറിയാനും നിക്ഷേപകര്‍ നയപ്രഖ്യാപനം സൂക്ഷ്മമായി വിലയിരുത്തും.
അടുത്ത സാമ്പത്തിക വര്‍ഷത്തിന്‍റെ ഒന്നാം പാദത്തില്‍ ആര്‍ബിഐ നിരക്കിളവിലേക്ക് നീങ്ങുന്നതിനുള്ള സാധ്യതകളാണ് വിദഗ്ധര്‍ പൊതുവില്‍ വിലയിരുത്തുന്നത്. യുഎസ് ഫെഡ് റിസര്‍വിന്‍റെ നയവും ഇക്കാര്യത്തില്‍ ആര്‍ബിഐ-യെ സ്വാധീനിക്കും.
വരുമാന പ്രഖ്യാപനങ്ങള്‍
ഒക്ടോബർ-ഡിസംബർ പാദത്തിന്‍റെ വരുമാന പ്രഖ്യാപന സീസൺ അതിൻ്റെ അവസാനത്തോട് അടുക്കുകയാണ്. ഇതുവരെ പൊതുവില്‍ സമ്മിശ്രമായ വികാരങ്ങളാണ് റിസള്‍ട്ടുകള്‍ തന്നിട്ടുള്ളത്. വാരാന്ത്യത്തില്‍ എസ്ബിഐ, ടാറ്റാ മോട്ടോര്‍സ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ റിസള്‍ട്ടുകള്‍ വന്നിട്ടുണ്ട്. പുതിയ വാരത്തില്‍ വ്യാപാരം തുടങ്ങുമ്പോള്‍ ഇവയോടുള്ള പ്രതികരണങ്ങള്‍ കാണാനാകും.
ഭാരതി എയർടെൽ, ബ്രിട്ടാനിയ, നെസ്‌ലെ ഇന്ത്യ, പവർ ഗ്രിഡ് കോർപ്പറേഷൻ, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ഗ്രാസിം ഇൻഡസ്‌ട്രീസ്, ഹീറോ മോട്ടോകോർപ്പ്, ദിവിസ് ലബോറട്ടറീസ്, ഒഎൻജിസി തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഉൾപ്പെടെ മൊത്തം 1,200 കമ്പനികൾ അവരുടെ ത്രൈമാസ വരുമാന സ്‌കോർകാർഡ് അടുത്ത ആഴ്‌ച പുറത്തിറക്കാൻ പോകുന്നു.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ, ലുപിൻ, എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് വെഞ്ചേഴ്‌സ് , സൊമാറ്റോ, ഹൊനാസ കൺസ്യൂമർ, ടാറ്റ പവർ, അലംബിക് ഫാർമ, അശോക് ലെയ്‌ലാൻഡ്, വരുൺ ബിവറേജസ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, അപ്പോളോ ടയേഴ്‌സ്, മണപ്പുറം ഫിനാൻസ്, അപ്പോളോ ഹോസ്പിറ്റൽസ് എൻ്റർപ്രൈസ്, ബയോകോൺ, ഇഎസ്, പതഞ്ജലി ഫുഡ്‌സ്, പിഎഫ്‌സി, അൽകെം ലാബ്‌സ്, സൈഡസ് ലൈഫ് സയൻസസ്, അരബിന്ദോ ഫാർമ, എംസിഎക്‌സ് ഇന്ത്യ എന്നിവയും അടുത്ത ആഴ്ച ത്രൈമാസ നമ്പറുകൾ പ്രഖ്യാപിക്കും.
വരാനിരിക്കുന്ന ഡാറ്റകള്‍
ധനനയത്തിലും ത്രൈമാസ വരുമാനത്തിലും പുറമെ, ജനുവരിയിലെ സേവന മേഖലയുടെ പിഎംഐ ഡാറ്റയിലും ദലാല്‍ തെരുവ് നിരീക്ഷണം നടത്തും. ഇന്ത്യയുടെ സേവന പിഎംഐ ഡാറ്റ 2023 ഡിസംബറിൽ 59 ആയി ഉയർന്നു, നവംബറില്‍ 56.9 ആയിരുന്നു. ജനുവരിയിലും മികച്ച വളര്‍ച്ച നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ.
കൂടാതെ, ജനുവരി 26 ന് അവസാനിച്ച രണ്ടാഴ്ച കാലത്തെ ബാങ്ക് വായ്പയുടെയും നിക്ഷേപങ്ങളുടെയും വളർച്ച സംബന്ധിച്ച കണക്ക് ഫെബ്രുവരി 9ന് പുറത്തുവരും. ഫെബ്രുവരി 2ന് അവസാനിച്ച ആഴ്ചയിലെ വിദേശനാണ്യ കരുതൽ ശേഖരത്തിന്‍റെ വിവരവും അന്ന് പുറത്തുവിടും.
ആഗോള തലത്തില്‍ യുഎസ് തൊഴില്‍ ഡാറ്റ, ചൈനയുടെ പണപ്പെരുപ്പ സംഖ്യകള്‍, ഫെഡ് റിസര്‍വ് അംഗങ്ങളുടെ വിവിധ പ്രസംഗങ്ങള്‍ എന്നിവ വിപണികളെ സ്വാധീനിക്കും.