6 May 2024 12:27 PM GMT
ഇൻഫ്രാ പ്രോജക്ട് ഫിനാൻസിംഗിന് കർശനമായ നിർദ്ദേശങ്ങളുമായി ആർബിഐ; പൊതുമേഖലാ ബാങ്ക് ഓഹരികൾ ഇടിവിൽ
MyFin Desk
Summary
- നിലവിൽ, സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഇന്ത്യ കുതിച്ചുയരുകയാണ്
- ആർഇസി, പവർ ഫിനാൻസ്, ഐആർഇഡിഎ തുടങ്ങിയ എൻബിഎഫ്‌സികളും 12 ശതമാനം വരെ ഇടിഞ്ഞു
നിർമ്മാണത്തിലിരിക്കുന്ന ഇൻഫ്രാസ്ട്രക്ചർ പ്രാജക്ടുകള്‍ക്കുള്ള വായ്പ നൽകുന്നത് കർശനമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). വാർത്തകളെ തുടർന്ന് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു.
ഇന്നത്തെ ആദ്യഘട്ട വ്യാപാരത്തിൽ നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക ഏകദേശം 3.2 ശതമാനം ഇടിഞ്ഞു. പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് എന്നിവയാണ് സൂചികയിലെ കൂപ്പുകുത്തിയ ഓഹരികൾ, ഇവ നാല് ശതമാനത്തിലധികം ഇടിഞ്ഞു.
ആർഇസി, പവർ ഫിനാൻസ്, ഐആർഇഡിഎ തുടങ്ങിയ എൻബിഎഫ്‌സികളും 12 ശതമാനം വരെ ഇടിഞ്ഞു. ഇവ ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റുകളുടെ പ്രധാന ഭാഗമായ പവർ പ്രോജക്റ്റുകൾക്ക് ധനസഹായം നൽകുന്ന കമ്പനികളാണ്.
നിർമ്മാണ ഘട്ടത്തിൽ, അതായത് വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് നിലവിലുള്ളതും പുതിയതുമായ എല്ലാ പ്രോജക്ട് വായ്പകൾക്കും അഞ്ചു ശതമാനം പൊതു വ്യവസ്ഥ നീക്കിവെക്കണമെന്ന് ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ നിഷ്കർഷിക്കുന്നു. പ്രോജക്റ്റ് പ്രവർത്തന ഘട്ടത്തിലേക്ക് മാറിയാൽ, ഈ വ്യവസ്ഥകൾ ഫണ്ടിംഗ് കുടിശ്ശികയുടെ 2 ശതമാനമായും ചില വ്യവസ്ഥകളിൽ ഒരു ശതമാനവുമായും കുറയ്ക്കാം.
നിലവിൽ, സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഇന്ത്യ കുതിച്ചുയരുകയാണ്.
മുൻകാലങ്ങളിൽ, ആഭ്യന്തര ബാങ്കിംഗ് മേഖല ഇൻഫ്രാസ്ട്രക്ചർ വായ്പകളിൽ വലിയ വീഴ്ചകൾ നേരിട്ടിട്ടുണ്ട്, ഇത് ബാങ്കിംഗ് സംവിധാനത്തെ സമ്മർദ്ദത്തിലാക്കിയിട്ടുമുണ്ട്. നിലവിലെ ഇൻഫ്രാസ്ട്രക്ചർ വായ്പകളുടെ ഊന്നൽ കണക്കിലെടുത്ത്, അത്തരം കേസുകൾ ആവർത്തിക്കുന്നത് തടയാനുള്ള ശ്രമമാണ് ആർബിഐയുടെ നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ.